
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഷാര്‍ജ: കൊടുംചൂടില്‍ വെന്തുരുകുന്ന സാധാരണക്കാരെയും തൊഴിലാളികളെയും സഹായിക്കാന്‍ ഷാര്‍ജ ചാരിറ്റി അസോസിയേഷന് ‘റിലീഫ് ആന്റ് കംഫര്‍ട്ട്’ വേനല്‍ക്കാല കാമ്പയിന് ആരംഭിച്ചു. ചൂടേറ്റു തളരുന്ന തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് കൂളിങ് ഉപകരണങ്ങളും ഇലക്ട്രിക്കല്‍ വസ്തുക്കളും നല്‍കുന്നതിനൊപ്പം വിവിധ കമ്പനികളിലും ജോലിസ്ഥലങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക് ശീതളപാനീയങ്ങളും വിതരണം ചെയ്യും.
ഏറ്റവും ദുര്‍ബലരായവരെ, പ്രത്യേകിച്ച് കഠിനമായ വേനല്‍ക്കാല ചൂട് നേരിട്ട് ബാധിക്കുന്നവരെ സഹായിക്കുന്നതിനുള്ള ചാരിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ കാമ്പയിനിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അസോസിയേഷന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാര്‍ക്കറ്റിങ് ഡയരക്ടര്‍ മുഹമ്മദ് ഇബ്രാഹീം ബിന്‍ നാസര്‍ പറഞ്ഞു. ഇത്തരക്കാരെ അവരുടെ ദൈനംദിന ജോലി സുരക്ഷിതമായി തുടരാന്‍ സഹായിക്കുന്നതിന് ആശ്വാസവും സംരക്ഷണവും നല്‍കുകയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ചാരിറ്റിയുടെ ഫീല്‍ഡ് ടീമുകള്‍ ജോലിസ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് വെള്ളവും തണുത്ത ജ്യൂസുകളും വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും ബിന്‍ നാസര്‍ പറഞ്ഞു. ഇതോടൊപ്പം ചൂടിന്റെ അപകടങ്ങളെക്കുറിച്ചും ഉയര്‍ന്ന താപനിലയില്‍ എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെ കുറിച്ചും കാമ്പയിന് ടീം ബോധവത്കരണം നടത്തുന്നുണ്ട്.
വേനല്‍ക്കാലത്ത് വീടുകള്‍ കൂടുതല്‍ താമസയോഗ്യമാക്കാന്‍ സഹായിക്കുന്ന കൂളിങ് യൂണിറ്റുകളും അടിസ്ഥാന വൈദ്യുത ഉപകരണങ്ങളും നല്‍കുന്നതിലൂടെ,പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പിന്തുണ നല്കാന് കാമ്പയിനിലൂടെ സാധിക്കുന്നു. ഇത് വെറും സാമ്പത്തിക സഹായം മാത്രമല്ലെന്നും അനുകമ്പയും ശക്തമായ സാമൂഹിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കലുമാണെന്നും ബിന്‍ നാസര്‍ വ്യക്തമാക്കി. ദയ,ദാനം,ഒരുമിച്ച് നില്ക്കല് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് കാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.