
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
നടത്തിപ്പ് ചുമതല ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്
അബുദാബി: അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) അല്‍ ദഫ്റയിലെ ദാസ് ദ്വീപില്‍ പുതുതായി ആശുപത്രി തുറക്കുന്നു. ഇതിന്റെ നടത്തിപ്പ് ഡോ.ഷംഷീര്‍ വയലില്‍ ചെയര്‍മാനായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിനാണ്. ക്ലിനിക്കല്‍,അഡ്മിനിസ്ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായുള്ള കരാറില്‍ അഡ്നോകും ബുര്‍ജീല്‍ ഹോള്‍ഡിങ്സും ഒപ്പുവച്ചു. ദ്വീപ് നിവാസികള്‍,അഡ്നോക് തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രാഥമികാരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നല്‍കുന്നതിനുള്ള കേന്ദ്രമായി രൂപകല്പന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങള്‍ നല്‍കും. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള അടിയന്തര കേസുകള്‍ക്കും ചികിത്സ നല്‍കും.
നൂതന രോഗനിര്‍ണയ രീതികള്‍,കിടത്തി ചികിത്സാ സൗകര്യം,ശസ്ത്രക്രിയ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലൂടെ ദ്വീപിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സമഗ്രമായ ഔട്ട്പേഷ്യന്റ് സേവനങ്ങള്‍,സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ക്വാറന്റൈന്,ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തരവും ദീര്‍ഘകാല പരിചരണങ്ങള്‍ക്കും ഇത് അനുയോജ്യമാണ്. ഓപ്പറേഷന് റൂം,ഫാര്‍മസികള്‍,രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഒരുക്കുന്നുണ്ട്. ഇതോടൊപ്പം എക്സ്റേ,സിടി സ്കാന്‍,അള്‍ട്രാസൗണ്ട് ഇമേജിങ്,ഫിസിയോതെറാപ്പി, പുനരധിവാസം,ടെലികണ്‍സള്‍ട്ടേഷന്‍,ടെലികൗണ്‍സിലിങ്,വാക്സിനേഷന് എന്നിവയും ലഭ്യമായിരിക്കും. ദാസ് ദ്വീപില്‍ നിന്നും മികച്ച ചികിത്സയ്ക്കായി രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളില്‍ പ്രാപ്യമാക്കുന്നതിനുള്ള ബുര്‍ജീലിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ് ഈ പങ്കാളിത്തമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു.
നിലവില്‍ അഡ്നോകിന്റെ അല്‍ ദഫ്റയിലുള്ള അല്‍ ദന ഹോസ്പിറ്റല്‍ ബുര്ജീലിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലാണ് ദാസ് ആശുപത്രിയുടെ നടത്തിപ്പ് കരാര്‍.