
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
ഷാര്‍ജ : പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഷാര്‍ജയിലെ ഐക്കണ്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍. വെടിക്കെട്ടും വിനോദ പരിപാടികളും ആസ്വദിക്കുന്നതിന് വന്‍ ജനാവലി സന്ധ്യയോടെ ആഘോഷ കേന്ദ്രങ്ങളില്‍ തടിച്ചുകൂടി. മണിക്കൂറുകള്‍ക്ക് മുമ്പെ സീറ്റുറപ്പിച്ചവര്‍ വിസ്മയക്കാഴ്ചകളില്‍ ലയിച്ചുചേര്‍ന്നു. അര്‍ധരാത്രി അടുത്തതോടെ ഷാര്‍ജ സിറ്റി റോഡുകളില്‍ ഹീറ കോര്‍ണീഷ്, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളുടെയും കാല് നടക്കാരുടെയും ഒഴുക്കായി. വാഹന ഗതാഗതം സുഖമമാക്കാന്‍ ഷാര്‍ജ പൊലീസ് ഉദേ്യാഗസ്ഥരുടെ ശക്തമായ നിരീക്ഷണമുണ്ടായിരുന്നു.
ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികളാണ് ഒരുക്കിയത്. അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് വൈകുന്നേരം മുതല്‍ സാക്സോഫോണിലും വയലിനിലും ആകര്‍ഷകമായ സംഗീത ലഹരിയിലായി. കുട്ടികളും കൗമാരക്കാരും കൂട്ടംകൂടി നൃത്തംവച്ചു. കൃത്യം 12 മണിക്ക് അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലും ഹീറ കോര്‍ണീഷിലും ഗംഭീര വെടിക്കെട്ടിനാണ് തിരികൊളുത്തിയത്. പുതുവര്‍ഷ വരവിന്റെ ആഹ്ലാദം വര്‍ണവെളിച്ചമായി ആകാശത്ത് പരന്നു. അതിമനോഹരമായ കരിമരുന്ന് പ്രയോഗം കാഴ്ചക്കാര്‍ക്ക് അതിശയകരമായ ദൃശ്യാനുഭവമായി മാറി. ആഘോഷാവേശത്തില് ഐക്കണ്‍ കേന്ദങ്ങളില്‍ ഒത്തുകൂടിയവര്‍ ആര്‍ത്തുവിളിച്ച് പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. വിവിധ കലാ സംഘങ്ങള്‍ തത്സമയ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. കുടുംബ സൗഹൃദ പരിപാടികളും കുട്ടികള്‍ക്കുള്ള വിനോദവും സഹിതം തത്സമയ സംഗീത പ്രകടനങ്ങളും അരങ്ങേറി.
അല്‍ മജാസ് വാട്ടര്‍ഫ്രണ്ടും അല്‍ ഹീറ ബീച്ചും നവവത്സര രാവില്‍ വേറിട്ട കാഴ്ചകളാണ് സമ്മാനിച്ചത്. ഉത്സവ നഗരിയില്‍ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാനാവും വിധത്തില്‍ ആകര്‍ഷകമായ ലൈറ്റ് ഡിസ്പ്ലേകള്‍ അവതരിപ്പിക്കുകയും വിനോദയിനങ്ങള്‍ വേദിയിലെത്തുകയും ചെയ്തു. 20ല്‍ അധികം പ്രാദേശികവും അന്തര്‍ദേശീയവുമായ ഡൈനിങ് ചോയ്സുകള്‍ ഒരുക്കിയ പാചക അനുഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയും ജനങ്ങളെ ഈ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി.