
ഗള്‍ഫ് ചന്ദ്രിക 4000 സബ്സ്ക്രൈബേഴ്സിന്റെ വിജയ തിളക്കവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി
അര്‍ഷക്ക് കേരള
സൗദി അറേബ്യയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മരുഭൂമിയും മണല്ക്കാടുകളുമാണ്. എന്നാല്‍, ആ കാഴ്ചപ്പാടുകളെ പൂര്‍ണ്ണമായും മാറ്റിമറിച്ച ഒരനുഭവമാണ് അല്‍ബാഹയിലെ റഗ്ദാന്‍ ഫോറസ്റ്റ് പാര്‍ക്കിലേക്കുള്ള യാത്ര. ചുട്ടുപൊള്ളുന്ന ചൂടില്‍നിന്ന് ആശ്വാസമായി, കണ്ണിന് കുളിരേകുന്ന ഒരു കാഴ്ചയാണ് അവിടെ നമ്മെ കാത്തിരിക്കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ പാര്‍ക്ക് പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു പറുദീസ തന്നെയാണ്. മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞ പാതകളിലൂടെയുള്ള യാത്ര ആരെയും ആശ്ചര്യപ്പെടുത്തും. ഉയരമുള്ള മരങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശം, ഇടയ്ക്കിടെ തണുപ്പുള്ള കാറ്റും. ഇത് സൗദി അറേബ്യയാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും പെട്ടെന്ന് കഴിയില്ല. പാര്‍ക്കിനുള്ളില്‍, പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങുന്ന ചെറിയ അരുവികള്‍ ആരെയും ആകര്‍ഷിക്കും. അതിന്റെ ശാന്തമായ ശബ്ദം പ്രകൃതിയുടെ സംഗീതമായി മാറും. സുന്ദരമായ പൂക്കള്‍ നിറഞ്ഞ ചെടികളും പക്ഷികളുടെ കളകളാരവവും ഇവിടത്തെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ചുറ്റുമുള്ള മലനിരകളുടെ ഭംഗി ആസ്വദിച്ച് സമയം ചെലവഴിക്കാന്‍ ഒട്ടേറെ സ്ഥലങ്ങളും ഉണ്ട് ഇവിടെ.
കുടുംബത്തോടൊപ്പം ആസ്വദിക്കാനും സമയം ചെലവഴിക്കാനും പറ്റിയ ഒരിടമായിട്ടാണ് ഈ പാര്‍ക്ക് അനുഭവപ്പെടുക. നടപ്പാതകളിലൂടെ നടത്തം പാര്‍ക്ക് എത്രത്തോളം വൃത്തിയോടെയും ശ്രദ്ധയോടെയുമാണ് പരിപാലിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് കളിക്കാന്‍ വലിയ കളിസ്ഥലങ്ങളും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഫുഡ് കോര്‍ട്ടുകളും ഇവിടെയുണ്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ പാര്‍ക്ക്, ആധുനിക സൗകര്യങ്ങളും പ്രകൃതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ മികച്ച ഉദാഹരണമാണ്. അല്‍ബാഹ നഗരത്തില്‍നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് ഈ പാര്‍ക്ക്. നഗരത്തില്‍നിന്ന് കാറിലോ ടാക്സിയിലോ എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാം. അല്‍ബാഹ വിമാനത്താവളത്തില്‍നിന്ന് പാര്‍ക്കിലേക്ക് ഏകദേശം 45 മിനിറ്റ് യാത്രയുണ്ട്. ഈ യാത്രയില്‍ നമുക്കൊരു കാര്യം ബോധ്യപ്പെടും. സൗദി അറേബ്യ വെറും മരുഭൂമി മാത്രമല്ല, മനോഹരമായ പര്‍വതങ്ങളും, കാടുകളും, അരുവികളും നിറഞ്ഞ ഒരു നാടുകൂടിയാണ്. റഗ്ദാന്‍ ഫോറസ്റ്റ് പാര്‍ക്ക്, സൗദിയുടെ ഈ മറഞ്ഞിരിക്കുന്ന സൗന്ദര്യം നേരിട്ടറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച യാത്രാലക്ഷ്യം തന്നെയാണ്. പ്രകൃതിയുടെ ശാന്തതയില്‍ മുങ്ങി ഒരു പുതിയ അനുഭവം നേടാന്‍ ഇത് ഒരു നല്ല അവസരമാണ്.