
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി: പ്രവാസം അങ്ങനെയാണ്, പലപ്പോഴും അതൊരു ഭാഗ്യപരീക്ഷണമാണ്. ദുരിതക്കയത്തില്‍ നിന്ന് കൊട്ടാരസമാനമായ ജീവിതത്തിലേക്ക് എത്തിയ കഥകള്‍ ധാരാളം കേട്ടിരിക്കാം. അതിലപ്പുറം മരുപ്രദേശത്തിന്റെ പൊള്ളുന്ന അന്തരീക്ഷം പോലെ വരണ്ടുണങ്ങിയ ജീവിതം തള്ളിനീക്കിയ എത്രയോ മനുഷ്യജന്മങ്ങള്. ഒരായുസ്സിലെ യൗവ്വനം മുഴുവനും ജീവിത സ്വപ്നങ്ങള്‍ പടുത്തുയര്‍ത്താന്‍ മണല്‍ദേശത്ത് വിയര്‍പ്പൊഴുക്കിയ ശേഷം തിരികെയുള്ള യാത്രയില്‍ എന്ത്നേടിയെന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്ക്കുന്നവര് അനേകം. അപ്പോഴും മനക്കരുത്ത് സ്വന്തമാക്കി നാടണയുന്നവരാണ് പ്രവാസികള്‍. ഏത് ഘട്ടത്തിലും അവര്‍ ദൈവത്തിന് സ്തുതി പറയുന്നു… കഴിഞ്ഞ ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാനാവാതെ കുടുങ്ങിക്കിടന്നിരുന്ന ഷരീഫ് ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. ഷെരീഫ് പറയുന്നു-അല്‍ഹംദുലില്ലാഹ്, ആരോഗ്യത്തോടെ നാട്ടിലെത്താമല്ലോ. മലപ്പുറം തിരൂര്‍ തലക്കുടത്തൂര് പള്ളിമാലില്‍ ഷെരീഫ് ഉറ്റവരെയും ഉടയവരെയും കണ്ടിട്ട് വര്‍ഷം ഒമ്പത് കഴിഞ്ഞു. ഇക്കാലത്തിനിടയില്‍ പ്രിയപെട്ടവരുടെ മരണങ്ങള്, ബന്ധു മിത്രാദികളുടെ വിവാഹം, നാടാകെ മാറിയിരിക്കുന്നു…എല്ലാം ഷെരീഫിന് കേട്ടറിവുകള്‍ മാത്രം. പ്രവാസ സുഹൃത്തുക്കളുടെയും സംഘടനകളുടെയും കാരുണ്യത്തിന്റെ തണലില്‍ നാളിതുവരെ കഴിഞ്ഞു. ഇനി നാട്ടിലേക്ക്.
1990 ഒക്ടോബറിലാണ് തിരൂരില്‍ നിന്ന് തീവണ്ടിമാര്‍ഗം ബോംബെ വഴി ഷെരീഫ് അബുദാബിയിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ അബുദാബി മീന മാര്‍ക്കറ്റിലെ വെജിറ്റബിള്‍ ഷോപ്പില്‍ ജോലിക്കു കയറി. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അല്പം മെച്ചപ്പെട്ട ജോലി എന്ന നിലയില്‍ അല്‍ ഐനില്‍ ഒരു റെഡി മിക്സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടുത്തെ നാല് വര്‍ഷത്തെ ജീവിതത്തിനിടയിലാണ് ഷെരീഫിന്റെ പ്രവാസ ദുരിതപര്‍വ്വത്തിന്റെ തുടക്കം. ബാബറി മസ്ജിദ് തകര്‍പ്പെട്ട ദിനങ്ങള്‍. പാകിസ്ഥാനികള്‍ തിങ്ങിനിറഞ്ഞ പ്രദേശമായതിനാല്‍ അവിടെ അനിഷ്ടസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അവിടെ പൊലീസും പട്ടാളവും വളയുന്നു. പ്രദേശത്തുള്ളവരെ മുഴുവനും പിടികൂടി ജയിലിലടച്ചു. ഷെരീഫും അതില്പെട്ടുപോയി. നടപടിയുടെ ഭാഗമായി നാട്ടിലേക്ക് കയറ്റിവിട്ടു. ബോംബയിലെത്തി ഒരുവിധം ബസ് മാര്‍ഗം നാട്ടിലെത്തി. നാടും നഗരവും വിജനമായിരുന്നതിനാല്‍ കിലോമീറ്ററോളം നടന്നാണ് വീട്ടിലെത്തിയത്. നാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ 2000-ല്‍ വീണ്ടും അബുദാബിയിലെത്തി. മീനാ ബസാറില്‍ പഴയ കടയില്‍ ഒരു വര്‍ഷം ജോലി ചെയ്തു. ശേഷം നേവി ഗേറ്റില്‍ ഒരു ബഖാല ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. തരക്കേടില്ലാതെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് കോവിഡ് മഹാമാരി മറ്റൊരു ദുരന്തമായി പെയ്തിറങ്ങിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കട അടക്കേണ്ടിവന്നു. ചുറ്റുഭാഗത്തുള്ള ജീവനക്കാരില്‍ നിന്നായിരുന്നു പ്രധാന വരുമാനം. ഇരുനൂറോളം അക്കൗണ്ട് കസ്റ്റമേഴ്സ് ഉണ്ടായിരുന്നതായി ഷെരിഫ് പറയുന്നു. ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് പോയി. കൊടുത്തകടം കിട്ടാതായി. സ്പോണ്സറുമായി പ്രശ്നത്തിലായി, കേസായി, ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞില്ല, പിന്നീട് വിസയും നഷ്ടപ്പെട്ടു. സാമ്പത്തിക ബാധ്യതയും കേസും ആയതോടെ നാട്ടില്‍ പോവാന്‍ കