
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
മൊഴിമാറ്റം: മന്‍സൂര്‍ ഹുദവി കളനാട്
പരിശുദ്ധ റമസാന്‍ മാസത്തിനും റജബ് മാസത്തിനും ഇടയിലുള്ള ശ്രേഷ്ഠമായ മാസമാണ് ശഅ്ബാന്‍. ഈ മാസത്തെ നബി (സ്വ) ആരാധനാ നിമഗ്നമാക്കുമായിരുന്നു. മാത്രമല്ല,ശഅ്ബാന്‍ മാസത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സത്യവിശ്വാസികളെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്(സ്വ) പറയുന്നു: റജബ്,റമസാന്‍ മാസങ്ങള്‍ക്കിടയില്‍ അധികമാളുകളും അശ്രദ്ധരാവുന്ന മാസമാണ് ശഅ്ബാന്‍ (ഹദീസ് അഹ്മദ് 21753, നസാഈ 2357). അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണാ കടാക്ഷങ്ങള്‍ ഈ മാസത്തില്‍ വര്‍ഷിക്കും. അതിനാല്‍ അവ സ്വീകരിക്കാന്‍ തയാറാവാനാണ് നബി (സ്വ) ഉദ്ബോധിപ്പിച്ചിരിക്കുന്നത് (മുഅ്ജമുല്‍ കബീര്‍ ത്വബ്റാനി 719).
ശഅ്ബാന്‍ മാസത്തില്‍ മനുഷ്യന്റെ കര്‍മങ്ങളെല്ലാം അല്ലാഹുവിലേക്ക് ഉയര്ത്തപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ശഅ്ബാന്‍ മാസത്തില്‍ വ്രതം അധികരിപ്പിക്കാനുള്ള കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ നബി (സ്വ) മറുപടി പറഞ്ഞത് ഇങ്ങനെ: പ്രപഞ്ചനാഥനായ അല്ലാഹുവിലേക്ക് കര്‍മങ്ങളെല്ലാം ഉയര്‍ത്തപ്പെടുന്ന മാസമാണത്. എന്റെ കര്‍മങ്ങള്‍ ഞാന്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടാനാണ് എനിക്കിഷ്ടം (ഹദീസ് നസാഈ 2357). പ്രവാചക പത്നി മഹതി ആയിശ (റ)യും സാക്ഷ്യപ്പെടുത്തുന്നു: നബി(സ്വ) പൂര്‍ണമായും ഒരു മാസം വ്രതമനുഷ്ഠിക്കുന്നുണ്ടെങ്കില് അത് റമസാന്‍ മാസമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ വ്രതമനുഷ്ഠിച്ചിരിക്കുന്നത് ശഅ്ബാന്‍ മാസത്തിലാണ് (ഹദീസ് ബുഖാരി, മുസ്്ലിം).ദോഷങ്ങള്‍ പൊറുക്കപ്പെടുകയും പാപങ്ങള്‍ മായ്ക്കപ്പെടുകയും കര്‍മങ്ങളുടെ ഏടുകളില്‍ കൂടുതലായും നന്മകള് രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു പവിത്ര രാത്രി ശഅ്ബാന്‍ മാസത്തിലുണ്ട്. ശഅ്ബാന്‍ പതിനഞ്ചാം രാവാണത്. ഈ രാത്രിയില്‍ അല്ലാഹു മനുഷ്യരുടെ ഹൃദയശുദ്ധി നോക്കി അവന്റെ കരുണകള്‍ ഇറക്കുകയും വിശാലമായി പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യും.
