
പ്രതിരോധ മന്ത്രാലയ മേളയ്ക്ക് ദുബൈയില്‍ തുടക്കം
ലാബ് കണ്ടെത്തിയ മയക്കുമരുന്ന് പദാര്‍ത്ഥം അന്താരാഷ്ട്ര ഡാറ്റാബേസില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു
അബുദാബി: സെന്റര്‍ ഫോര്‍ ഫോറന്‍സിക് ആ ന്റ് ഇലക്ട്രോണിക് സയന്‍സസിലെ കെമിസ്ട്രി ലബോറട്ടറി കണ്ടെത്തിയ പുതിയ മയക്കുമരുന്ന് പദാര്‍ത്ഥം ആഗോള ഡാറ്റാബേസില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതോടെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് (എഡിജെഡി) സുപ്രധാന ശാസ്ത്രീയ നാഴികക്കല്ല് സ്ഥാപിച്ചിരിക്കുകയാണ്. ഫോറന്‍സിക് സയന്‍സില്‍ യുഎഇയുടെ മുന്നേറ്റത്തെയും സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തുന്നതില്‍ മുന്കയ്യെടുക്കുന്ന പങ്കിനെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. ഏറ്റവും പുതിയ ശാസ്ത്രീയ ലബോറട്ടറി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് യുഎഇ കെമിക്കല്‍ ലബോറട്ടറി ‘സിന്തറ്റിക് കന്നാബിനോയിഡ്’ വിഭാഗത്തില്‍പെട്ട മയക്കുമരുന്ന് പദാര്‍ത്ഥത്തെ വിജയകരമായി തിരിച്ചറിഞ്ഞത്. ഇതിന് (എഡിബി-4സി എംഡിഎംബി-ബിനാക) എന്ന് നാമകരം ചെയ്തിട്ടുണ്ട്.
അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ലബോറട്ടറി എന്ന പേരിലാണ് നെതര്‍ലന്റിലെ അന്താരാഷ്ട്ര ഡാറ്റാബേസി ല്‍ ഈ പദാര്‍ത്ഥം രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈ പദാര്‍ത്ഥം രേഖപ്പെടുത്തുന്ന ലോകത്തെ ആദ്യ സ്ഥാപനമായി അബുദാബി കെമിക്കല്‍ ലബോറട്ടറി മാറി. സിന്തറ്റിക് കഞ്ചാവിന്റെ അതേ വിഭാഗത്തില്‍ പെടുന്ന മറ്റൊരു മയക്കുമരുന്ന് പദാര്‍ത്ഥത്തെ മുമ്പ് തിരിച്ചറിഞ്ഞിരുന്ന അബുദാബി കെമിസ്ട്രി ലബോറട്ടറിയുടെ മുന്‍കാല നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലിലേക്ക് എത്തിയതെന്ന് എഡിജെഡി അണ്ടര്‍ സെക്രട്ടറി കൗണ്‍സിലര്‍ യൂസുഫ് സഈദ് അല്‍ അബ്രി
പറഞ്ഞു. ലബോറട്ടറി സംഘത്തിന്റെ വിപുലമായ തയാറെടുപ്പ്,ഉയര്‍ന്ന കാര്യക്ഷമത,സാങ്കേതിക വൈദഗ്ധ്യം എന്നിവയെയും പൊതുസുരക്ഷയ്ക്കും ശാസ്ത്രീയ പുരോഗതിക്കും അവര്‍ നല്കിയ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.
മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ പോരാടുന്നതിനും സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ സഹായകമാകുമെന്ന് യൂസുഫ് സഈദ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ശാസ്ത്രീയ പ്രബന്ധം പുറത്തിറക്കുന്നതിനും കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനും മുമ്പ് സിന്തറ്റിക് മരുന്നുകള്‍ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള ലോകത്തിലെ കേന്ദ്രങ്ങളിലൊന്നായ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫോറന്‍സിക് സയന്‍സ് റിസര്‍ച്ച് ആന്റ് എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി (സിഎഫ്എസ്ആര്ഇ) സഹകരിച്ച് ലഹരി വസ്തുവിന്റെ ഗുണവിശേഷങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെമിസ്ട്രി ലാബിലെ വിശകലനങ്ങളുടെയും ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും കൃത്യതയ്ക്കും ഗുണനിലവാരത്തിനും ഈ ശാസ്ത്രീയ ഡോക്യുമെന്റേഷന് തെളിവാണെന്നും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മാത്രമല്ല, മയക്കുമരുന്നുകളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ സംഭാവന നല്കുന്ന കേന്ദ്രമായും ലബോറട്ടറി മാറിയതായും അദ്ദേഹം പറഞ്ഞു. ലബോറട്ടറി പരിശോധന,ഫോറന്‍സിക് വിശകലനം എന്നീ മേഖലകളില്‍ പ്രാദേശിക,ആഗോള തലങ്ങളില്‍ റഫറന്‍സ് ശാസ്ത്ര കേന്ദ്രമെന്ന നിലയില്‍ അബുദാബി കെമിക്കല്‍ ലബോറട്ടറി അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നും യൂസുഫ് സഈദ് അല്‍ അബ്രി കൂട്ടിച്ചേര്‍ത്തു.