
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഭാവി പ്രതിഭകളെ വാര്‍ത്തെടുക്കാനാണ് വേല്‍ക്കാല ക്യാമ്പ്
ദുബൈ: നാഷണല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്സുമായി സഹകരിച്ച് യുഎഇ നാഷണല്‍ പ്രോഗ്രാം ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംഘടിപ്പിക്കുന്ന ഏഴാമത് യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മര്‍ ക്യാമ്പിന് ദുബൈയില്‍ തുടക്കം. യുവാക്കളെ ശാക്തീകരിക്കുക,അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുക,ഏറ്റവും പുതിയ എഐ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് അവരെ സജ്ജരാക്കുക,ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കൃത്രിമ ബുദ്ധി പ്രയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുക,വിവര സാങ്കേതിക വിദ്യയില്‍ ഭാവിക്ക് അനുയോജ്യമായ കഴിവുകള്‍ വികസിപ്പിക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി,ഡാറ്റാ സയന്‍സ്,മെഷീന് ലേണിങ്,വിദ്യാഭ്യാസത്തിലെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍,ആരോഗ്യ സംരക്ഷണം,ധനകാര്യം, വെബ് ഡെവലപ്മെന്റ്, റോബോട്ടിക്സ്,എഐ നൈതികതയും ഭരണവും, സൈബര്‍ സുരക്ഷ,വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ ഏഴ് പ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര വിദ്യാഭ്യാസ അനുഭവമാണ് ക്യാമ്പ് വിഭാവനം ചെയ്യുന്നത്. ഓഗസ്റ്റ് പകുതി വരെ നടക്കുന്ന ഒരു മാസത്തെ എഐ സമ്മര്‍ ക്യാമ്പ് യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ രൂപകല്പന ചെയ്യുന്നതിനും നൂതന സാങ്കേതിക മേഖലകളില്‍ യുവാക്കളുടെ പുരോഗതിക്കായി പ്രോത്സാഹന നല്‍കുന്നതിനും അതിലൂടെ അവരുടെ സാധ്യതകള്‍ വിശാലമാക്കുകയും ചെയ്യുന്നതിനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കുട്ടികള്‍,സ്കൂള്‍,യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍,യുവാക്കള്‍,എഐ,കോഡിങ് വിദഗ്ധര്‍ തുടങ്ങി വിവിധ പ്രായക്കാര്‍,പ്രഫഷണല്‍ പശ്ചാത്തലങ്ങള്‍,സമൂഹത്തിലെ വവിധ വിഭാഗങ്ങള്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വിജ്ഞാന ശില്പശാലകള്,സംവേദനാത്മക സെഷനുകള്‍, ഹാക്കത്തോണുകള്‍,വെല്ലുവിളികള്‍ നേരിടാനുള്ള പരിശീലനം,വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍ എന്നിവയും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ടെന്ന് യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ ഇക്കണോമി,റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് ഓഫീസ് ഡയരക്ടര്‍ ഡോ.അബ്ദുറഹ്മാന് അല്‍ മഹ്്മൂദ് പറഞ്ഞു.