
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഷാര്‍ജ: ‘എന്റെ പൂര്‍വികരുടെ തൊഴിലുകള്‍,എന്റെ ഭാവി രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തില്‍ ജൂലൈ,ആഗസ്ത് മാസങ്ങളിലായി ഷാര്‍ജ മ്യൂസിയംസ് അതോറിറ്റിയുടെ (എസ്എംഎ) അഞ്ച് മ്യൂസിയങ്ങളില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വേനല്‍ക്കാലം കുട്ടികളുടെ സര്‍ഗാത്മകതയുടെയും പുതിയ കണ്ടെത്തലുകളുടെയും വിനോദത്തിന്റെയും സംഗമ സമയമാക്കി മാറ്റാനാണ് മ്യൂസിയം അതോറിറ്റി വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ജിജ്ഞാസയും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനും പഠിക്കാനും കളിക്കാനും വളരാനും സഹായിക്കുന്ന സമ്പന്നമായ അനുഭവങ്ങള്‍ നല്കുന്നതിനുമുള്ള മ്യൂസിയം അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ആകര്‍ഷകമായ ഈ പരിപാടികള്‍. രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ നേരത്തെ തന്നെ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ജൂലൈ 14 മുതല്‍ 17 വരെയും 21 മുതല്‍ 24 വരെയും നടക്കുന്ന പരിപാടിയില്‍ കൃഷി,മണ്‍പാത്ര നിര്‍മാണം,വേട്ടയാടല്‍,വ്യാപാരം തുടങ്ങിയ പുരാതന വ്യാപാര മാര്‍ഗങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തും. പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും രസകരമായ ശില്പശാലകളിലൂടെയും കുട്ടികള്‍ ആദ്യകാല നാഗരികതയുടെ വേരുകളുമായി ബന്ധപ്പെടുകയും ഈ തൊഴിലുകള്‍ ഇന്നും ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുകയും ചെയ്യും. ഇസ്്ലാമിക ചരിത്രം,ശാസ്ത്രം,സംസ്കാരം,കല എന്നിവയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്്ലാമിക് സിവിലൈസേഷനിലെ 5,000ത്തിലധികം പുരാവസ്തുക്കള്‍ 10 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പരിചയപ്പെടുത്തുന്നതിന് ജൂലൈ 14 മുതല്‍ 24 വരെ ‘ക്രിയേറ്റിങ് വിത്ത് ഔവര്‍ ഓണ്‍ ഹാന്റ്സ്’ പ്രോഗ്രാം സംഘടിപ്പിക്കും. നിറങ്ങള്‍,മൊസൈക്കുകള്‍,ശിലാകല,മരപ്പണി,നെയ്ത്ത്,പരമ്പരാഗത വാളുകളുടെയും കഠാരകളുടെയും സങ്കീര്‍ണമായ അലങ്കാരം എന്നിവ പങ്കുവക്കുന്ന കലാപരമായ വര്‍ക്ക്ഷോപ്പുകളും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.
9 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ജൂലൈ 28 മുതല്‍ ആഗസ് 7 വരെ ഷാര്‍ജ അക്വേറിയത്തിലെ സമുദ്രജീവികളെ കണ്ടെത്താന്‍ അണ്ടര്‍വാട്ടര്‍ യാത്ര സംഘടിപ്പിക്കും. സമുദ്ര വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്യാമ്പില്‍ പ്രാദേശിക മത്സ്യങ്ങള്‍,പവിഴപ്പുറ്റുകള്‍, അപൂര്‍വ സമുദ്രജീവികള്‍ എന്നിവയെ അടുത്തുനിന്ന് കാണാനും മനസിലാക്കാനും സാധിക്കും.