
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
കുട്ടികള്‍ സൈബര്‍ ഡിറ്റക്ടീവുകളായി
ഷാര്‍ജ: ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന്റെ (എസ്സിആര്‍എഫ്) പതിനാറാം പതിപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ഡിജിറ്റല്‍ ബോധവത്കരണം. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിലെ പ്രധാന ആകര്‍ഷണമായ ‘പാസ്വേഡ് ക്രാക്കിങ്’ വര്‍ക്ഷോപ്പില്‍ കുട്ടികള്‍ സൈബര്‍ ഡിറ്റക്ടീവുകളായി മാറി. സിമുലേറ്റഡ് പോര്‍ട്ടലിലെ പാസ്വേഡ് കണ്ടെത്താനായി വിവിധ ക്ലൂകളും ടൂളുകളും ഉപയോഗിച്ച് ഓരോ കുട്ടിയെയും പ്രത്യേകം പരിശ്രമത്തിലാക്കുന്ന രീതിയിലായിരുന്നു സെഷന് ഒരുക്കിയിരുന്നത്.
ഓരോ പോര്‍ട്ടലിനും വ്യത്യസ്തമായ നിര്‍ദേശങ്ങളുണ്ട്. സാധാരണ പാസ്വേഡുകള് എളുപ്പത്തില്‍ എങ്ങനെ പൊളിക്കപ്പെടുന്നു എന്നത് കുട്ടികള്‍ക്ക് നേരില്‍ കാണാനാകുകയാണ് ലക്ഷ്യം. വളരെ സാങ്കേതികമായി വളര്‍ന്നതായി തോന്നുന്ന ഈ തലമുറക്ക് പോലും ലാപ്ടോപ്പ്,മൗസ്, കീബോര്‍ഡ് തുടങ്ങിയവയുടെ അടിസ്ഥാന ഉപയോഗത്തില്‍ കുഴപ്പമുണ്ട്. സാങ്കേതിക പരിചയം ഡിജിറ്റല്‍ സാക്ഷരതയല്ല എന്നതിന്റെ തെളിവാണിതെന്ന് വര്‍ക്ഷോപ്പ് നിയന്ത്രിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദഗ്ധന്‍ ഇക്രിം അല്ജുലി പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് കുട്ടികളെ അതില്‍ നിന്ന് സംരക്ഷിക്കാന്‍ വായനോത്സവത്തില്‍ ഫലപ്രദമായ ബോധവത്കരണം നടത്തുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ എങ്ങനെ സംരക്ഷിക്കാമെന്ന് പോലും അറിയില്ലെന്നും ഇത്തരം വര്ക്ഷോപ്പുകള് വഴി ഹാക്കിങ്ങിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ശക്തമായ പാസ്വേഡുകള് സൃഷ്ടിക്കാനുള്ള വഴികള്‍ പഠിക്കാനുമാണെന്ന് ഇന്‍സ്ട്രക്ടര്‍ അബ്ദുല്ല റഫാറെ പറഞ്ഞു. ‘12345’ പോലുള്ള എളുപ്പമുള്ള പാസ്വേഡുകള് ഒഴിവാക്കി,അക്ഷരങ്ങള്‍,അക്കങ്ങള്‍,സ്പെഷ്യല്‍ കരക്ടറുകള് എന്നിവ ചേര്‍ന്ന ബലമുള്ള പാസ്വേഡുകള് നിര്‍മിക്കാനും ഇതിലൂടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എത്തിക്കല്‍ ഹാക്കിങ്’ എന്ന പ്രമേയത്തിലാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്. തങ്ങളുടെ കഴിവുകള്‍ നന്മയ്ക്കായി ഉപയോഗിക്കുന്ന കുട്ടികളെ ‘വൈറ്റ് ഹാറ്റ്’ ഹാക്കര്‍മാരുടെ റോളിലേക്ക് കൊണ്ടുവരുന്നതായിരുന്നു ശില്പശാല. ആറ് അക്ഷരങ്ങളുള്ള പാസ്വേഡ് 11 മണിക്കൂറിനുള്ളില്‍ പൊളിക്കാവുന്നതാണ്. ഒമ്പത് അക്ഷരങ്ങളുള്ളതായാല് അതു പൊളിക്കാന്‍ ആയിരം വര്‍ഷം വേണ്ടിവരുമെന്ന് ഇക്രിം ഉദാഹരണമായി പറഞ്ഞു. മെയ് 4 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവം കുടുംബങ്ങള്‍ക്കും അധ്യാപകര്‍ക്കുമായി ധാരാളം അനുഭവങ്ങളും തത്സമയം പഠിക്കാന്‍ കഴിവുള്ള വര്‍ക്ഷോപ്പുകളും ഒരുക്കിയിരിക്കുകയാണ്. പ്രവേശനംതികച്ചും സൗജന്യമാണ്.