
ഗസ്സയില്‍ നടക്കുന്നത് വംശഹത്യ: യുഎന്‍ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
മുഹമ്മദ് നബിയുടെ ജീവിത സന്ദേശത്തിന് പതിന്മടങ്ങ് പ്രസക്തി വര്‍ധിച്ചു
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ വിശാലമായ ഓഡിറ്റോറിയം കഴിഞ്ഞ ദിവസം അത്യപൂര്‍വ്വവും പ്രൗഢഗംഭീരവുമായ പ്രഭാഷണ പരിപാടിക്ക് സാക്ഷിയായി. അറേബ്യന്‍ മരുഭൂമിയുടെ ഊഷരമായ പരിസരത്ത് മാനവികതയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്കിയ മുഹമ്മദ് നബിയുടെ ജീവിത ഏടുകള്‍ ഇനിയും ഉറക്കെ ഉദ്ഘോഷിക്കണം എന്നുണര്‍ത്തുന്ന വേദിയായി മാറി. വശ്യമാര്‍ന്ന വചനങ്ങളിലൂടെ മുഹമ്മദ് നബിയുടെ തിളക്കമാര്‍ന്ന ജീവിതവും സന്ദേശവും മലയാളി മനസ്സുകളില്‍ സന്നിവേശിപ്പിച്ച പണ്ഡിതനും വാഗ്മിയുമായ ഡോ.അബ്ദുസ്സമദ് സമദാനിയുടെ മധുരമനോഹരമായ വാക്കുകള്‍ വീണ്ടും ഒഴുകിയെത്തി. സെന്റര്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ നബിജീവിതത്തിന്റെ ഉദാത്തമായ അനുഭവങ്ങള്‍ സമദാനി പങ്കുവെച്ചപ്പോള്‍ ബോധമനസ്സുകളില് ഉന്നതമായ ചിന്തകള്‍ ഉണര്‍ത്തി. പ്രവാചക പാഠങ്ങളുടെ പ്രസക്തി എറെ വര്‍ധിച്ചുവെന്ന് സമദാനി സമര്‍ത്ഥിച്ചു.
സാംസ്കാരിക ഉന്നതി പ്രാപിച്ചുവെന്ന അവകാശവാദങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്ന് മനുഷ്യത്വവും മൂല്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വ്യക്തിയുടെ അടിസ്ഥാനപരമായ സത്യ സന്ധ്യതയും സമുഹത്തിന്റെ പരസ്പര വിശ്വാസവും അനുദിനം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍ വിശുദ്ധ നബി (സ) യുടെ ജീവിതസന്ദേശത്തിനും അധ്യാപനങ്ങള്ക്കുമുള്ള പ്രസക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യമേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ഏത് രംഗത്തും വ്യാജം കൊടികുത്തിവാഴുകയാണ്. ഇന്റര്‍നെറ്റിന്റെയും നിര്‍മ്മിതബുദ്ധിയുടെയും കൂലംകുത്തിയൊഴുക്കില്‍ എന്തിലും ഫേക്ക് ആധിപത്യം നേടുന്ന അവസ്ഥാവിശേഷം തിരുനബി (സ) പഠിപ്പിച്ച തത്വങ്ങളില്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുള്ളതാണ്. പ്രവാചകാധ്യാപനങ്ങളിലേക്ക് തിരിച്ച് പോയിക്കൊണ്ട് മാത്രമേ മാനവ സംസ്കാരത്തിന്റെ അടിസ്ഥാനങ്ങളെ കാത്ത് രക്ഷിക്കാനാവുകയുള്ളൂ എന്നും സമദാനി പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘിടിപ്പിച്ച പരിപാടിയില്‍ ‘തിരുനബി(സ): സൗമ്യചരിതം മനുഷ്യകുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സമദാനി. പുരോഗമനത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ പെരുകുമ്പോഴും ദയനീയമായ സാംസ്കാരിക അധ:പതനമാണ് മനുഷ്യരാശിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. സകലമൂല്യങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് മൃഗീയവും പൈശാചികവുമായ വാസനകളിലേക്ക് മനുഷ്യര്‍ കൂപ്പ് കുത്തുന്നു. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞു പോവുകയാണ്. മനുഷ്യര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളേയും വിവേചനങ്ങളേയും തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം അധര്‍മ്മങ്ങളില്‍ നിന്നും അന്ധതകളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാനാണ് തിരുനബി(സ) ആഗമനം കൊള്ളുകയുണ്ടായത്.
