റമദാനില്‍ സ്വകാര്യ മേഖലയ്ക്ക് യുഎഇ ജോലി സമയം കുറച്ചു; അധിക മണിക്കൂറുകള്‍ ഓവര്‍ടൈം ആയി കണക്കാക്കാം

ദുബൈ: റമദാന് മാസത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് യുഎഇയില്‍ ജോലി സമയം കുറച്ചു. റമദാന് ദിവസങ്ങളില്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ കൂറക്കാനാണ് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അവരുടെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായി ദൈനംദിന പ്രവൃത്തി സമയം ക്രമപ്പെടുത്താം. യുഎഇയിലെ ജീവനക്കാര്‍ സാധാരണയായി ഒരു ദിവസം എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. റമദാനില്‍ ഇത് ദിവസേന രണ്ട് മണിക്കൂര്‍ കുറയ്ക്കും. നിശ്ചിത ഷെഡ്യൂളിന് പുറത്ത് ജോലി ചെയ്യുന്ന അധിക മണിക്കൂറുകള്‍ ഓവര്‍ടൈം ആയി കണക്കാക്കാം. ഇതിന് ജീവനക്കാര്‍ക്ക് നിയമപരമായി അധിക വേതനത്തിന് അര്‍ഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയവും നേരത്തെ തന്നെ കുറച്ചിട്ടുണ്ട്. റദമാനില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ, ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും, വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും. ജോലി സമയം കുറച്ചത് ജീവനക്കാര്‍ക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ത്ഥനാ ചിന്തയോടും കൂടുതല്‍ സമയം നോമ്പ് സമയം ചെലവിടാനാവും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ മിക്ക അറബ് രാജ്യങ്ങളിലും ഫെബ്രുവരി 17ന് ചൊവ്വാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയില്ല. അങ്ങനെയാണെങ്കില്‍ ശഅബാന്‍ 30 ദിവസം പൂര്‍ത്തിയാക്കി 19ന് വ്യാഴാഴ്ച റമദാന് വ്രതം ആരംഭിക്കാനാണ് സാധ്യത.