
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ലോക വേദികളില്‍ ഇന്ത്യയുടെ ഇടപെടലുകളെ ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു
അബുദാബി: കാലത്തിന്റെ ചരിത്ര പുസ്തകത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്ത ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം യുഎഇക്ക് നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തിന്റെ നല്ല നാളുകള്‍. തന്ത്രപ്രധാന മേഖലകളിലെ പുതിയ കരാറുകളും സഹകരണങ്ങളും യുഎഇയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ശരവേഗം നല്‍കും. വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളുമായി പങ്കാളിത്തം വളര്‍ത്തിയെടുക്കുന്ന യുഎഇയുടെ ഉറച്ചകാല്‍വെപ്പാണ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം. വികസനം,നിക്ഷേപം,വിജ്ഞാന കൈമാറ്റം എന്നിവയില്‍ ചലനാത്മകമായ പലപദ്ധതികള്‍ക്കും സന്ദര്‍ശനം ഗുണം ചെയ്യും.
ലാകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയുടെ വിശാലമായ സാധ്യതകളിലേക്കാണ് ശൈഖ് ഹംദാന്‍ കടന്നുചെന്നത്. മെച്ചപ്പെട്ട ലോകത്തിനായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ യുഎഇയുടെ നിര്‍ണായക ചുവടുവെപ്പായിട്ടാണ് ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതോടൊപ്പം ദുബൈയുടെ ആഗോള മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും നിക്ഷേപവും വികസനവും ചലനാത്മകമാക്കുന്നതിനും സഹായകമാകും. മൂന്നു വര്‍ഷം മുമ്പ് ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ (സിഇപിഎ) ശക്തിപ്പെടുത്തിയ യുഎഇ-ഇന്ത്യ ബന്ധത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം എന്നതും ഏറെ ശ്രദ്ധേയമാണ്. പ്രതിരോധം,വ്യാപാരം,സാങ്കേതികവിദ്യ,ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായി പുതിയ കരാറുകളുണ്ടാക്കാനും യുഎഇക്ക് സാധ്യമായിട്ടുണ്ട്.
സൈനിക സഹകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ശൈഖ് ഹംദാന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് രാജ്നാഥ് സിങ്ങും ശൈഖ് ഹംദാനും ചര്‍ച്ച ചെയ്തത്. പ്രതിരോധ വ്യവസായങ്ങള്‍,സൈനിക പരിശീലനം,നൈപുണ്യ വികസനം,സാങ്കേതിക കൈമാറ്റം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി. നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ രാജ്യങ്ങളുടെ പൊതുവായ താല്പര്യത്തിന് അനുസൃതമായി പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സംയുക്ത പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥതല ചര്‍ച്ചയും നടന്നു.
പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷാ വിഷയങ്ങളില്‍ പതിവ് കൂടിയാലോചനയുടെയും ഏകോപനത്തിന്റെയും പ്രാധാന്യം ഇരുമന്ത്രിമാരും എടുത്തുപറഞ്ഞു. രാജ്യങ്ങളുടെ വിശാലമായ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഘടകമാണ് പ്രതിരോധ ബന്ധങ്ങളെന്ന് ശൈഖ് ഹംദാനും രാജ്നാഥ് സിങ്ങും അഭിപ്രായപ്പെട്ടു.നിലവിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുകയും ആഗോള സംഘര്‍ഷങ്ങള്‍ക്കുള്ള സംഭാഷണവും നയതന്ത്ര പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു. സുസ്ഥിരമായ സാമ്പത്തിക,സാമൂഹിക വികസനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സ്ഥിരത വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു.
നയതന്ത്ര ബന്ധം
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യം ജയ്ശങ്കറുമായി ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തവും ദീര്‍ഘകാലവുമായ ബന്ധങ്ങള്‍ ശൈഖ് ഹംദാന്‍ പങ്കുവച്ചു. വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ സൗഹൃദത്തെയും പരസ്പര സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ സംഭാഷണങ്ങളെയും അടിവരയിടുന്നതായിരുന്നു കൂടിക്കാഴ്ച.
അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയുടെ ഇടപെടലിനെയും സൃഷ്ടിപരമായ ശ്രമങ്ങളെയും ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു. ബഹുരാഷ്ട്ര വേദികളില്‍ യുഎഇയുടെയും ഇന്ത്യയുടെയും ഇടപെടലുകളും സംഭാഷണം,സഹകരണം,പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി,അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹീം അല്‍ ഹാഷിമി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ,റിമോട്ട് വര്‍ക്് ആപ്ലിക്കേഷനുകള്‍ എന്നീ വകുപ്പുകളുടെ സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലാമ,പ്രതിരോധ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്.ജനറല്‍ ഇബ്രാഹീം നാസര്‍ അല്‍ അലവി,പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയരക്ടര്‍ മേജര്‍ ജനറല്‍ ഖലീഫ റാഷിദ് അല്‍ ഹംലി, ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അബ്ദുന്നാസര്‍ ജമാല്‍ അല്‍ ഷാലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.