
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
ഗസ്സ: സൈനിക നടപടിയിലൂടെ ഗസ്സ മുനമ്പിനെ പൂര്‍ണമായും പിടിച്ചടക്കാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതികളെ ഇസ്രാഈല്‍ സൈനിക മേധാവി എതിര്‍ത്തതായി റിപ്പോര്‍ട്ട്. ലോകമാകെയുള്ള എതിര്‍പ്പിനെ കൂടാതെ രാജ്യത്തിനകത്തും ജനങ്ങള്‍ പൊതുവെ യുദ്ധത്തിനെതിരാണ്. ഗസ്സയിലെ ജനസംഖ്യയിലെ പകുതിയോളം ആളുകളെ തെക്ക് ഭാഗത്തേക്ക് തള്ളിവിട്ട് മേഖലയെ തങ്ങളുടെ വറുതിയിലാക്കാനാണ് നെതന്യാഹുവിന്റെ പദ്ധതി. ഗസ്സയിലെ തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങള്‍ കൂടി പിടിച്ചെടുക്കാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതികളെയാണ് ഇസ്രായേല്‍ സൈനിക മേധാവി എതിര്‍ത്തതായി മൂന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വിവരങ്ങള്‍. ചൊവ്വാഴ്ച നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍, സൈനിക മേധാവി ഇയാല്‍ സമീര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്കി. ഗസ്സയുടെ ബാക്കി ഭാഗം ഏറ്റെടുക്കുന്നത് പ്രദേശത്ത് സൈന്യത്തെ കുടുക്കാന്‍ ഇടയാക്കുമെന്നും അവിടെ തടവിലാക്കപ്പെട്ട ഇസ്രാഈലി പൗരന്മാര്ക്ക് ദോഷം വരുത്തുമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയുടെ 75% ഇതിനകം തന്നെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. സൈനിക ഭരണം ഏര്‍പ്പെടുത്തുന്നതിനെയും പ്രദേശം പിടിച്ചെടുക്കുന്നതിനെയും അവിടെ ജൂത വാസസ്ഥലങ്ങള്‍ പുനര്നിര്മ്മിക്കുന്നതിനെയും സൈനികരില്‍ വലിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്.
തീരദേശ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നെതന്യാഹു കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലാണ്. കൂട്ടക്കുരുതിക്ക് പിന്നാലെയാണ് നെതന്യാഹു ഗസ്സയിലെ ജനതയെ പൂര്‍ണമായും കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഏകദേശം 2 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും പലതവണയായി കുടിയിറക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ പ്രദേശത്തുള്ളവര്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലുമാണ്. ഈ സാഹചര്യത്തില്‍ ഗസ്സയില്‍ ഇസ്രാഈലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ് എന്ന് യുഎന്‍ വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഇതുവരെ സൈന്യം പരാജയപ്പെട്ടുവെന്ന് നെതന്യാഹു സൈനിക മേധാവി സമീറിനോട് പറഞ്ഞു. ഇതുവരെ മോചിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും നയതന്ത്ര ചര്‍ച്ചകളുടെ ഫലമായാണ് ഉണ്ടായത്. അതേസമയം സൈനിക മേധാവിയുടെ നയത്തോട് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വിയോജിച്ചു. സൈനിക മേധാവിക്ക് തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവും കടമയും ഉണ്ടെന്നും, എന്നാല്‍ എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ സൈന്യം നടപ്പിലാക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. പലയിടങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായ പശ്ചാത്തലത്തില്‍ ഇന്ന് നെതന്യാഹു മറ്റ് മന്ത്രിമാരുമായി സൈനിക പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹമാസിനെ സമര്‍ദ്ദത്തിലാക്കാനാണ് പുതിയ നീക്കമെന്നും പറയുന്നു. ബുധനാഴ്ച നെതന്യാഹുവുമായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തി. യുദ്ധം തുടരുന്നതില്‍ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പൂര്‍ണ്ണമായ സൈനിക ഏറ്റെടുക്കല്‍ വളരെ മോശമായ ആശയമാണെന്നും നെതന്യാഹുവിനെ ഉപദേശിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം ഇസ്രായേലിന്റെ ചാനല്‍ 12 നടത്തിയ ഒരു പൊതു വോട്ടെടുപ്പില്‍ യുദ്ധം അവസാനിപ്പിക്കുകയും ബന്ദികളുടെ മോചനം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു നയതന്ത്ര നീക്കത്തിന് പിന്തുണ ലഭിച്ചു.
ഗസ്സയില്‍ ഇപ്പോഴും 50 ബന്ദികള്‍ തടവിലുണ്ടെന്നാണ് പറയുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയില്‍ 200 ലധികം ഫലസ്തീനികള്‍ പട്ടിണി കിടന്ന് മരിച്ചു. അവരില്‍ പകുതിയോളം കുട്ടികളാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.