
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളുടെ പട്ടികയില്‍ ഉയര്‍ന്ന റാങ്കിംങ്. പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്ലാറ്റ്ഫോമായ ട്രിപ്പ്അഡ്വൈസറിന്റെ 2025 ലെ ആഗോള റിപ്പോര്‍ട്ടില്‍ ശൈഖ് സായിദ് പള്ളിക്ക് ആഗോള തലത്തില്‍ എട്ടാം സ്ഥാനം ലഭിച്ചു. ടോപ്പ് ആട്രാക്ഷന്സ് വിഭാഗത്തിലാണ് 25 വിശിഷ്ട ലാന്‍ഡ്മാര്‍ക്കുകളില്‍ ആഗോളതലത്തില്‍ എട്ടാം സ്ഥാനത്തെത്തിയത്. ഈ വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പര്‍ ആകര്‍ഷണം എന്ന സ്ഥാനം നിലനിര്‍ത്തി. മേഖലയിലെ ഏറ്റവും മികച്ച പത്ത് സൈറ്റുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. ലോകമെമ്പാടുമുള്ള എട്ട് ദശലക്ഷത്തിലധികം ലാന്‍ഡ്മാര്‍ക്കുകളുടെ പട്ടികയില്‍ നിന്നാണ് റാങ്കിംങ് നിശ്ചയിക്കുന്നത്.
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ വോട്ടെടുപ്പ് പ്രകാരം ലാന്‍ഡ്മാര്‍ക്കുകളില്‍ ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് മികച്ച 10 ശതമാനം പട്ടികയില്‍ ഇടം നേടി. പള്ളിയില്‍ അടുത്തിടെ സന്ദര്‍ശക സേവനങ്ങള്‍ സജീവമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഈ നേട്ടം പ്രത്യേകിച്ചും ശ്രദ്ധേയമാണ്.
രണ്ട് പള്ളികളും നേടിയ ഈ നാഴികക്കല്ലുകള്‍ ആഗോള ടൂറിസം ഭൂപടത്തില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ലാന്‍ഡ്മാര്‍ക്കുകളായി ഇവ രണ്ടും മാറിയിരിക്കുന്നു. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിന് ലഭിച്ച ആഗോള അംഗീകാരം യുഎഇയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നതായി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്ററിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. യൂസിഫ് അല്‍ ഒബൈദ്ലി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അതിഥികള്‍ക്ക് അസാധാരണമായ സൗകര്യങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമാണിത്. പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും നടത്തുന്ന ഒരു മതകേന്ദ്രം എന്നതിനപ്പുറം മസ്ജിദിന്റെ പങ്ക് വ്യാപിക്കുന്നു. ഇത് നാഗരികതയുടെയും സംസ്കാരത്തിന്റെയും പ്രതീകമായി മാറിയിട്ടുണ്ട്. യുഎഇയുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇത് ഉദ്ഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷത്തിലധികം സന്ദര്‍ശകരെയും ആരാധകരെയും സ്വാഗതം ചെയ്യുന്ന ഏക സാംസ്കാരിക ടൂറിസം കേന്ദ്രമായി അറിയപ്പെട്ടിരിക്കുന്നു. മസ്ജിദിന്റെ ശാന്തമായ ഇടങ്ങളില്‍, വ്യത്യസ്ത സംസ്കാരങ്ങളിലും വിശ്വാസങ്ങളിലുമുള്ള ആളുകള്‍ ഒത്തുചേരുന്നുവെന്നത് ഈ കേന്ദ്രം ഉയര്‍ത്തുന്ന മാനവിക മൂല്യത്തെ വ്യക്തമാക്കുന്നു. പ്രദര്‍ശന ഹാളുകള്‍, ഓഡിറ്റോറിയം, ലൈബ്രറി എന്നിവ ഉള്‍പ്പെടുന്ന സന്ദര്‍ശക കേന്ദ്രം മുതല്‍ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ കടകള്‍, വിനോദ ഇടങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സൂഖ് അല്‍ ജാമി വരെ ഇത് പ്രദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് അസാധാരണമായ സാംസ്കാരിക അനുഭവങ്ങള്‍ നല്‍കുന്നതിനായി മികച്ച ദേശീയ ടീം ഇവിടെ പ്രവര്‍ത്തിക്കുന്നു.