
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാഷ്ട്രങ്ങളിലെയും പ്രസിഡന്റുമാര്‍ സംയുക്ത പ്രഖ്യാപനം നടത്തിയത്
അബുദാബി: ഗസ്സയില്‍ അടിയന്തരിമായി ശാശ്വത വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബി ന് സായിദ് അല്‍ നഹ്യാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയും ആവശ്യപ്പെട്ടു. ഇന്നലെ അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തിയില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇരു രാഷ്ട്രനേതാക്കളും ഇസ്രാഈലിനോട് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഗസ്സയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും ഇരു പ്രസിഡന്റുമാരും പറഞ്ഞു. നിര്‍ണായകമായ സാഹചര്യങ്ങളിലൂടെയാണ് ഗസ്സ കടന്നുപോകുന്നത്. ഈദുല്‍ അള്ഹക്ക് മുമ്പായി സ്ഥിരമായ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കണം.
ശാശ്വത സമാധാനത്തിനായി വ്യക്തമായ രാഷ്ട്രീയ ചക്രവാളം രൂപപ്പെടുന്നതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യവും രാഷ്ട്രനേതാക്കള്‍ ഓര്‍മിപ്പിച്ചു. പരസ്പര ആശങ്കയുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അബ്ദുല്‍ ഫത്താഹ് എല്‍സിസിയും അവലോകനം ചെയ്തു. മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങളെ കുറിച്ചുള്ള രണ്ടു നേതാക്കളുടെയും കാഴ്ചപ്പാടുകള്‍ കൂടിക്കാഴ്ചയില്‍ പങ്കുവച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരണമെന്നും നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
സഹകരണം ശക്തിപ്പെടുത്തും
അബുദാബി: യുഎഇയും ഈജിപ്തും തമ്മില്‍ സഹകരണ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാഷ്ട്ര നേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. വികസനം,സാമ്പത്തികം,നിക്ഷേപ അവസരങ്ങള്‍ എന്നിവയില്‍ തുടരുന്ന പങ്കാളിത്തം വര്‍ധിപ്പിക്കാനും പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തുടരുന്ന സൗഹൃദം ഊഷ്മളമാക്കാനും ഇന്നലെ അബുദാബിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി. കഴിഞ്ഞ മാര്‍ച്ചില്‍ ക്വെയ്റോയില് നടന്ന യുഎഇ-ഈജിപ്ത് ചര്‍ച്ചകള്‍ക്ക് ശേഷമാണ് എല്‍സിസിയുടെ യുഎഇ സന്ദര്‍ശനം. കൂടിക്കാഴ്ചയ്ക്ക് ശേഷം ശൈഖ് മുഹമ്മദ് ഒരുക്കിയ ഉച്ചവിരുന്നിലും എല്‍സിസി പങ്കെടുത്തു.