
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ആസിയാന്‍-ജിസിസി-ചൈന ഉച്ചകോടി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ഉദ്ഘാടനം ചെയ്തു
ക്വാലാലംപൂര്‍: പരസ്പര സൗഹൃദവും സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്താന്‍ ഒരേ മനോഭാവമുള്ള രാജ്യങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു. മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍-ജിസിസി-ചൈന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ചാണ് സഊദ് ബിന്‍ സഖര്‍ പങ്കെടുക്കുന്നത്. ലോകത്തിന് എക്കാലത്തേക്കാളും കൂടുതല്‍ ഐക്യം ആവശ്യമുള്ള സമയത്താണ് ഉച്ചകോടി നടക്കുന്നത്.
നമ്മുടെ രാഷ്ട്രങ്ങളെ ഉയര്‍ത്തുന്നതിനും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും വരുംതലമുറകള്‍ക്ക് സമൃദ്ധമായ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ കൂട്ടായ ശ്രമങ്ങളും അന്താരാഷ്ട്ര സഹകരണവുമാണെന്ന് യുഎഇ ശക്തമായി വിശ്വസിക്കുന്നുവെന്നും സഊദ് ബിന്‍ സഖര്‍ വ്യക്തമാക്കി. ഇന്ന് നമ്മള് സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും വേദിയിലാണുള്ളത്. ഇത് ശക്തവും ആഴത്തില്‍ വേരൂന്നിയതുമാണ്. കാലാവസ്ഥാ വ്യതിയാനം,ഭക്ഷ്യ,ഊര്‍ജ സുരക്ഷ,പകര്‍ച്ചവ്യാധി മുന്നൊരുക്കം,ഊര്‍ജ സംസ്കരണം എന്നിവയിലെ പ്രധാന വെല്ലുവിളികളെ ഒരുമിച്ചു നേരിടാന്‍ ഇത് നമ്മെ പ്രാപ്തരാക്കുന്നു’ അദ്ദേഹം പറഞ്ഞു. ജിസിസി,ആസിയാന്‍ രാജ്യങ്ങള്‍,ചൈന എന്നിവ തമ്മിലുള്ള സൗഹൃദങ്ങളും പങ്കാളിത്തങ്ങളും ഭൂഖണ്ഡങ്ങളുടെയും സംസ്കാരങ്ങളുടെയും യഥാര്‍ത്ഥ സംയോജനത്തെ പ്രതിനിധീകരിക്കുന്നുവെന്നും വിശ്വാസവും സംഭാഷണവും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനമാണെന്ന ശക്തമായ സന്ദേശം ഉച്ചകോടി ലോകത്തിന് നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യയ്ക്കും അറബ് ലോകത്തിനും ഇടയിലുള്ള ഒരു പാലം എന്ന നിലയില്‍ ഗള്‍ഫ് മേഖലയുടെ തന്ത്രപരമായ പങ്ക്,വ്യാപാരം,സംസ്കാരം, സഹകരണം എന്നിവയ്ക്കുള്ള സുപ്രധാന ഇടനാഴി എന്നിവയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ‘ചൈനയുമായും തെക്കുകിഴക്കന്‍ ഏഷ്യയുമായും ഉള്ള ഞങ്ങളുടെ ബന്ധം കേവലം സാമ്പത്തികമല്ല. അവ യഥാര്‍ത്ഥ സൗഹൃദം,പരസ്പര ബഹുമാനം, സുസ്ഥിര വികസനത്തിനായുള്ള കാഴ്ചപ്പാട് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടിയില്‍ നിരവധി രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അറിയിച്ചു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനും മലേഷ്യന്‍ ജനതയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി,വിദേശകാര്യ സഹമന്ത്രി അഹമ്മദ് അല്‍ സയേഗ്,സഹമന്ത്രി ഖലീഫ ഷഹീന് അല്‍ മാരാര്‍,റാസല്‍ഖൈമ നിക്ഷേപ,വികസന ഓഫീസ് വൈസ് ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി,അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഷരീഫ് ഫൗലത്തി,മലേഷ്യയിലെ യുഎഇ അംബാസഡര്‍ ഡോ. മുബാറക് സഈദ് അല്‍ ദഹേരി,ഇന്തോനേഷ്യയിലെയും ആസിയാനിലെയും യുഎഇ അംബാസഡര്‍ അബ്ദുല്ല സലേം അല്‍ ദഹേരി എന്നിവരും യുഎഇ പ്രതിനിധി സംഘത്തിലുണ്ട്.