
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പൊളിയുന്നു. മെസി വരാന്‍ സാധ്യതയില്ലെന്ന വന്നതോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചില്ലി കാശ് ചെലവായില്ലെന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ വാദങ്ങളും കള്ളമാണെന്ന് വ്യക്തമായി. മെസിയുടെ പേരില്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ കബളിപ്പിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു. അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്ന ദൗത്യവുമായി മന്ത്രിയുടെ സ്പെയിന് സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്. മിഷന് മെസിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. ഈ വിഷയത്തില്‍ സ്പോണ്‍സറും പണം കെട്ടിവെച്ചിരുന്നു. എന്നാല്‍ മെസി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങള്‍ നല്കാന് സര്‍ക്കാരിനോ കായിക മന്ത്രിക്കോ കഴിയുന്നില്ല. സ്പോണ്സര് പറയുന്ന വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. മെസിയെ കേരളത്തിലെത്തിക്കുമെന്ന് സ്പോണ്സര് പറയുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിലാണ്. അതിനിടയിലാണ് മന്ത്രിയുടെയും സംഘത്തിന്റെയും സ്പെയിന് യാത്രാ ചെലവുകള്‍ പുറത്തായത്. മന്ത്രിയുടെയും കായിക വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്പെയിന് യാത്ര എന്തിനാണെന്ന ചോദ്യവുമുണ്ട്. അര്‍ജന്റീന ആസ്ഥാനമായുള്ള ബ്യൂണസ് അയേഴ്സില്‍ പോകുന്നതിന് പകരം മന്ത്രി എന്തിനാണ് സ്പെയിനില്‍ പോയെന്ന് വ്യക്തമല്ല. മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരുമായാണ് ചര്‍ച്ച നടത്തിയതെന്നും അറിവില്ല. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായും എഎഫ്എ പ്രതിനിധികള്‍ ഉടന്‍ തന്നെ കേരളത്തിലെത്തുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്പെയിന് സന്ദര്‍ശനത്തിന് കായിക വികസന നിധിയില്‍ നിന്നാണ് പണം അനുവദിച്ചതെന്നും വിവരാവകാശ രേഖയിലുണ്ട്.