
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ഓപ്പറേഷന്റെ റിസല്‍ട്ടിനായി കാത്തിരിക്കുന്ന-ഡാനി ഡാനോണ്‍
ദോഹ: ഖത്തറിന് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയെന്ന് വ്യക്തമാകുന്നു. ആക്രമണത്തെക്കുറിച്ച് ഖത്തറിന് മുന്നറിയിപ്പ് നല്‍കിയെന്ന് അമേരിക്ക പറയുമ്പോള്‍, ഖത്തര്‍ അക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വളരെ പതിഞ്ഞ സ്വരത്തില്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതേസമയം ആക്രമിക്കുന്ന കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ഇസ്രാഈല്‍ പറയുന്നുണ്ട്. ഖത്തറില്‍ വലിയ യുഎസ് സൈനികതാവളമുള്ള സ്ഥിതിക്ക് ഇത്തരമൊരു ആക്രമണത്തിന് അമേരിക്ക അനുമതി നല്‍കിയത് അമ്പരിപ്പിക്കുന്നതാണ്. യുഎസ് സഖ്യകക്ഷിയുടെ മണ്ണില്‍ സൈനിക നടപടി സ്വീകരിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തോട് ട്രംപ് യോജിക്കുന്നില്ലെന്നും വരാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഖത്തറിന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായും വൈറ്റ് ഹൗസ് പറഞ്ഞുവെങ്കിലും ഖത്തര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ ഇസ്രായേലിന്റെ ഐക്യരാഷ്ട്രസഭ അംബാസഡര്‍ ഡാനി ഡാനോണ്‍ ന്യായീകരിച്ചത് ഇങ്ങനെ-‘ഞങ്ങള്‍ എല്ലായ്പ്പോഴും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നില്ല. ഞങ്ങള്‍ ഏകോപിതരാണ്, അവര്‍ ഞങ്ങള്‍ക്ക് അവിശ്വസനീയമായ പിന്തുണ നല്കുന്നു, ഞങ്ങള്‍ അത് അഭിനന്ദിക്കുന്നു, പക്ഷേ ചിലപ്പോള്‍ ഞങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയും അമേരിക്കയെ അറിയിക്കുകയും ചെയ്യുന്നു.’ ഖത്തറിനെതിരായ ആക്രമണത്തെ തുടര്‍ന്നുണ്ടായ ന്യായീകരണമാണിത്. ലോക രാഷ്ട്രങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡാനി ഡാനോണ്‍ ഇങ്ങനെയും പറയുന്നു-‘ഇത് ഖത്തറിനെതിരായ ആക്രമണമായിരുന്നില്ല; അത് ഹമാസിനെതിരായ ആക്രമണമായിരുന്നു. ഞങ്ങള്‍ ഖത്തറിനെതിരെയോ ഏതെങ്കിലും അറബ് രാജ്യത്തിനെതിരെയോ അല്ല, നിലവില്‍ ഒരു തീവ്രവാദ സംഘടനയ്ക്കെതിരെയാണ്,’ അദ്ദേഹം പറഞ്ഞു. ആക്രമണം അമേരിക്ക ഇഷ്ടപ്പെടുന്നില്ലെന്ന് അമേരിക്ക പറയുമ്പോള്‍ തന്നെ എന്ത് കൊണ്ട് തടഞ്ഞില്ലെന്ന ചോദ്യമുണ്ട്. അതേസമയം ഞങ്ങള്‍ എല്ലായ്പോഴും അമേരിക്കയുടെ താല്പര്യങ്ങള്ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രാഈല്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ദോഹയില്‍ കടന്നാക്രമണം നടത്തിയിരിക്കുന്നത്. ഹമാസിന്റെ രാഷ്ട്രീയനേതൃത്വത്തെ മുഴുവന്‍ ഇല്ലാതാക്കുകയെന്നതായിരുന്നു ഇസ്രാഈലിന്റെ ലക്ഷ്യം. ദോഹയില്‍ ചൊവ്വാഴ്ച്ച നടന്ന ആക്രമണം ഗള്‍ഫ് മേഖലയെയാകെ ഞെട്ടിച്ചിട്ടുണ്ട്. സഊദിയും യുഎഇയും അടക്കമുള്ള പ്രധാന രാജ്യങ്ങളെല്ലാം അക്രമത്തെ അപലപിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയ്ക്ക് ഏറ്റവും അടുപ്പമുള്ള രാജ്യമാണ് ഖത്തര്‍. ഹമാസ്-ഇസ്രാഈല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈയടുത്ത് ഗസ്സ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നത്. ഹമാസിന്റെ രാഷ്ട്രീയനേതൃത്വം ദോഹയില്‍ ഒത്തുകൂടിയിരുന്നതും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ്. അതിനിടയിലാണ് ഇസ്രാഈലിന്റെ പൊടുന്നനെയുള്ള ആക്രമണം. ആക്രമണം വിവരം നേരത്തെ അറിഞ്ഞിട്ടും ഖത്തറില്‍ നിന്ന് മറച്ചുവെക്കുകയാണ് അമേരിക്ക ചെയ്തത്. ദോഹ പോലെ വളരെ ശാന്തമായ ഒരു നഗരത്തില്‍ നടന്ന ആക്രമണം ഗള്‍ഫ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യാതൊരു നിയമങ്ങളും പാലിക്കാതെയാണ് ഇസ്രാഈല്‍ അവിടെ നേരിട്ട് ആക്രമണം നടത്തിയത്. മിഡില്‍ ഈസ്റ്റില്‍ അസ്ഥിരത സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നാണ് സ്വാഭാവികമായും ഉയരുന്ന സംശയം.