
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: യുഎഇയില്‍ വേനല്‍ക്കാല ചൂട് കുതിച്ചുയരുന്ന സാഹചര്യത്തില്‍ എമിറേറ്റിലെ റോഡുകള്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഷാര്‍ജ പൊലീസ് പരിശോധനകള്‍ ശക്തമാക്കി. ലളിതമായ ഒരു വാഹന പരിശോധനയിലൂടെ ജീവന് രക്ഷിക്കാം എന്ന സന്ദേശത്തിലാണ് എമിറേറ്റിലെ ചുട്ടുപൊള്ളുന്ന റോഡുകളെ ഷാര്‍ജ പൊലീസ് അപകടമുക്തമാക്കുന്നത്. അടുത്തിടെ നടന്ന കാമ്പയിനില്‍ പതിവ് വാഹന പരിശോധനകളുടെ പ്രാധാന്യത്തെ കുറിച്ച് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡന്റ് എടുത്തുപറഞ്ഞിരുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്തെ കടുത്ത ചൂട് ചെറിയ സാങ്കേതിക പ്രശ്നങ്ങളെ വലിയ റോഡപകടങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. ടയറുകളാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. അവ പലപ്പോഴും കനത്ത ചൂടിന്റെ ആഘാതത്തില്‍ അപകടമുണ്ടാക്കുന്നു. വേനല്‍ക്കാല ചൂട് വാഹനങ്ങളില്‍ അധിക സമ്മര്‍ദമുണ്ടാക്കുമെന്ന് ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് ഡയരക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അലൈ വിശദീകരിച്ചു. അതുകൊണ്ടാണ് ടയര്‍ പ്രഷറും കണ്ടീഷനും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെടുന്നതെന്നും ടയര്‍ ശ്രദ്ധിക്കാതിരുന്നാല്‍ മാരകമായ അപകടസാധ്യത സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇതു ബോധ്യപ്പെടുത്താനാണ് ട്രാഫിക് പട്രോളിങ് നടത്തുന്നവര്‍ പ്രത്യേകിച്ച് ഹെവി വാഹനങ്ങളില്‍ പരിശോധനകള്‍ നടത്തുന്നത്. ഇത് കേവലം പരിശോധന മാത്രമല്ല,വാഹനങ്ങളുടെ ശരിയായ അറ്റകുറ്റപ്പണികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കാനും കൂടിയാണ്. റോഡിലൂടെ പോകുന്ന എല്ലാവരെയും സുരക്ഷിതരാക്കണം. ബീച്ചിലേക്ക് പോകുന്ന കുടുംബങ്ങള്‍ മുതല്‍ ദീര്‍ഘദൂര യാത്രകളിലെ ട്രക്കര്‍മാര്‍ വരെ അപകടങ്ങളില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവ് പരിശോധനകള്‍ തകരാറുകളും ഗുരുതരമായ അപകടങ്ങളും തടയാന്‍ സഹായിക്കുമെന്നും ടയര്‍ പരിശോധനകളിലൂടെ നിരവധി പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ലൈസന്‍സിങ് വകുപ്പ് ഡയരക്ടര്‍ കേണല്‍ ഖാലിദ് മുഹമ്മദ് അല്‍ കേ പറഞ്ഞു. സോഷ്യല്‍ മീഡിയ,പൊതു സേവന പ്രഖ്യാപനങ്ങള്‍,കമ്മ്യൂണിറ്റി ഔട്ട്റീച്ച് സംരംഭങ്ങള്‍ എന്നിവയിലൂടെ ലഭ്യമായ എല്ലാ ചാനലുകളും ഉപയോഗപ്പെടുത്തി ഷാര്‍ജ പൊലീസ് പൊതുജനങ്ങളെ ബോധവത്കരിക്കുന്നു. റോഡ് സുരക്ഷ പൊലീസിനു മാത്രമല്ല,ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്നും ഡ്രൈവര്‍മാര്‍ ഇത് ഭംഗിയായി നിറവേറ്റുമ്പോള്‍ എല്ലാവര്ക്കും പ്രയോജനം ലഭിക്കുമെന്നും കേണല്‍ അലേ കൂട്ടിച്ചേര്‍ത്തു.