
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ഉസ്ബെക്കിസ്ഥാനിലെ ആദ്യ മെഡിക്കല്‍ ക്യാമ്പ് പൂര്‍ത്തിയാക്കി
ദുബൈ: മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന് കീഴിലുള്ള ചാരിറ്റബിള്‍ സംരംഭമായ നൂര്‍ ദുബൈ ഫൗണ്ടേഷന് ഉസ്ബെക്കിസ്ഥാനിലെ ആദ്യ അന്ധതാ പ്രതിരോധ ക്യാമ്പ് പൂര്‍ത്തിയാക്കിയതോടെ മാനുഷിക ആരോഗ്യ സേവനങ്ങള്‍ മധ്യേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉസ്ബെക്ക് സര്‍ക്കാരുമായി സഹകരിച്ചാണ് ഈ സംരംഭം പൂര്‍ത്തിയാക്കിയത്. ഉസ്ബെക്കിസ്ഥാനും യുഎഇ ആസ്ഥാനമായുള്ള ഒരു ആരോഗ്യ ചാരിറ്റിയും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യ സഹകരണ ആരോഗ്യ സംരംഭമാണിത്.
2025 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 19 വരെ നടന്ന മെഡിക്കല്‍ ക്യാമ്പ് തലസ്ഥാനമായ തഷ്കെന്റിലെയും സമര്‍ഖന്ദിലെയും ബുഖാറയിലെയും പൊജുജനങ്ങള്‍ക്ക് ആശ്വാസമായി. 280 നേത്ര ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 850ലധികം രോഗികള്‍ക്ക് സൗജന്യമായി ചികിത്സയും ശസ്ത്രക്രിയയും മരുന്ന് വിതരണവും നടത്തി. ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിപ്പബ്ലിക്കന്‍ സ്പെഷ്യലൈസ്ഡ് സെന്റര്‍ ഫോര്‍ ഐ മൈക്രോ സര്‍ജറിയുമായി സഹകരിച്ചായിരുന്നു പരിപാടി. രാജ്യത്തുടനീളം 13 പ്രാദേശിക ശാഖകള്‍ ഈ സ്ഥാപനത്തിനുണ്ട്. അതിനാല്‍ പ്രാദേശിക സേവനം കുറ്റമറ്റതാക്കാന്‍ നൂര്‍ ദുബൈക്ക് ഇത് ഏറെ സഹായകമായി. അടുത്ത മാസത്തോടെ ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരമായി ഉയരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി മാനുഷിക സഹകരണത്തിന്റെ പാലങ്ങള്‍ പണിയുക എന്ന ദുബൈയിയുടെ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം. ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സുസ്ഥിര വികസനത്തിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നൂര്‍ ദുബൈ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് അവധ് സെഗായര്‍ അല്‍ കെത്ബി പറഞ്ഞു. ഉസ്ബെക്ക് സര്‍ക്കാരുമായുള്ള സൃഷ്ടിപരമായ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. ഇത് ഇമാറാത്തി മെഡിക്കല്‍ ടീമുകളെ കാമ്പെയിന് നടത്താനും അതിന്റെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കാനും പ്രാപ്തമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോള ആരോഗ്യ വികസനത്തിനും ജീവിത നിലവാരത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ അടയാളമാണിത്.
ഇത്തരം സുസ്ഥിര സംരംഭങ്ങളിലൂടെ പുതിയ പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം വ്യാപിപ്പിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടാണ് നൂര്‍ ദുബൈ ഫൗണ്ടേഷനെ നയിക്കുന്നത്. മാനുഷിക തത്വങ്ങളെ പ്രത്യേക മെഡിക്കല്‍ സഹായമായി സംയോജിപ്പിക്കുന്നതിനുള്ള മാതൃകയായി സൗജന്യ ചികിത്സാ ക്യാമ്പുകള്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂര്‍ ദുബൈ ഫൗണ്ടേഷന് നല്കിയ പിന്തുണയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അല്‍ കെത്ബി നന്ദി പറഞ്ഞു. 2008ല്‍ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച ഫൗണ്ടേഷന്, ലോകമെമ്പാടുമുള്ള 33 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ആരോഗ്യ സംരക്ഷണ,പ്രതിരോധ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഫിലിപ്പീന്‍സില്‍ ആരംഭിച്ച് ഉസ്ബെക്കിസ്ഥാനില്‍ സേവനം പൂര്‍ത്തീകരിച്ച മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ശൈഖ മോസ ബിന്ത് സുഹൈല്‍ അല്‍ കൈലി നല്കിയ പിന്തുണക്കും അല്‍ കെത്ബി നന്ദി അറിയിച്ചു. വിവിധ ഭൂഖണ്ഡങ്ങളിലുടനീളമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് ഫൗണ്ടേഷന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ സംരംഭത്തിന് ഇത് കൂടുതല്‍ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
36.7 ദശലക്ഷം ജനസംഖ്യയുള്ള ഉസ്ബെക്കിസ്ഥാനില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് വന്‍വിജയമായിരുന്നുവെന്ന് നൂര്‍ ദുബൈ ഫൗണ്ടേഷന് ബോര്‍ഡ് അംഗവും സിഇഒയുമായ ഡോ.മനല്‍ തര്യം പറഞ്ഞു. ഉസ്ബെക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയില്‍ 2.3 ദശലക്ഷം പേര് തഷ്കെന്റിലും 600,000 പേര് സമര്‍ഖന്ദിലും 300,000 പേര് ബുഖാറയിലുമാണ് താമസിക്കുന്നത്. 50 വയസിനു മുകളിലുള്ളവരില്‍ കാഴ്ച വൈകല്യത്തിന്റെ വ്യാപനം 5.6% ആണ്. അതേസമയം തിമിരം മൂലമുണ്ടാകുന്ന അന്ധത ഏകദേശം 0.6 ശതമാനമായാണ് രേഖപ്പെടത്തിയിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ കുട്ടികളില്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ അന്ധതയോ ഗുരുതരമായ കാഴ്ച വൈകല്യമോ ഉള്ള കേസുകളില്‍ 35% തിമിരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ കാഴ്ച വൈകല്യ കേസുകളില്‍ 58% സ്ത്രീകളാണ്.
ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ് (ഐഎപിബി) യുടെ രേഖകള്‍ പ്രകാരം ഉസ്ബെക്കിസ്ഥാനില്‍ ഏകദേശം 300 ലൈസന്‍സുള്ള നേത്രരോഗ വിദഗ്ധരുണ്ട്. അവരില്‍ ഭൂരിഭാഗവും തലസ്ഥാനത്താണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ നേത്ര ശസ്ത്രക്രിയാ വിദഗ്ധരുടെ കുറവ് നേരിടുന്നുണ്ട്. ഇവിടെ ഒരു കണ്ണിന്റെ തിമിര ശസ്ത്രക്രിയയുടെ 800 യുഎസ് ഡോളര്‍ മുതല്‍ 900 യുഎസ് ഡോളര്‍ വരെയാണ് ചിലവ് വരുന്നു. വിദൂര പ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ രോഗികള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
ഗ്രാമീണ മേഖലകളിലെ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന ആരോഗ്യ പരിപാടികളുടെ പരമ്പരയുടെ തുടക്കമാണ് മെഡിക്കല്‍ ക്യാമ്പെന്ന് ഡോ.തര്യം പറഞ്ഞു.