
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: ഇമാറാത്തിലെ മനുഷ്യ കുടിയേറ്റത്തിന്റെയും സഞ്ചാര പാതകളുടെയും കഥകള്‍ അനുഭവിച്ചറിയാനും തൊട്ടറിയാനും ഷാര്‍ജയില്‍ മെലീഹ നാഷണല്‍ പാര്‍ക്ക് ഒരുങ്ങി. പ്രകൃതി സമ്പത്തും മേഖലയുടെ ചരിത്രപൈതൃകവും സംസ്കാരവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലധിഷ്ഠിതമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി ‘മെലീഹ നാഷനല്‍ പാര്‍ക്ക്’ സഞ്ചാരികള്‍ക്കായി തുറക്കുന്നു.
ദേശീയോദ്യാനത്തിന്റെ 34.2 ചതുരശ്ര കിലോമീറ്റര്‍ നീളുന്ന സംരക്ഷണവേലിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യാനായി കം ക്ലോസര്‍ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം. 2 ലക്ഷം വര്‍ഷങ്ങള്‍ നീളുന്ന പ്രദേശത്തെ മനുഷ്യ കുടിയേറ്റത്തിന്റ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് മെലീഹ. ഈ ദേശത്തിന്റെ വിശേഷങ്ങള്‍ രാജ്യത്തിനകത്തെന്നപോലെ രാജ്യാന്തര തലത്തില്‍കൂടി പ്രചരിപ്പിക്കുന്നതിനായാണ് പുതിയ കാമ്പയിന്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരിക വിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മെലീഹ, അപൂര്‍വയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടംകൂടിയാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞവര്‍ഷം മെയ് മാസമാണ് ഷാര്‍ജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷനല്‍ പാര്‍ക്ക് പ്രഖ്യാപിച്ചത്. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയായ ഷുറൂഖിന്റെ മേല്‍നോട്ടത്തിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. ദേശീയോദ്യാനത്തിന്റെ സംരക്ഷണവേലി ഷാര്‍ജ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ പങ്കാളിത്തത്തില്‍ പൂര്‍ത്തീകരിച്ചു. പൈതൃകങ്ങള്‍ ഉറങ്ങിക്കിടക്കുന്ന പ്രദേശത്തെ സംരക്ഷിക്കുന്നതോടൊപ്പം പാരിസ്ഥിതിക വൈവിധ്യങ്ങളും വിനോദസഞ്ചാര സാധ്യതകളും കൂടുതല്‍ അടുത്തറിയനുള്ള ക്ഷണമാണ് ‘കം ക്ലോസര്‍’ പ്രചാരണമെന്ന് ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അല്‍ഖസീര്‍ പറഞ്ഞു.
ദേശീയപ്രാധാന്യമുള്ള ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിലും പ്രകൃതിവിഭവങ്ങള്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി സൂക്ഷിക്കുന്നതിലും ഷാര്‍ജ ഭരണസംവിധാനം പുലര്‍ത്തുന്ന സൂക്ഷ്മതയുടെ തുടര്‍ച്ചയാണ് മെലീഹ ദേശീയോദ്യാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘവീക്ഷണവും ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂറിന്റെ മാര്‍ഗനിര്‍ദേശങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.