സകലമനുഷ്യരുടെയും തുല്യതയും സമത്വവും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം അവിടുന്ന് ഉദ്ഘോഷിച്ചു. മനുഷ്യര്‍ക്കിടയിലെ വിവേചനങ്ങള്‍ക്കെതിരെ ശക്തമായ താക്കീത് നല്കി. ദുര്‍ബലരുടെ അവകാശങ്ങള്‍ മാത്രമല്ല, മാന്യതയും സംരക്ഷിച്ചു. അനാഥകളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ ഓര്‍മ്മിപ്പിച്ചു. തൊഴിലാളിയുടെ വിയര്‍പ്പിന്റെ വില ഊന്നിപ്പറയുകയും ഭക്ഷണമുണ്ടാക്കുന്ന ജോലിക്കാരനെ കൂടെയിരുത്തി ഭക്ഷണം കഴിപ്പിക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്തു. ജോലിയെടുക്കുന്ന ഒരാളെയും ദാസനെന്നോ ദാസിയെന്നോ വിളിക്കുന്നതിനെ അവിടുന്ന് വിലക്കി. മനുഷ്യരുടെ മനസ്സിലും അവര്‍ പാര്‍ക്കുന്ന ലോകത്തും സമാധാനം സ്ഥാപിക്കുന്നതാണ് നബി (സ) സന്ദേശം. സകലവിധ ആക്രമങ്ങളെയും നിരപരാധികളായ മനുഷ്യരുടെ രക്തം ചിന്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അവിടുന്ന് കര്‍ശനമായി നിരോധിക്കുകയും ജീവന്റെ വില ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. യുക്തിബോധത്തിലൂന്നിയ ദൈവവിശ്വാസവും മതബോധവുമാണ് തിരുനബി (സ) പഠിപ്പിച്ചത്. അന്ധവിശ്വാസങ്ങളുടെ നാരായവേരറുക്കുന്ന ഏകദൈവ വിശ്വാസത്തിലൂന്നിക്കൊണ്ടുള്ള പ്രമാണങ്ങളിലൂടെ മനസ്സുകളെ അന്ധകാരയുഗത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് തിരുനബി(സ) ചെയ്തത്. അതെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് ആധുനിക യുഗത്തിന്റെ ഉദ്ഘാടകനായി ഏറ്റവും പുതിയ ഇംഗ്ലീഷ് ഗ്രന്ഥകാരന്മാര് പോലും തിരുനബി(സ) യെ വിശേഷിപ്പിക്കുകയുണ്ടായതെന്നും അബ്ദുസ്സമദ് സമദാനി കൂട്ടിച്ചേര്‍ത്തു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ പ്രഭാഷണ പരിപാടി ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി അധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. അഭിലാഷ് ഗോപിക്കുട്ടന് പിള്ള, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, സെന്റര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍, വി.ടി.ബി ദാമോദരന്‍ സംസാരിച്ചു. സെന്റര്‍ ട്രഷറര്‍ നസീര്‍ രാമന്തളി നന്ദി പറഞ്ഞു. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇസ്ലാമിക് സെന്ററിനകത്തും പുറത്തും ആളുകള്‍ നിറഞ്ഞൊഴുകി. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ ഓഡിറ്റോറിയത്തില്‍ സ്ഥലം പിടിച്ചിരുന്നു. പ്രഭാഷണത്തിന്റെ അവസാന വരിവരെ നിശ്ശബ്ദമായി എല്ലാവരും കേട്ടിരിക്കുന്ന കാഴ്ചയായിരുന്നു. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന പ്രഭാഷണത്തിലുടനീളം അസാധാരണമായ ശാന്തിയും ഗാംഭീര്യവും അനുഭവപ്പെട്ടു. സാംസ്കാരിക ഉന്നതി പ്രാപിച്ച വലിയൊരു സദസ്സ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നതിന് സാക്ഷ്യമായി. പ്രവാചകന്റെ വചനങ്ങള്‍ ശ്രവിക്കാനും മനസ്സിലാക്കാനും അത്യധികം ആഗ്രഹിക്കുന്ന വലിയൊരു തലമുറ ഇനിയുമുണ്ടെന്നതിന്റെ സത്യപ്പെടുത്തലായി.
ലോകത്തിന് മാനവികത പഠിപ്പിച്ചത് മുഹമ്മദ് നബി (സ): പത്മശ്രീ എം.എ യൂസഫലി
അബുദാബി: പ്രവാചകന് മുഹമ്മദ് നബി (സ) യുടെ ജീവിതത്തില്‍ ഉന്നതമായത് എന്തെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ജീവിതത്തിലെ ഓരോ ഏടുകളും ഉദാത്തമാണെന്നും പത്മശ്രീ ഡോ.എം.എ യൂസഫലി പറഞ്ഞു. ലോകത്തിന് മാനവികത പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്. പ്രവാചക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ ഒരു പുരുഷായുസ്സ് ശ്രമിച്ചാലും പൂര്‍ണമാവില്ല, അത്രയും വിശാലമാണത്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ച നബിയുടെ ജീവിത സന്ദേശം സമഗ്രമാണ്. മനുഷ്യന് മരണപ്പെട്ടാല്‍, അത് ആരായാലും ജാതിയോ മതമോ കുലമോ നോക്കാതെ ശവശരീരത്തെ ബഹുമാനിക്കണമെന്ന് ലോകത്തെ ആദ്യമായി പഠിപ്പിച്ച മഹാനാണ്. നിങ്ങളില്‍ നിന്നുതന്നെ ഒരാളെ ദൂതനായി നിങ്ങളിലേക്ക് അയക്കുന്നു-എന്നാണ് ഖുര്‍ആന്‍ നബിയുടെ വരവിനെക്കുറിച്ച് അറിയിച്ചത്. സ്വസമൂഹത്തിന്റെ സുകൃതത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മഹാനായ പ്രവാചകനാണ് മുഹമ്മദ് നബി. നിത്യജീവിതത്തില്‍ ഒരു വ്യക്തി പാലിക്കേണ്ട എന്തെല്ലാമുണ്ടോ, അതെല്ലാം സ്വജീവിതത്തില്‍ പാലിച്ച് മാതൃക കാട്ടിയ പ്രവാചകന്. നബി (സ) ജീവിതം മുഴുവനും പാഠമാണ്. പുതിയ തലമുറ ഇത് പഠിക്കാന്‍ തയ്യാറാവണം. യുവതലമുറയിലെ വലിയൊരു വിഭാഗം ദു:ഖകരമായ അവസ്ഥയിലേക്കാണ് സഞ്ചരിക്കുന്നത്. പ്രവാചകന്റെ പ്രായോഗികമായ ജീവിതചര്യക്ക് ഇപ്പോള്‍ ഏറെ പ്രസക്തിയുണ്ടെന്നും അതുള്‍ക്കൊള്ളാന്‍ മുന്നോട്ട് വരണമെന്നും ഉണര്‍ത്തി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സെന്റര്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എ യൂസഫലി.