
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ഷാര്‍ജ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുസ്തക വിപണന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ബുക് സെല്ലേഴ്സ് കോണ്‍ഫറന്‍സിന് പ്രൗഢ പരിസമാപ്തി. പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കുന്ന പുസ്തക വില്പന വ്യവസായത്തെ മുന്നോട്ടു നയിക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്കരിച്ചാണ് ദ്വിദിന സമ്മേളനം സമാപിച്ചത്. 92 രാജ്യങ്ങളില്‍ നിന്നുള്ള പുസ്തക വില്പനക്കാര്,പ്രസാധകര്,വ്യവസായ വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 750ലേറെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പുസ്തക വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ വെല്ലുവിളികളെയും പുതിയ കാലത്തെ അവസരങ്ങളെയും അഭിസംബോധന ചെയ്ത സമ്മേളനം എഴുത്തുകാരുടെയും വായനക്കാരുടെയും ഇടയില്‍ സാംസ്കാരിക സംരക്ഷകരും ഇടനിലക്കാരുമായി പുസ്തക വില്പനക്കാരുടെ അനിവാര്യമായി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിച്ചു.
ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബോദൂര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള പുസ്തക വില്പന വ്യവസായം കെട്ടിപ്പടുക്കുന്നതിന് എസ്ബിഎ പ്രതിജ്ഞാബദ്ധമാണെന്ന് ഷാര്‍ജ ബുക് അതോറിറ്റിയുടെ പ്രഫഷണല്‍ കോണ്‍ഫറന്‍സുകളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ അല്‍ ഹസ്സാനി പറഞ്ഞു. മികച്ച രീതികളും നൂതന പദ്ധതികളും പങ്കുവച്ച വിലപ്പെട്ട വേദിയായിരുന്നു സമ്മേളനം. കൂടാതെ പുസ്തക വിപണന മേഖലയുടെ ഭാവിക്ക് അവിഭാജ്യമായ ഘടകങ്ങള്‍ രൂപപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായി. ഇതിന്റെ സ്വാധീനം ഇതിനകം പ്രകടമായി കാണുകയും ചെയ്യുന്നുണ്ട്. പുതിയ സംരംഭങ്ങളിലേക്കും പങ്കാളിത്തങ്ങളിലേക്കും ഇതു നയിക്കുമെന്നും അറിവിന്റെയും സംസ്കാരത്തിന്റെയും ആഗോള തലസ്ഥാനമായി ഷാര്‍ജയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രമുഖ ചിന്തകരുടെ പ്രഭാഷണങ്ങളും പ്രതിഭാധനരായ ഫാക്കല്റ്റികള് നേതൃത്വം നല്കിയ ശില്പശാലകളും വ്യവസായശാക്തീകരണ ചര്‍ച്ചകളും സമ്മേളനത്തെ സമ്പന്നമാക്കി. പരമ്പരാഗത പുസ്തക വില്പനയെ വ്യവസ്ഥാപിതമായ രീതിയിലേക്കു മാറ്റുന്നതിനുള്ള വിലമതിക്കാനാവാത്ത നിര്‍ദേശങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. താലിയ ബുച്ചര്‍ ജിഎംബിഎച്ചിന്റെ മാനേജിങ് പാര്‍ട്ണര്‍ മൈക്കല്‍ ബുഷ് ഇവ്വിഷയകമായി നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. പുസ്തക വില്വനക്കാര് ശീര്‍ഷക ശുപാര്‍ശകള്‍ നല്‍കുന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. 1.9 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വില്പനയും ജര്‍മന്‍ സംസാരിക്കുന്ന രാജ്യങ്ങളില്‍ 530 പുസ്തകശാലകളുമുള്ള താലിയ, വൈവിധ്യമാര്‍ന്ന റീട്ടെയിലറായി വേറിട്ടുനില്ക്കുന്നുവെന്ന് അവര്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കി. പ്രസാധകരും പുസ്തക വില്‍പ്പനക്കാരും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
പുസ്തക വില്‍പ്പന വ്യവസായം പ്രതിവര്‍ഷം 2% എന്ന നിരക്കില്‍ സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നുണ്ട്. ആഗോള സാക്ഷരതാ നിരക്ക് വര്‍ധിച്ചതാണ് ഇതിനു കാരണം. ഒരു വര്‍ഷത്തിനുള്ളില്‍ സാക്ഷരതാ നിരക്ക് 50-60% ല്‍ നിന്ന് 80% ആയി ഉയരുന്നുണ്ടെന്ന് ഫെഡറിക്കോ ലാങ്ങിന്റെ ഗ്ലോബല്‍ ബുക്ക് ക്രാള്‍ വ്യക്തമാക്കി. ഈജിപ്തിലെ പ്രമുഖ സ്വതന്ത്ര പുസ്തകശാല ശൃംഖലയായ ദിവാന്റെ സഹസ്ഥാപകയായ നാദിയ വാസഫ് നയിച്ച സെഷനും സമ്മേളനത്തെ വ്യത്യസ്തമാക്കി. പുസ്തകങ്ങള്‍ വില്‍ക്കുക മാത്രമല്ല,സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രമായി വര്‍ത്തിക്കുന്ന പുസ്തകശാല കെട്ടിപ്പടുക്കുന്നതിനുള്ള തന്റെ യാത്രയെക്കുറിച്ച് അദ്ദേഹം വിവരിച്ചത് കേള്‍വിക്കാരെ ആഴത്തില്‍ സ്വാധീനിച്ചു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനവും ആവിര്‍ഭാവവും മുതലെടുക്കാന്‍ പുസ്തക വില്പനക്കാര്ക്ക് പ്രായോഗിക ഉപകരണങ്ങള്‍ നല്കിയ വര്‍ക്ഷോപ്പുകളും റൗണ്ട് ടേബിള്‍ സെഷനുകളുമായിരുന്നു സമ്മേളനത്തിന്റെ ഹൈലൈറ്റ്. ഓഡിയോബുക്കുകള്‍,ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്,കൃത്രിമബുദ്ധി സംയോജിപ്പിക്കല്‍,പ്രവര്‍ത്തനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യല്‍,മികച്ച കണ്ടെത്തലിനും കമ്മ്യൂണിറ്റി നിര്‍മാണത്തിനുമായി ഡാറ്റ അനലിറ്റിക്സും സോഷ്യല്‍ മീഡിയ ഉപയോഗവും തുടങ്ങിയ ഫോര്‍മാറ്റുകളിലാണ് പ്രസ്തുത സെഷന് പൂര്‍ത്തിയായത്.