
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
വിളിപ്പുറത്തുണ്ട് കര്‍മസജ്ജരായി...ആവശ്യക്കാര്‍ക്ക് 998 നമ്പറില്‍ വിളിക്കാം
അബുദാബി: ബലിപെരുന്നാള്‍ അവധി ആഘോഷങ്ങളുടെ മുന്‍കരുതലായി യുഎഇ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡിന് കീഴിലുള്ള നാഷണല്‍ ആംബുലന്‍സ് കൂടുതല്‍ സേവന സജ്ജമായി. അടിയന്തര ആവശ്യങ്ങളില്‍ സഹായംതേടിയുള്ള ഫോണ്‍ വിളികള്‍ക്ക് വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുകയും ഉയര്‍ന്ന നിലവാരത്തിനും പ്രവര്‍ത്തന കാര്യക്ഷമതയ്ക്കും അനുസൃതമായി ആംബുലന്‍സ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് ലക്ഷ്യം.ആംബുലന്‍സ് ജീവനക്കാര്‍,വാഹനങ്ങള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിന്യാസം വര്‍ധിപ്പിക്കുകയും ഫീല്‍ഡ് കവറേജ് ശക്തിപ്പെടുത്തുകയും തയാറെടുപ്പ് കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ആംബുലന്‍സ് കമ്മ്യൂണിക്കേഷന്‍ സെന്ററുകളിലെ ജീവനക്കാരുടെ എണ്ണം കൂട്ടുകയും ഇതിലൂടെ ഏത് ആവശ്യങ്ങളോടും ഉടനടി പ്രതികരണം അറിയിക്കുന്ന കര്‍മസേനയായി ആംബുലന്‍സ് സൗകര്യങ്ങളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
പെരുന്നാള്‍ നമസ്കാരം നടക്കുന്ന പള്ളികള്‍,അറവുശാലകള്‍,ബീച്ചുകള്‍,പൊതു പാര്‍ക്കുകള്‍,ഷോപ്പിങ് മാളുകള്‍,ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകള്‍ എന്നീ അവധിക്കാലത്ത് സാധാരണയായി വലിയ ജനക്കൂട്ടം അനുഭവപ്പെടുന്ന പ്രധാന ശ്രദ്ധാകേന്ദ്രങ്ങളില്‍ സദാ ജാഗരൂകരായി ആംബുലന്‍സ് സേന നിലയുറപ്പിച്ചിട്ടുണ്ട്.
അടിയന്തര ആവശ്യങ്ങള്‍,വാഹനാപകടങ്ങള്‍,പൊതുഅവധി ദിവസങ്ങളില്‍ ഉണ്ടാകാവുന്ന മറ്റു തരത്തിലെ പരിക്കുകള്‍ എന്നിവയ്ക്കുള്ള ദ്രുത പ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള നാഷണല്‍ ആംബുലന്‍സിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ഒരുക്കങ്ങളെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര,പൊതു സുരക്ഷാ മേഖലകളിലുടനീളമുള്ള തന്ത്രപരമായ പങ്കാളികളുമായി അടുത്ത ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൊതുജനങ്ങള്‍ ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പ്രത്യേകിച്ച് തിരക്കേറിയ അവധിക്കാല സമയങ്ങളില്‍.മുങ്ങിമരണം,വീഴ്ച,പൊള്ളല്‍,വെടിക്കെട്ട് മൂലമുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയ അപകടങ്ങള്‍ തടയുന്നതിന് ആഘോഷവേളകളില്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എപ്പോഴും അവരെ നിരീക്ഷിക്കണമെന്നും നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ മാതാപിതാക്കളെ ഓര്‍മിപ്പിച്ചു.
ആംബുലന്‍സ് സഹായം ആവശ്യമുള്ള മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങളില്‍ 998 എന്ന എമര്‍ജന്‍സി ആംബുലന്‍സ് ഹോട്ട്ലൈനില്‍ വിളിക്കാന്‍ മടിക്കരുതെന്നും പൊതുജനങ്ങളെ അറിയിച്ചു. ഷാര്‍ജ,അജ്മാന്, റാസല്‍ ഖൈമ,ഉമ്മുല്‍ ഖൈവൈന്‍,ഫുജൈറ എന്നീ എമിറേറ്റുകളില്‍ 24 മണിക്കൂറും അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് നാഷണല്‍ ആംബുലന്‍സാണ്. ഈ സേവനങ്ങളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന പരിശീലനം ലഭിച്ച ടീമുകളുടെയും നൂതന ജീവന് രക്ഷാ സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്ന ആധുനിക ഫഌറ്റിന്റെയും പിന്തുണയോടെ പ്രീഹോസ്പിറ്റല്‍ എമര്‍ജന്‍സി കെയറിലെ ലോകത്തു തന്നെ മികച്ച രീതികള്‍ക്ക് അനുസൃതമായി ഗുണനിലവാരമുള്ള പരിചരണമാണ് നാഷണല്‍ ആംബുലന്‍സ് നല്കിക്കൊണ്ടിരിക്കുന്നു.