
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ: വ്യവസായ മേഖലയില്‍ വീണ്ടും വന്‍ തീ പിടിത്തം. വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശ നഷ്ടം. അശ്രദ്ധ മൂലമുണ്ടാവുന്ന അഗനി ബാധ തുടര്‍ സംഭവമായതോടെ കര്‍ശന നടപടികളുമായി അധികൃതര്‍. തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ വ്യവസായ മേഖല ആറിലാണ് അഗ്നിബാധ ഉണ്ടായത്. വാഹനങ്ങളുടെ ഉപയോഗിച്ച സ്പെയര്‍ പാര്‍ട്സുകളുടെ വില്പന മേഖലയിലാണിത്. അപകട സമയത്ത് തൊഴിലാളികളും ഇടപാടുകാരുമായി നിരവധി പേര് ഈ ഭാഗത്ത് ഉണ്ടായിരുന്നു എങ്കിലും തീ വ്യാപിക്കും മുമ്പ് എല്ലാവരും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു, അതിനാല്‍ ആളപായമില്ല. ചെറിയ തീ പൊരി പോലും ദുരന്തമായി മാറാന്‍ സാധ്യതയുള്ള കേന്ദ്രമാണിത്. ഉപയോഗിച്ച വാഹനങ്ങളുടെ ഓയിലില്‍ മുങ്ങിയതും പെട്രോള്‍ ഡീസല്‍ ഇന്ധനം പുരണ്ടതുമായ ഉല്പന്നങ്ങളാണ് ഇവിടെ ശേഖരിച്ചു വെച്ചിരുന്നത്. വാഹനങ്ങളുടെ പൊളിച്ചു മാറ്റിയ ഭാഗങ്ങളും കൂട്ടിയിട്ടിരുന്നു. ഇത് കാരണം നൊടിയിടല് തീ പടര്‍ന്നു പിടിച്ചു. പുക പടലങ്ങള്‍ ഉയര്‍ന്ന് പൊങ്ങിയതിനാല്‍ വ്യവസായ മേഖല അപ്പാടെ ഇരുട്ട് മൂടിയ അവസ്ഥയിലായി. വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിക്കുകയും വൈദ്യുതി ബന്ധം വിച്ചേദിക്കുകയും ചെയ്തതിന് ശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ സമീപ വെയര്‍ ഹൗസുകളിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ കരുതല്‍ നടപടികളും സ്വീകരിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമം വേണ്ടി വന്നു തീ നിയന്ത്രണ വിധേയമാക്കാന്‍.
പ്രധാനമായും പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് പൗരന്മാരാണ് ഇവിടത്തെ കച്ചവടക്കാരും തൊഴിലാളികളും. യുഎഇയിലെ മിക്ക എമിറേറ്റുകളില്‍ നിന്നും ഇടപാടുകാരെത്തുന്ന ഏരിയ കൂടിയാണിത്. ഒമാന്‍ പോലുള്ള അതിര്‍ത്തി രാജ്യക്കാരും ഇവിടെത്തെ ഉപയോക്താക്കളുടെ കൂട്ടത്തിലുണ്ട്. പഴഞ്ചനടക്കം ഏത് മോഡല്‍ വാഹനങ്ങളുടെയും ഉപയോഗിച്ച സ്പെയര്‍ പാര്‍ട്സുകള്‍ ചുരുങ്ങിയ വിലക്ക് ഇവിടെ ലഭിക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ബുധനാഴ്ച വ്യവസായ മേഖല 17ല്‍ ഉണ്ടായ തീ പിടുത്തത്തിലൂടെ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഫ്രോസണ്‍ ഭക്ഷ്യോല്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഇവിടെ മണിക്കൂറുകള്‍ക്കകം അഗ്നി വിഴുങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തിലും ഷാര്‍ജ വ്യവസായ മേഖലകളില്‍ തീ പിടുത്തമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയ പത്തില്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ് കേന്ദ്രത്തിലുണ്ടായ തീ പിടുത്തം വന്‍ തുകയുടെ നാശ നഷ്ടത്തിന് കാരണമായി. ആഗസ്റ്റ് 9 ന് ഹംരിയ്യ ഫ്രീ സോണിലെ വസ്ത്ര നിര്‍മ്മാണ ശാലയിലും അഗ്നി ബാധയുണ്ടായി. കടുത്ത ചൂട് കാലമായതും, ഗുണ നിലവാരമില്ലാത്ത വയര്‍ അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം മൂലമുള്ള വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടും, വലിച്ച ശേഷം തീയോട് കൂടിയ സിഗററ്റുകള്‍ അശ്രദ്ധമായി ഉപേക്ഷിക്കുന്നതുമല്ലാം വ്യവസായ മേഖലയില്‍ തീ പിടുത്തം ക്ഷണിച്ച് വരുത്തുന്ന കാരണങ്ങളാണ്.