
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അബുദാബി: വിവാഹനിയമത്തില്‍ സമഗ്രമായ ചില മാറ്റങ്ങള്‍ വരുത്തി യുഎഇ. വിവാഹസമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടിക്രമങ്ങള്‍ എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് അവരുടെ രക്ഷിതാവ് വിസമ്മതിച്ചാലും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം എന്നതാണ് പ്രധാനമാറ്റം. സ്വന്തം രാജ്യത്തെ നിയമത്തില്‍ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിഷ്കര്ഷിക്കുന്നില്ലെങ്കില് വിദേശികളായ മുസ്ലിം സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാകും. നിയമപരമായ വിവാഹപ്രായം 18 ആണ്. ഇതിനുമുകളില്‍ പ്രായമുള്ള ഒരാളുടെ വിവാഹത്തിന് രക്ഷിതാവില്‍നിന്ന് എതിര്‍പ്പുണ്ടായാല്‍ അവര്‍ക്ക് ഒരു ജഡ്ജിയെ സമീപിക്കാം. പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്ക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ നിയമം അധികാരം നല്‍കുന്നുണ്ട്. വധൂവരന്മാര് തമ്മിലുള്ള പ്രായവ്യത്യാസം 30 വയസ്സ് കവിയുന്നുവെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം നടത്താന്‍ കഴിയൂ. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. അത് വിവാഹ അഭ്യര്‍ഥന മാത്രമായിരിക്കും. വിവാഹം നടന്നില്ലെങ്കില്‍ 25,000 ദിര്‍ഹത്തിനെക്കാള്‍ മൂല്യമുള്ള സമ്മാനങ്ങളാണെങ്കില്‍ തിരികെ നല്‍കണം. വിവാഹക്കരാറില്‍ മറ്റുവ്യവസ്ഥകളില്ലെങ്കില് ഭാര്യ ഭര്‍ത്താവിനൊപ്പം ഒരു വീട്ടില്‍ താമസിക്കണം. കൂടാതെ കുടുംബത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി വിവാഹശേഷം ജോലിക്ക് പോകുന്നത് നിയമലംഘനമല്ല. മറ്റ് നിയമതടസ്സങ്ങളില്ലെങ്കില്‍ 18 വയസ്സ് തികഞ്ഞവര്‍ക്ക് അവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍രേഖകള്‍ സ്വന്തമായി സൂക്ഷിക്കാന്‍ അവകാശമുണ്ട്. അതേസമയം പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം ചെയ്യുക, രക്ഷിതാക്കളെ സംരക്ഷിക്കാതിരിക്കുക എന്നിവയെല്ലാം കുറ്റകൃത്യമാണ്. മാതാപിതാക്കള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 5000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷയെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുഎഇ ഫെഡറല്‍ പേഴ്സണല്‍ സ്റ്റാറ്റസ് നിയമത്തില്‍ ഏപ്രില്‍ 15ന് ഈ മാറ്റങ്ങള്‍ നിലവില്‍ വരും.