
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഡോ.ഷംഷീര്‍ വയലിലിന്റെ റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങാണ് തീര്‍ത്ഥാടകരെ ചികിത്സിക്കുന്നത്
ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനമായി ഒരപൂര്‍വ നേട്ടം. ഈ വര്‍ഷത്തെ ഹജ്ജിനുള്ള സമ്പൂര്‍ണ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയാണ്. ആരോഗ്യ സംരംഭകനായ ഡോ.ഷംഷീര്‍ വയലിലിന്റെ റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങാണ് ഹാജിമാര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്പോണ്‍സ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോണ്‍സ് പ്ലസ് മെഡിക്കലിലൂടെയാണ് (ആര്‍പിഎം) തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീഹോസ്പിറ്റല്‍,അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ്. ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിനായി സഊദി അറേബ്യയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ സംഗമത്തില്‍ പങ്കാളികളാകുന്നത്. പുണ്യ കര്മങ്ങളിലുടനീളം തീര്‍ത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോണ്‍സ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണമായും സജ്ജീകരിച്ച ക്ലിനിക്കുകളില്‍ 350 വിദഗ്ധരടങ്ങുന്ന സംഘം ചികിത്സ നല്‍കുന്നുണ്ട്.
നൂതന സാങ്കേതിക വിദ്യകള്‍ അടങ്ങിയ 125 ആംബുലന്‍സുകളും സേവന സജ്ജമാണ്. ഗള്‍ഫിലെ പ്രധാന കായിക മത്സരങ്ങളില്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ നല്കുന്ന ആര്‍പിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് നല്കുന്ന മെഡിക്കല്‍ സേവനങ്ങള്‍. ഹജ്ജിനെത്തുന്ന എല്ലാവര്ക്കും അടിയന്തര ആരോഗ്യ സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ നല്‍കുക എന്നതാണ് ആര്‍പിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കര്‍ശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയതെന്ന് ആര്‍പിഎം സിഇഒ ഡോ.രോഹില്‍ രാഘവന് പറഞ്ഞു.തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ഡോ.ഷംഷീര്‍ വയലില്‍ നേരിട്ടെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. യുഎഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് ഹെല്‍ത്ത് കെയര്‍,മെഡിക്കല്‍ എമര്‍ജന്‍സി സര്‍വീസസ്,ഒക്യുപേഷണല്‍ ഹെല്‍ത്ത് സൊല്യൂഷന്‍സ് ദാതാവായ ആര്‍പിഎം 2010 മുതല്‍ പ്രവര്‍ത്തന രംഗത്തുണ്ട്. നിലവില്‍ 65ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങള്‍ നല്കുന്ന കമ്പനിക്ക് 426 ആംബുലന്‍സുകളുണ്ട്.
10,000ത്തിലധികം ഹെലികോപ്റ്റര്‍ മെഡിക്കല്‍ എമര്‍ജന്‍സി ഇവാക്വേഷനുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന,കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രോമിത്യൂസ് ആര്‍പിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022,ഫോര്‍മുല വണ്‍ സഊദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്സ് 2022,ഐഎംഎംഎഎഫ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2022,യുഎഎം മുവായ് തായ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2022,യുഎഇ ടൂര്‍ 2022,സഊദി ടൂര്‍ 2022 എന്നിവയില്‍ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗസ്സയിലെ കുട്ടികള്‍ക്ക് വൈദ്യസഹായം എത്തിക്കാനുള്ള ഡോ.ഷംഷീറിന്റെ ദൗത്യത്തിലും ആര്‍പിഎം പങ്കാളിയായിട്ടുണ്ട്.