
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
മന്ത്രാലയം പ്രതിനിധികള്‍ പരിശോധന തുടങ്ങി
അബുദാബി: യുഎഇലെ പുറം തൊഴിലാളികള്‍ക്ക് നാളെ മുതല്‍ മൂന്നു മാസക്കാലം ഉച്ചവിശ്രമം നിര്‍ബന്ധം. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി യുഎഇ മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്രെ) പ്രതിനിധികള്‍ നിര്‍മാണ സ്ഥലങ്ങളില്‍ പരിശോധന ആരംഭിച്ചു. സെപ്തംബര്‍ 15 വരെയാണ് നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ഇനിയുള്ള മൂന്നു മാസക്കാലം യുഎഇയിലുടനീളമുള്ള തൊഴിലാളികള്‍ ഉച്ചയ്ക്ക് 12.30നും മൂന്നു മണിക്കും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. 21 വര്‍ഷമായി യുഎഇയില്‍ ഏറ്റവും ഉയര്‍ന്ന വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സമയത്ത് പുറംതൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചു തുടങ്ങിയിട്ട്. ദുബൈയിലെ ഒരു നിര്‍മാണ സ്ഥലത്ത് മൊഹ്റെ മന്ത്രി ഡോ. അബ്ദുറഹ്മാന് അല്‍ അവാര് ഈയിടെ പരിശോധന നടത്തിയിരുന്നു.
സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും മികച്ച രീതികളും തൊഴില്‍ ആരോഗ്യ,സുരക്ഷാ ആവശ്യകതകളും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമം നടപ്പിലാക്കുന്നതത് സംബന്ധിച്ചുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്യാനായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കമ്പനികള്‍ ജോലിസ്ഥലങ്ങളില്‍ തണലുള്ള സ്ഥലങ്ങള്‍,മതിയായ തണുപ്പിക്കല്‍ ഉപകരണങ്ങള്‍, നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളം,പ്രഥമ ശുശ്രൂഷ ഉപകരണങ്ങള്‍,മറ്റു സുഖസൗകര്യങ്ങള്‍ എന്നിവ നല്‍കണമെന്നും മന്ത്രി അല്‍ അവാര് ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതിക കാരണങ്ങളാല്‍ തടസമില്ലാതെ തുടരേണ്ട ജോലികളായ അസ്ഫാല്റ്റ് ഇടുക,കോണ്‍ക്രീറ്റ് ഒഴിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അവ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി ഉച്ചവിശ്രമത്തില് നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്. ജലവിതരണത്തിലോ വൈദ്യുതി വിതരണത്തിലോ ഉണ്ടാകുന്ന തടസങ്ങള്‍, ഗതാഗതക്കുരുക്ക്,അടിസ്ഥാന സേവനങ്ങളിലെ തകരാറുകള്‍ എന്നിവ പോലുള്ള അപകടങ്ങള്‍ പരിഹരിക്കുകയോ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയോ ചെയ്യേണ്ട ജോലികളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം എന്നി നിലയില്‍ പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തും. നിരോധിത സമയങ്ങളില്‍ ഒരു തൊഴിലാളികളെയും ജോലിക്ക് കയറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ അതിന്റെ പരിശോധനാ സംവിധാനങ്ങള്‍ വഴി അനുസരണം നിരീക്ഷിക്കുമെന്ന് മൊഹ്രെ ആവര്‍ത്തിച്ചു. ഉച്ചഭക്ഷണ ഇടവേളയിലെ ഏതെങ്കിലും ലംഘനങ്ങള്‍ 60059 0000 എന്ന നമ്പറില്‍ മൊഹ്രെ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്,സ്മാര്‍ട്ട് ആപ്പ് എന്നിവ വഴി റിപ്പോര്‍ട്ട് ചെയ്യുകയോ വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.