
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
നിയമലംഘന വീഡിയോ പങ്കുവച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്
അബുദാബി: യെല്ലോ ലൈനിലൂടെ വാഹനങ്ങളെ മറികടക്കുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നു മാത്രമല്ല, ഗുരുതരമായ ഗതാഗത ലംഘനമാണെന്നും ഇത്തരക്കാര്‍ക്ക് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും പിഴ ചുമത്തുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. റോഡിന്റെ ഷോള്ഡറില് നിന്ന് ഓവര്‍ടേക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരുടെ ജീവന് അപകടത്തിലാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മഞ്ഞ വര അടയാളപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശം അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. സാധാരണ സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന റോഡ് ലെയ്ന്‍ അല്ല ഇത്.
പൊലീസ്,ആംബുലന്‍സ്,മറ്റുള്ള അടിയന്തര വാഹനങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനാണ് റോഡ് ഷോള്‍ഡര്‍ ഒരുക്കിയിട്ടുള്ളത്. പരിക്കേറ്റവരെ സഹായിക്കാനും ജീവന് രക്ഷിക്കാനുമാണ് ഇത് ഉപയോഗിക്കേണ്ടത്.
ഷോള്‍ഡര്‍ ദുരുപയോഗം ചെയ്യുന്നതും അതിലൂടെ വാഹനങ്ങളെ മറികടക്കുന്നതുമുള്പ്പെടെ, 1,000 ദിര്‍ഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റവുമാണെന്ന് പൊലീസ് ഓര്‍മപ്പെടുത്തി. യുഎഇ ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 42 അനുശാസിച്ച് വാഹനമോടിക്കണമെന്ന് വിവിധ അധികാരികള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചിലര്‍ ഉത്തരവാദിത്തമില്ലാതെ ഓവര്‍ടേക് ചെയ്ത് ഗതാഗത നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്നത് തുടരുകയാണ്. ഇത് അവരുടെ മാത്രമല്ല, മറ്റുള്ളവരുടെയും ജീവന് അപകടത്തിലാകാന്‍ കാരണമാകുന്നുവെന്നും പൊലീസ് പറഞ്ഞു.
എമിറേറ്റില്‍ സ്ഥാപിച്ച ട്രാഫിക് ക്യാമറകളിലൊന്നില്‍ നിന്നുള്ള ദൃശ്യമാണ് പൊലീസ് പങ്കുവച്ചിട്ടുള്ളത്. ഒരു കാര്‍ അപകടകരമായി ഓടിക്കുകയും ഇടതുവശത്തെ അവസാന ലൈനില്‍ മറ്റ് വാഹനങ്ങളെ മറികടക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനായി മറ്റെല്ലാ കാറുകളും ബ്രേക്ക് ചെയ്യുന്നതും കാണാം. മറ്റു ഡ്രൈവര്‍മാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ അപകടത്തിലേക്ക് നയിക്കുമായിരുന്നുവെന്നാണ് പൊലീസ് മുന്നറിയിപ്പിലൂടെ വ്യക്തമാക്കുന്നത്.