
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
‘ഓരോ വിത്തുമൊരു നന്മയാണ്,ഓരോ നന്മയും നമ്മളാണ്’ എന്ന സ്നേഹസൗഹൃദ സന്ദേശമുയര്‍ത്തി ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ പതിനൊന്നാമത് വിളവെടുപ്പ് ഉത്സവം നാളെ. മരുപ്പറമ്പില്‍ വിളയിച്ച വിഭവങ്ങളുമായി കര്‍ഷകര്‍ ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന കണ്കുളിമയേകുന്ന കാഴ്ചയ്ക്ക് മുബൈല ഗള്‍ഫ് കോളജ് സാക്ഷിയാകും. സിനിമ,സീരിയല്‍ താരം അനീഷ് രവിയാണ് വിളവെടുപ്പ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. ജൈവ കൃഷിയില്‍ വിളയിച്ച വിഭവങ്ങള്‍ കാണാനെത്തുന്നവര്‍ തന്നെയാണ് ‘കൃഷിക്കൂട്ട’ത്തിന്റെ കരുത്തെന്ന് സംഘാടകര്‍ പറയുന്നു. പൂച്ചെടികള്‍ മുതല്‍ മല്ലിയില,വേപ്പില, പൊതിയിന ഇല,വൈവിധ്യമാര്‍ന്ന ചീര ഇലകള്‍ തുടങ്ങി സലാഡ് ഇനങ്ങള്‍ വരെ ഇവിടെ കൃഷി ചെയ്തെടുക്കുന്നു. നാടന്‍ പച്ചക്കറികള്‍ക്കു പുറമെ കരിമ്പും കാച്ചിലും നേന്ത്ര വാഴക്കുലകളുമെല്ലാം കണ്‍നിറയെ കാണുമ്പോള്‍ ഒരു പച്ചക്കറി ചന്തയുടെ ചന്തം തയാണിവിടെ.
ഒമാനിലെ കൃഷിയില്‍ താല്പര്യമുള്ളവരെല്ലാവരും ആഘോഷപൂര്‍വം ഒത്തുകൂടുന്ന വിളവെടുപ്പ് ഉത്സവം നാളെ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ചരക്കാണ് സമാപിക്കുക. ഉത്സവത്തിന് മാറ്റുകൂട്ടാന്‍ ഉറിയടി,വടംവലി തുടങ്ങി വിവിധ തരം നാടന്‍ മത്സരങ്ങളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുരുത്തോല കലാകാരന്മാരുടെ നാടന്‍ പാട്ടും മ്യൂസിക്കല്‍ ഇവന്റ്സും അരങ്ങേറും. സ്വന്തം വീട്ടുപയോഗത്തിന് ആവശ്യമായ പച്ചക്കറികള്‍ തയാറാക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ 2014ലാണ് ഒമാന്‍ ‘കൃഷിക്കൂട്ടം’ ആരംഭിച്ചത്. പതിനൊന്നാമത് വിളവെടുപ്പുത്സവമാണ് ഈ വര്‍ഷം അരങ്ങേറുന്നത്. വിളവെടുപ്പ് ഉത്സവത്തില്‍ വിവിധ കാറ്റഗറിയിലായി ‘കൃഷിക്കൂട്ട’ത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും മാതൃകാ കൃഷിമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. ഒരു പകല്‍ നീണ്ടു നില്ക്കുന്ന ഉത്സവത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഒമാനിലെ കൃഷി സ്നേഹികളായ എല്ലാ മലയാളികളെയും വിളവെടുപ്പ് ഉത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷനും അന്വേഷണങ്ങള്‍ക്കും 99022951,93800143 നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.