
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: കൊടുംചൂടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ യുഎഇയില്‍ ഈ മാസം 15 മുതല്‍ മൂന്ന് മാസത്തേക്ക് പുറം തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കി. തൊഴിലാളികള്‍ക്ക് നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള പുറത്തെ എല്ലാ ജോലികള്‍ക്കും ഇത് ബാധകമാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് നിര്‍ബന്ധിത വിശ്രമം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പിഴയും ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴയും ഈടാക്കും. വേനല്‍ക്കാലത്തെ കൊടും ചൂടില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച ഉച്ചവിശ്രമ പദ്ധതി 21ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഉത്തരവു പ്രകാരം സെപ്തംബര്‍ 15 വരെ ഏറ്റവും ചൂടേറിയ സമയത്ത് തൊഴിലാളികള്‍ക്ക് പുറത്തെ ജോലികളില്‍ നിന്ന് തൊഴിലുടമകള്‍ ഇടവേള നല്‍കണം.
നിരോധിത സമയങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് കയറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്്റെ) ശക്തമായ നിരീക്ഷണം നടത്തും. ഉച്ചവിശ്രമ സമയത്ത് സ്വകാര്യ,പൊതു മേഖലകളിലെ കമ്പനികള്‍ വേനല്‍ക്കാലത്തെ അവശ്യ സാധനങ്ങളും ക്രമീകരണങ്ങളും ഏര്‍പെടുത്തണം. തൊഴിലാളികളെ ഇടവേളകളിലോ അനുവദനീയമായ ജോലികള്‍ ചെയ്യുമ്പോഴോ വെയിലില്‍ നിന്ന് സംരക്ഷിക്കുന്നതിന് തണലുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കരുതണം. തൊഴിലാളികള്‍ക്ക് ഫാനുകള്‍ പോലുള്ള ഉചിതമായ കൂളിങ് ഉപകരണങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കാനും തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. കൂടാതെ,മതിയായ അളവില്‍ കുടിവെള്ളം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഹൈഡ്രേഷന് സപ്ലിമെന്റുകള്‍, ഇലക്ട്രോലൈറ്റുകള്‍, ജോലിസ്ഥലത്ത് മറ്റ് സൗകര്യങ്ങളും പ്രഥമശുശ്രൂഷാ സാമഗ്രികളും ഉറപ്പുവരുത്തണം. ചില മേഖലയിലെ തൊഴിലാളികളെ ഉച്ചവിശ്രമ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയേക്കാം.
ഇടവേളയ്ക്ക് ശേഷം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തപ്പോള്‍ അസ്ഫാല്റ്റ് ഇടുകയോ കോ ണ്ക്രീറ്റ് ഒഴിക്കുകയോ പോലുള്ള സാങ്കേതിക കാരണങ്ങളാല്‍ തടസമില്ലാതെ തുടരേണ്ട ജോലികള്‍ ചെയ്യേണ്ടി വരുന്നവര്‍,വെള്ളം അല്ലെങ്കില്‍ വൈദ്യുതി വിതരണം തടസപ്പെടല്‍,ഗതാഗതക്കുരുക്ക്,അടിസ്ഥാന സേവനങ്ങളിലെ തകരാറുകള്‍ എന്നിവ പോലുള്ള സമൂഹത്തെ ബാധിക്കുന്ന അപകടങ്ങള്‍ അല്ലെങ്കില്‍ കേടുപാടുകള്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
പൊതുജീവിതത്തെയും ചലനത്തെയും ബാധിക്കുന്നതിനാല്‍ യോഗ്യതയുള്ള സര്‍ക്കാര്‍ അതോറിറ്റിയുടെ അനുമതി ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് ബാധകമാണ്. ദോഷകരമായ പ്രവര്‍ത്തനങ്ങളോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ 600590000 എന്ന നമ്പറിലുള്ള കോള്‍ സെന്റര്‍,വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. പൊതു,സ്വകാര്യ മേഖലകളിലുടനീളമുള്ള ബോധവത്കരണ കാമ്പയിനുകളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും അതോറിറ്റി വര്‍ധിപ്പിക്കും. ഇതിലൂടെ തൊഴിലാളികളെയും തൊഴിലുടമകളെയും ഇടവേളയുടെ വ്യവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉച്ചവിശ്രമ പദ്ധതി വലിയ വിജയം നേടിയിട്ടുണ്ട്. മൊഹ്്റെ പ്രകാരം 99%ത്തിലധികം തൊഴിലാളികളുടെ അനുസരണ നിരക്കാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.