
വേള്‍ഡ് ചലഞ്ച്: ചൈനയിലെ സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ ദുബൈ പരിശോധിച്ചു
ദുബൈ ആര്‍ടിഎയുടെ സാങ്കേതിക സംഘമാണ് പരിശോധന നടത്തിയത്
ദുബൈ: മൂന്ന് മില്യണ്‍ ഡോളറിന്റെ മൊത്തം സമ്മാനത്തുകയുള്ള നാലാമത് ദുബൈ വേള്‍ഡ് ചലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്പോര്‍ട്ട് 2025നായി ചൈന വികസിപ്പിച്ച ഏറ്റവും പുതിയ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ഉന്നത സാങ്കേതിക പ്രതിനിധി സംഘം പരിശോധിച്ചു. ഗ്വാങ്ഷോ,സിയാന്,ഗുയാങ്,സുഷോ എന്നിവിടങ്ങളില്‍ നടന്ന സമഗ്ര ഫീല്‍ഡ് ടെസ്റ്റുകളിലൂടെയാണ് സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വാഹനങ്ങള്‍ പരിശോധിച്ചത്. 2030 ആകുമ്പോഴേക്കും എമിറേറ്റിലെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്മാര്‍ട്ട്,ഓട്ടോണമസ് യാത്രകളാക്കി മാറ്റുക എന്ന ദുബൈയുടെ വിശാലമായ കാഴ്ചപ്പാടിന് കീഴിലുള്ള പ്രധാന സംരംഭമാണിത്. ചലഞ്ചില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ സാങ്കേതിക തികവും പ്രവര്‍ത്തന ശേഷിയും വിലയിരുത്തുന്നതിനാണ് പരീക്ഷയോട്ടം സംഘടിപ്പിച്ചതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സിഇഒയും ചലഞ്ചിന്റെ സംഘാടക സമിതി ചെയര്‍മാനുമായ അഹമ്മദ് ഹാഷിം ബഹ്റോസിയാന്‍ പറഞ്ഞു. സ്വയംഭരണ വാഹനങ്ങളുടെ പ്രകടനം,സുരക്ഷാ സവിശേഷതകള്‍,സാങ്കേതിക പക്വത എന്നിവ പരീക്ഷിക്കുന്നതിലാണ് തങ്ങളുടെ ടീം ശ്രദ്ധ കേന്ദ്രീകരിച്ചത്. റോബോ ടാക്സികള്‍,റോബോ ബസുകള്‍,സ്വയംഭരണ ബോട്ടുകള്‍, ലോജിസ്റ്റിക് വാഹനം എന്നിവകളുടെ പ്രവര്‍ത്തനമാണ് സംഘം വിലയിരുത്തിയത്. എല്ലാം മികച്ച നിലവാരത്തി ല്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും ബഹ്റോസിയാന്‍ പറഞ്ഞു. എഫ്ഇവി കണ്‍സള്‍ട്ടിങ്ങിലെ ആഗോള വിദഗ്ധരായ ആര്‍തര്‍ ഡി.ലിറ്റില്‍,ചലഞ്ചിന്റെ ഉപദേശക ജൂറി അംഗങ്ങള്‍ എന്നിവരുടെ പിന്തുണയോടെ ആര്‍ടിഎ ടീം മൂന്ന് വിഭാഗങ്ങളിലായി വിലയിരുത്തലുകള്‍ നടത്തി. ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍,സെന്‍സര്‍ റേഞ്ച്, സുരക്ഷാ പ്രോട്ടോക്കോളുകള്‍,മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റേഷനറി സിസ്റ്റങ്ങളുടെ പ്രകടനവും വിലയിരുത്തി. തത്സമയ ഗതാഗതവുമായി പൊരുത്തപ്പെടല്‍, വേഗത നിയന്ത്രണം,റൗണ്ട് എബൗട്ട് സൗകര്യം,സ്റ്റോപ്പ് ആന്റ് ഗോ പ്രവര്‍ത്തനങ്ങള്‍,റിമോട്ട് ഹാന്ഡ്ലിങ്,എന്‍ഡ് ടു എന്‍ഡ് പാസഞ്ചര്‍ യാത്രകള്‍,കാല്‍നട യാത്രക്കാരുമായും മറ്റു ഉപയോക്താക്കളുമായുമുള്ള ഇടപെടല്‍ എന്നിവ വിലയിരുത്തുന്നതിനായി പൊതു റോഡുകളിലും ജലപാതകളിലും വാഹനങ്ങള്‍ പരീക്ഷിച്ചു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും ആര്‍ടിഎയുടെ കര്‍ശന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ വാഹനവും കൃത്യതാ ഉപകരണങ്ങളും പ്രകടന മാനദണ്ഡങ്ങളും ഉപയോഗിച്ച് സമഗ്രമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി.