
‘ഗള്‍ഫ് ചന്ദ്രിക’ നവനൂറ്റാണ്ടിലെ നവോത്ഥാനം: ബഷീറലി തങ്ങള്‍
ദുബൈ : നാടിനെ കണ്ണീരിലാഴ്ത്തിയ മുഹമ്മദ് സാബിത്തിന്റെ (21) വിയോഗവാര്‍ത്തയില്‍ പ്രവാസ ലോകവും തേങ്ങുന്നു. തന്റെ അവസാന മണിക്കൂര്‍ സമയംവരെ പ്രസ്ഥാനത്തിനും സമൂഹ നന്മക്കും വേണ്ടി കര്‍മനിരതനായ വിലാതപുരം ശാഖാ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സാബിത്ത് കഴിഞ്ഞ ദിവസമാണ് മരണപ്പെടത്. എംഎസ്എഫ്,യൂത്ത്ലീഗ് മുന്‍ ജില്ലാ നേതാവും പുറമേരി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റുമായ കെ.മുഹമ്മദ് സാലിയുടെ മകനാണ്.
മരണത്തിന്റെ പിറ്റേ ദിവസം ലഹരിക്കെതിരെ നടക്കേണ്ട ബോധവത്കരണ ക്ലാസിന്റെ മുന്നൊരുക്കങ്ങളെല്ലാം നടത്തി രാത്രി 10 മണിയോടെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന സാബിത്തിന് ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യെ മരണപ്പെടുകയുമായിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കടമേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. എല്ലാവര്ക്കും നല്ലതു മാത്രം പറയാനുള്ള സാബിത്തിന്റെ വിയോഗം നാട്ടിലും മറുനാട്ടിലുമെല്ലാം ദുഃഖം പടര്‍ത്തി. ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ മയ്യിത്ത് നിസ്കാരത്തിനും അനുശോചന യോഗത്തിനുമായി എത്തിച്ചേര്‍ന്നത് നിരവധി പേരാണ്. കുറ്റിയാടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസിലും അനുശോചന യോഗത്തിലും നിറകണ്ണുകളോടെയാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്.
അനുശോചന യോഗത്തില്‍ സമദ് കാരാളത്ത് അധ്യക്ഷനായി. ദുബൈ കെഎംസിസി നേതാവ് ഒകെ ഇബ്രാഹിം,ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ്,അഡ്വ.സാജിദ് അബൂബക്കര്‍,ബദറുദ്ദീന്‍ മണിയൂര്‍,നസീര്‍ ഏക്കോത്ത്,അബ്ദുറഹ്മാന് വിലാതപുരം,ഇകെ സിറാജ്,ഇഎം സമീര്‍,ടിഎന്‍ആര്‍ റഫീഖ്,ബഷീര്‍ ജീലാനി,ഹക്കീം കോട്ടപ്പള്ളി പ്രസംഗിച്ചു. ഹാദി ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മയില്‍ ഏറാമല,ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍,കുറ്റിയാടി മണ്ഡലം പ്രസിഡന്റ് കരീം വേളം,ജനറല്‍ സെക്രട്ടറി അസീസ് കുന്നത്ത്,ട്രഷറര്‍ എപി റാഫി എന്നിവര്‍ അനുശോചിച്ചു.