
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഷാര്‍ജ: യുഎഇ 3.5 ദശലക്ഷത്തിലധികം നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ വില്പന നടത്താനുള്ള ശ്രമം തകര്‍ത്ത് ഷാര്‍ജ പൊലീസ്. ‘ബോട്ടം ഓഫ് ഡാര്‍ക്ക്നെസ്’ എന്ന പേരില്‍ ഷാര്‍ജ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ്,അബുദാബി പൊലീസ്,ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് എന്നിവരെ ഏകോപിപ്പിച്ച് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കുറ്റവാളികളെ ഷാര്‍ജ പൊലീസ് പിടികൂടിയത്. യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം ചെയ്യാനായിരുന്നു കുറ്റവാളികളുടെ നീക്കം. മയക്കുമരുന്ന് മറച്ചുവെക്കാനും പിടിക്കപ്പെടാതിരിക്കാനും സംഘം മികച്ച ഒളിത്താവള വിദ്യകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാണ് ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. സുരക്ഷാ സംഘങ്ങള്‍ വേഗത്തില്‍ ഇടപെട്ട് ഇവ അടച്ചുപൂട്ടിയതോടെ സംഘത്തിന്റെ പദ്ധതി പരാജയപ്പെടുകയായിരുന്നു. വിശദമായ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഗുളികകള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട സംഘം അധികാരികളില്‍ നിന്ന് മറയ്ക്കാന്‍ ഇന്റര്‍ലോക്ക് ഫ്ളോര്‍ ടൈലുകള്‍ കൊണ്ട് മൂടിയിരുന്നു. ടീം വര്‍ക്കിന്റെയും കൃത്യമായ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തിന്റെയും വിപുലമായ അന്വേഷണ ശ്രമങ്ങളുടെയും ഫലമായാണ് ക്രിമിനലുകളുടെ ശ്രമം പരാജയപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ബ്രിഗേഡിയര്‍ അല്‍ അസം പറഞ്ഞു.