സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: ദുബൈ ഹെല്‍ത്തില്‍ 15 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച നഴ്സുമാര്‍ക്ക് ദുബൈ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനത്തിന് ഗള്‍ഫ് ‘മാലാഖ’മാരുടെ നിറഞ്ഞ കയ്യടി. നഴ്സുമാര്‍ സമൂഹത്തിന് നല്കിയ വിലമതിക്കാനാവാത്ത സംഭാവനകളെയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവര്‍ നല്കിയ നിര്‍ണായക പങ്കിനെയും അംഗീകരിച്ചാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ശൈഖ് ഹംദാന്‍ ദുബൈയിലെ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.
ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ നഴ്സിങ് ജീവനക്കാര്‍ മുന്‍പന്തിയിലാണെന്നും ആരോഗ്യകരമായ ഒരു സമൂഹത്തെയും മെച്ചപ്പെട്ട ജീവിത നിലവാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ അത്യാവശ്യ പങ്കാളികളായി അവര്‍ വര്‍ത്തിക്കുന്നുവെന്നും ദുബൈ കിരീടാവകാശി ഊന്നിപ്പറഞ്ഞു.
രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമര്‍പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. ദുബൈ സര്‍ക്കാര്‍ നഴ്സുമാരുടെ മികവിനെ വിലമതിക്കുന്നുവെന്നും ആത്മാര്‍ത്ഥതയോടെ സേവനം ചെയ്യുന്നവരെ ആദരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണ വിദഗ്ധരെ പിന്തുണയ്ക്കുന്നതിനും സമൂഹത്തെ സേവിക്കുന്നത് തുടരാന്‍ അവരെ പ്രാപ്തരാക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള ദുബൈ ഭരണകൂടത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് ശൈഖ് ഹംദാന്റെ പ്രഖ്യാപനം.
യുഎഇയിലെ നഴ്സിങ് ജീവനക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിനും ഈ മേഖലയോടുള്ള സമര്‍പണത്തിനും അംഗീകാരം ലഭിക്കുന്നത് ഇതാദ്യമല്ല. 2021 നവംബറില്‍ മുന്‍നിര തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ദുബൈയിലെ മികച്ച സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്കും ശൈഖ് ഹംദാന്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.