
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബിയിലെ 'ഗള്‍ഫ് ചന്ദ്രിക' ഓഫീസ് ഇ.ടി സന്ദര്‍ശിച്ചു
അബുദാബി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ യഥാര്‍ത്ഥ അവസ്ഥയും ഓപറേഷന് സിന്ദൂരിന്റെ സന്ദേശവും മറ്റു രാജ്യങ്ങളുമായി പങ്കുവക്കുന്നതിന്റെ ഭാഗമായി യുഎഇയിലേക്ക് ആദ്യ സംഘമെത്തിയതും അതില്‍ മുസ്്ലിംലീഗിന് പങ്കാളിത്തം ലഭിച്ചതും ചരിത്ര നിയോഗമാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘാംഗവും മുസ്്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. അബുദാബിയില്‍ യുഎഇ മന്ത്രിമാരുമായും നയതന്ത്ര വിദഗ്ധരുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായുമുള്ള ആദ്യദിന കൂടിക്കാഴ്ചയ്ക്കു ശേഷം ഗള്‍ഫ് ചന്ദ്രികയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വേദനയില്‍ കഴിയുന്ന ഇന്ത്യയെ ആദ്യം വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ച രാജ്യം യുഎഇയാണെന്ന് ഇ.ടി പറഞ്ഞു. മാത്രമല്ല, ഇന്ത്യക്ക് എല്ലാവിധ സഹായ സഹകണങ്ങളും പ്രാര്ത്ഥനയുമുണ്ടാകുമെന്ന് യുഎഇ ടെലിഫോണിലൂടെ അറിയിച്ചു. ലോക രാഷ്ട്രങ്ങളില്‍ നമ്മളോട് ആദ്യഘട്ടത്തില്‍ തന്നെ ഈ നിലയിലുള്ള സമീപനം സ്വീകരിച്ച രാജ്യമെന്ന പ്രത്യേകതയാണ് യുഎഇക്കുള്ളത്. അതോടൊപ്പം തന്നെ സഹിഷ്ണതയ്ക്കും സഹവര്‍ത്തിത്വത്തിനും മന്ത്രാലയമുള്ള ലോകത്തെ ഓരേയൊരു രാജ്യമാണ് യുഎഇ. ഇന്ത്യയും യുഎഇയും പല കാര്യങ്ങളിലും സമാനതകളുള്ള രാജ്യമാണ്. ‘അവശ്യഘട്ടങ്ങളില്‍ കൂടെ നില്ക്കുന്ന ചങ്ങാതിയാണ് യഥാര്‍ത്ഥ ചങ്ങാതി’ എന്ന ഇംഗ്ലീഷ് പഴമൊഴിയെ അന്വര്‍ത്ഥമാക്കും വിധം ഇന്ത്യയ്ക്ക് ആവശ്യമുള്ള സമയത്ത് കൂടെനിന്ന രാജ്യമാണ് യുഎഇയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പഹല്‍ഗാമില്‍ പാകിസ്താന്റെ പ്രേരണയോടെ ഭീകരവാദികള്‍ ചെയ്ത നിഷ്ഠൂരമായ ആക്രമണത്തിന്റെ തീവ്രത മറ്റു രാജ്യങ്ങള്‍ അറിയേണ്ടതുണ്ട്. അതോടൊപ്പം ഏതെല്ലാം വിധത്തിലാണ് പാകിസ്താന് ഇന്ത്യക്കു നേരെ പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്നത് എന്ന കാര്യങ്ങളും ലോകം അറിയണം. ഓപറേഷന് സിന്ദൂറിലൂടെ പാകിസ്താന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയാണ് നാം നല്‍കിയത്. അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധമുള്ള മറുപടി നല്‍കുമെന്ന് നമ്മുടെ രാജ്യം മുന്നറിയിപ്പു നല്‍കിയിരുന്നു. അതിഗംഭീര തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നല്‍കിയത്. അവര്‍ക്ക് താങ്ങാന്‍ കഴിയാവുന്നതിനുമപ്പുറമായിരുന്നു അത്. പാകിസ്താനിലെ ഭീകരവാദ പ്രഭവ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തു തരിപ്പണമാക്കിയത്. നൂറോളം ഭീകരവാദികളെ ഇന്ത്യ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ഇന്ത്യയിലെ സിവിലിയന്മാരെയാണ് ആക്രമിച്ചത്. മനസാക്ഷിക്ക് യോജിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങളുടെ കടമ.
ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തില്‍ അംഗത്വം ലഭിച്ചത് പാര്‍ട്ടിക്ക് ലഭിച്ച അംഗീകാരമാണെന്നും ഇത്ര പ്രധാനപ്പെട്ട വിഷയത്തില്‍ രാജ്യത്തിന്റെ ദൗത്യം വിശ്വസിച്ചേല്പിക്കാന് പ്രാപ്തമായ പാര്‍ട്ടിയാണ് മുസ്ലിംലീഗ് എന്നതിന്റെ തെളിവാണിതെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷ സമയങ്ങളില്‍ സമചിത്തത പാലിച്ച പ്രവാസികളെ ഇ.ടി അഭിനന്ദിച്ചു.
അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുകൂര്‍ അലി കല്ലുങ്ങല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുസ്സലാം,വൈസ് പ്രസിഡന്റുമാരായ അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി, സെക്രട്ടറിമാരായ ഇ.ടി.എം സുനീര്‍,ഷാനവാസ് പുളിക്കല്‍,നിസാമുദ്ദീന്‍ പനവൂര്‍ എന്നിവര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയെ സ്വീകരിച്ചു.