
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: ഗസ്സയിലെ അടച്ചുപൂട്ടിയ ബേക്കറികള്‍ പുനരാരംഭിക്കുന്നതിനായി ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണലിന്റെ കൈത്താങ്ങ്. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 യുമായി സഹകരിച്ച് കാമ്പയിന് നടത്താന്‍ ഷാര്‍ജ ചാരിറ്റി തീരുമാനിച്ചു. കഠിനമായ ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ പതിനായിരക്കണക്കിന് ദുരിതബാധിതര്‍ക്ക് പ്രത്യേകിച്ച് കുട്ടികക്കും പ്രായമായവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ദിവസവും റൊട്ടിയും ഭക്ഷണവും നല്‍കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. പദ്ധതിക്ക് പ്രതിമാസം 750,000 ദിര്‍ഹം ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ഉടനടി മാനുഷിക സഹായം നല്‍കുന്നതിനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയാണ് സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ ഖാദിം പറഞ്ഞു. നേരത്തെ ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ഗസ്സയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ 12 കിണറുകള്‍ കുഴിച്ചുനല്കിയിരുന്നു. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഫീല്‍ഡ് കിച്ചണുകള്‍ ആരംഭിച്ചത് ഉള്‍പ്പെടെയുള്ള സംഘടനയുടെ മുന്‍കാല കാമ്പയിനുകളുടെ തുടര്‍ച്ചയാണ് ബേക്കറി പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 20,000 പേര്‍ക്ക് ദിവസവും റൊട്ടി നല്‍കുന്നതിനാണ് ബേക്കറി കാമ്പയിന് ആരംഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് നിലവില്‍ ഭക്ഷ്യ വിതരണത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന ഈ മേഖലയില്‍ ഏറ്റവും വലിയ ഭക്ഷ്യ ദുരിതാശ്വാസ സംരംഭങ്ങളിലൊന്നായി മാറും. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രദേശത്തെ പങ്കാളികളെ ഏകോപിപ്പിച്ച് ജനങ്ങളുടെ അന്തസ്സ് സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.