
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
പൗരപ്രമുഖര്‍,വ്യവസായികള്‍,നിക്ഷേപകര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ദുബൈ: സമൂഹത്തിന്റെ സര്‍വ മേഖലകളിലുമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും ചിന്തകളുമാണ് രാഷ്ട്ര വികസനത്തിന്റെ കാതലായ കരുത്തെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍,പൊതു-സ്വകാര്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍,പൗരപ്രമുഖര്‍,വ്യവസായികള്‍,നിക്ഷേപകര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘവുമായി ദുബൈ യൂണിയന് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ദേശീയ പുരോഗതിക്കും നവീകരണത്തിനുമുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളെ യോഗം വിലയിരുത്തി. ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം നമുക്കും സഞ്ചരിക്കണം. അതിനായി പൊതുസ്ഥാപനങ്ങള്‍,സ്വകാര്യ സംരംഭങ്ങള്‍,പൗരന്മാര് എന്നിങ്ങനെ സര്‍വ സാമൂഹിക മേഖലകളിലുമുള്ളവരുടെ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന മേഖലകളില്‍ ലോകത്തെ മുന്‍നിരാ രാജ്യമെന്ന നിലയില്‍ യുഎഇയുടെ പദവി ശക്തിപ്പെടുത്തുന്നതിന് ഈ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. തന്ത്രപരമായ നിക്ഷേപം,ശക്തമായ സാമൂഹ്യബോധം,ആഗോള സഹകരണത്തോടുള്ള തുറന്ന മനസ്,നവീകരണവും സര്‍ഗാത്മകതയും സ്വീകരിക്കാനുള്ള പ്രതിബദ്ധത എന്നിവയിലൂടെയാണ് യുഎഇയുടെ വികസന പാത രൂപപ്പെടുന്നത്.
ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,ദുബൈ മീഡിയ ഇന്‍കോര്‍പ്പറേറ്റഡ് ചെയര്മാന് ശൈഖ് ഹാഷര്‍ ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം എന്നിവരും ശൈഖ് മുഹമ്മദിന്റെ കൂടെയുണ്ടായിരുന്നു. ദുബൈയുടെ വികസന യാത്ര വ്യക്തമായ കാഴ്ചപ്പാടിലും അചഞ്ചലമായ അഭിലാഷത്തിലുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ബിസിനസ്,നിക്ഷേപം,കഴിവുകള്‍ എന്നിവയ്ക്ക് ജനങ്ങള്‍ക്കിഷ്ടപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ദുബൈയെ വളര്‍ത്തിയ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയാണ് എമിറേറ്റിന്റെ പുരോഗതിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി നവീകരണം,തുറന്ന മനസ്,മത്സരശേഷി എന്നിവയില്‍ അധിഷ്ഠിതമായ വ്യതിരിക്ത വികസന മാതൃകയാണ് ദുബൈ പിന്തുടരുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം,സര്‍ക്കാര്‍ സേവനങ്ങള്‍,ആഗോള പ്രവണതകളോടും ഡിജിറ്റല്‍ വിപ്ലവത്തോടും യോജിക്കുന്ന പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂര്‍ണവുമായ സാമ്പത്തിക മാതൃകകളിലേക്കുള്ള മാറ്റം എന്നിവയില്‍ ഇനിയും കൂടുതല്‍ നവീകരണങ്ങള്‍ നടക്കേണ്ടതുണ്ട്. നൂതന സാങ്കേതിക വിദ്യയും സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറും നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സുസ്ഥിരമായ സമ്പദ്വ്യവസ്ഥയുമാണ് ദുബൈയുടെ ഭാവി രൂപപ്പെടുത്തുന്നത്. നിക്ഷേപകരുടെയും സംരംഭകരുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ചില നിയമനിര്‍മാണങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈ അതിന്റെ സാമ്പത്തിക,ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്നത് തുടരും. ഫലപ്രദമായ പദ്ധതികള്‍ ആരംഭിക്കുക,ലോകോത്തര പ്രതിഭകളെ ആകര്‍ഷിക്കുക,ആഗോള കമ്പനികളുടെ പ്രധാന കേന്ദ്രമായി തുടരുക എന്നിവയാണ് ലക്ഷ്യം. കഠിനാധ്വാനം,ദീര്‍ഘകാല ആസൂത്രണം,ഒന്നും അസാധ്യമല്ല എന്ന ആത്മവിശ്വാസം എന്നിവയിലൂടെയാണ് ഇതെല്ലാം നാം നേടിയെടുക്കുന്നതെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.