
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: വേനല്‍ക്കാലത്ത് യുഎഇയിലുടനീളമുള്ള ഡെലിവറി സര്‍വീസ് തൊഴിലാളികള്‍ക്കായി പതിനായിരത്തിലധികം എസി വിശ്രമ കേന്ദ്രങ്ങള്‍. 15 മുതല്‍ മൂന്ന് മാസത്തേക്ക് യുഎഇയില്‍ പുറം തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ‘മിഡ്ഡേ ബ്രേക്കി’ന്റെ ഭാഗമായി ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ ഔട്ട്ഡോര്‍ ജോലിക്ക് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡെലിവറി സേവനങ്ങള്‍ ഒരു സവിശേഷ പ്രവര്‍ത്തന മാതൃകയുള്ള സുപ്രധാന മേഖലയാണെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പറഞ്ഞു. ആപ്പുകളിലൂടെ ഇന്ററാക്ടീവ് മാപ്പുകള്‍ വഴി ഡെലിവറി സര്‍വീസ് തൊഴിലാളികള്‍ക്ക് ഏറ്റവും അടുത്തുള്ള വിശ്രമ കേന്ദ്രങ്ങളിലെത്താം. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ),മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ഡെലിവറി പ്ലാറ്റ്ഫോമുകള് എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം എസി വിശ്രമ കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം, ഡെലിവറി തൊഴിലാളികള്‍ക്കായി 6,000 എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. തൊഴിലുടമകള്‍ ജോലിസ്ഥലങ്ങളില്‍ തണലുള്ള സ്ഥലങ്ങള്‍,ആവശ്യത്തിന് തണുപ്പിക്കല്‍ ഉപകരണങ്ങള്‍,തണുത്ത കുടിവെള്ളം,ജലാംശം നല്കുന്ന സാമഗ്രികള്‍,പ്രഥമശുശ്രൂഷ ഉപകരണങ്ങള്‍ എന്നിവ നല്‍കണമെന്ന് മന്ത്രാലയം അറിയിച്ചു. ഉച്ചഭക്ഷണ ഇടവേള ചട്ടങ്ങളുടെ ലംഘനങ്ങള്‍ 600590000 എന്ന നമ്പറില്‍ വിളിച്ചോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.