നബി (സ്വ) പറയുന്നു: ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു ഇറങ്ങിവന്ന് സൃഷ്ടികള്‍ക്കെല്ലാം പൊറുത്തുകൊടുക്കും. അല്ലാഹുവിനോട് പങ്കാളിയെ ചേര്ക്കുന്നവന്നും വിദ്വേഷം വെച്ചുപുലര്ത്തുന്നവന്നും ഒഴികെ (ഇബ്നു മാജ 1390). അതിനാല്‍ ഏവരും വിദ്വേഷവും വൈരാഗ്യവും അവസാനിപ്പിക്കുക. അസൂയവും ദേഷ്യവും വെടിയുക. അതെല്ലാം നമ്മുക്കും അല്ലാഹുവിന്റെ മാപ്പു നല്കലിനുമിടയില് മറയിടുന്നവയാണ്. മാതാവിനെയോ പിതാവിനെയോ ബുദ്ധിമുട്ടിച്ചവര്‍ക്കും സഹോദരിയോടോ സഹോദരനോടോ ബന്ധം വിഛേദിച്ചവര്ക്കും അന്യായമായി അധീനപ്പെടുത്തിയവനും സമൂഹത്തിലെ ആരോടെങ്കിലും അക്രമം ചെയ്തവനുമുള്ള ശക്തമായ താക്കീതാണ് ഈ പ്രവാചക വചനം.
മാതാപിതാക്കള്‍ക്ക് സുകൃതങ്ങള്‍ ചെയ്തും വിഛേദിച്ച ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ത്തും വഴക്ക് കൂടിയവനോട് സഹുഷ്ണുത കാണിച്ചും ജീവിതം സൗഭാഗ്യപൂര്ണമാക്കാന് മുന്നിട്ടിറങ്ങേണ്ടതാണ്.തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് എല്ലാവരോടും സമാധാനത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുക. കുടുംബക്കാരോടും അയല്‍വാസികളോടും സുഹൃത്തുക്കളോടും എന്നല്ല സമൂഹത്തിലെ ഓരോര്‍ത്തരോടും ഉദാത്തമായി ഇടപെടുക. അല്ലാഹു പറയുന്നു: നിങ്ങള്‍ പരസ്പര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക.(സൂറത്തുല്‍ അന്‍ഫാല്‍ 01).വിജയം വരിക്കാനായി നിങ്ങള്‍ ഉല്‍കൃഷ്ട കര്‍മങ്ങള്‍ അനുവര്‍ത്തിക്കുക (സൂറത്തുല്‍ ഹജ്ജ് 77).
ഈ മാസത്തില്‍ ആത്മാവും ഹൃദയവും ശരീരവുമെല്ലാം റമസാന്‍ വല്വേല്ക്കാനായി സുകൃതസജ്ജമാക്കണം. മഹാ പണ്ഡിതനായ ഇമാം അബൂബക്കര്‍ അല്‍ ബല്‍ഖി(റ) പറയുന്നു: റജബ് കൃഷി നടീലിന്റെ മാസമാണ്,ശഅ്ബാന്‍ കൃഷിക്ക് ജലസേചനം നടത്തുന്ന മാസമാണ്,റമസാനാണ് ആ കൃഷിയുടെ കൊയ്ത്തുകാലമാണ്. റമസാനിലെ ആരാധനാനുഷ്ഠാന ലബ്ധിക്ക് ശഅ്ബാന്‍ മാസത്തെ മുന്നൊരുക്കമായി ഉപയോഗപ്പെടുത്തണമെന്നാണ് പണ്ഡിതന്മാര് നിര്‍ദേശിക്കുന്നത്. ഖുര്‍ആന്‍ പാരായണം സജീവമാക്കാന്‍ തുടങ്ങേണ്ട മാസം കൂടിയാണ് ശഅ്ബാന്‍. എന്നാല്‍ ഖുര്‍ആനിന്റെ മാസമായ റമസാനിനെ ഊഷ്മളമായി സ്വീകരിക്കാനാകും. ദിക്റിന്റെയും മതവിജ്ഞാനങ്ങളുടെയും സദസുകളില്‍ പങ്കെടുത്തും പരിശുദ്ധ മാസത്തിനായി ഒരുക്കങ്ങള്‍ നടത്തണം.