
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
മൂന്ന് വര്‍ഷം വരെ അവധി നീട്ടാം
ഷാര്‍ജ: സര്‍ക്കാര്‍ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കുള്ള ‘കെയര്‍ ലീവ്’ ഷാര്‍ജയില്‍ പ്രാബല്യത്തില്‍ വന്നു. തുടര്‍ച്ചയായ ആരോഗ്യ പരിചരണം ആവശ്യമുള്ള രോഗിയായതോ അല്ലെങ്കില്‍ അംഗവൈകല്യമുള്ളതോ ആയ കുട്ടിയെ പ്രസവിക്കുന്ന അമ്മമാര്‍ക്കാണ് ‘കെയര്‍ ലീവ്’ ആനുകൂല്യം ലഭിക്കുക. യോഗ്യതയുള്ള മെഡിക്കല്‍ അതോറിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുക. തുടക്കത്തില്‍ ഇത് ഒരു വര്‍ഷത്തെ ശമ്പളമുള്ള പ്രസവാവധിക്കൊപ്പം അനുവദിക്കും. പിന്നീട് മെഡിക്കല്‍ പരിശോധനയുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം വരെ അവധി നീട്ടാവുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ അവധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും മെഡിക്കല്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റിട്ടേണ്‍ ടു വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും ചെയ്യും. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ അവധി നീട്ടേണ്ട സാഹചര്യം വന്നാല്‍ കൂടുതല്‍ അവലോകനത്തിനായി വിഷയം ഹയര്‍ കമ്മിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസിന് റഫര്‍ ചെയ്യണം.
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസമാണ് പുതിയ അവധി സമ്പ്രദായത്തിന് അംഗീകാരം നല്‍കിയത്. ഭരണാധികാരിയുടെ പത്നി ശൈഖ ജവഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമി ചെയര്‍പേഴ്സണായ ‘നാമ’യുടെ നേതൃത്വത്തില്‍ ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസുമായി സഹകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അവധിഅനുവദിച്ചത്.