
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: യുദ്ധക്കെടുതി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാനായി 2,100 ടണ്‍ അവശ്യ സാധനങ്ങളുമായുള്ള യുഎഇയുടെ മറ്റൊരു സഹായ കപ്പല്‍ കൂടി ഗസ്സയിലെത്തി. കടുത്ത മാനുഷിക പ്രയാസം നേരിട്ടുകൊണ്ടിരിക്കുന്ന ഗസ്സയിലെ ജനങ്ങളുടെ പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിനുള്ള യുഎഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹായ പ്രവാഹം. വലിയ അളവില്‍ ഭക്ഷ്യവസ്തുക്കള്‍,പ്രത്യേകിച്ച് മാവ്,അവശ്യ ദുരിതാശ്വാസ പാക്കറ്റുകള്‍,കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രത്യേക വസ്തുക്കള്‍ എന്നിവ കപ്പലിലുണ്ട്. ഗസ്സയിലെ ജനങ്ങളുടെ ജീവിത സാഹചര്യം ഓരോ ദിവസം പിന്നിടുംതോറും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ കഷ്ടതകള്‍ ലഘൂകരിക്കുന്നതിനായി അടിയന്തര മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഗസ്സയിലേക്ക് അധിക സഹായം എത്തിച്ചത്.
‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ന് കീഴിലുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹായവും. യുഎഇയില്‍ നിന്ന് സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഇസ്രാഈലിലെ അഷ്ദോഡ് തുറമുഖത്ത് നങ്കൂരമിട്ടത്. ഇവിടെ നി്നന് 123 ട്രക്കുകള്‍ വഴി ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ മാറ്റുകയും ദുരിതാശ്വാസ സാമഗ്രികള്‍ ജനങ്ങള്‍ക്കായി വിതരണം ചെയ്യുകയും ചെയ്യും.
ഗസ്സയിലെ രൂക്ഷമായ ഭക്ഷ്യക്ഷാമ ഭീഷണിയെ നേരിടാനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹായക്കപ്പല്‍ എത്തിച്ചത്. ഗസ്സ മുനമ്പിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലൂടെയും സജീവമായ മാനുഷിക പ്രതികരണത്തിലൂടെയും യുഎഇ അവിടത്തെ ജനങ്ങളോടുള്ള പ്രതിബദ്ധത തുടരുകയാണ്.
ഈ മാസം ആദ്യത്തില്‍ ഏകദേശം 1,039 ടണ്‍ ഭക്ഷ്യവസ്തുക്കളും മാവും വഹിച്ചുള്ള മാനുഷിക സഹായ വാഹനവ്യൂഹം യുഎഇ ഗസ്സയിലേക്ക് അയച്ചിരുന്നു. കൂടുതല്‍ സഹായ കയറ്റുമതി സുഗമമാക്കുന്നതിനായി ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ന്റെ ഭാഗമായിരുന്നു ഈ വിതരണം. ജ്ഞാനപൂര്‍വമായ നേതൃത്വത്തിന്റെ നിര്‍ദേശങ്ങളോടെ ലോകമെമ്പാടും പ്രതിസന്ധിയിലായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സഹായമനസ്കത യുഎഇയുടെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ്. ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യപ്പെടുക എന്ന യുഎഇയുടെ ദീര്‍ഘകാല തത്വങ്ങളോടും നയങ്ങളോടും പൊരുത്തപ്പെടുന്നതാണ് ഈ സഹായങ്ങളത്രയും.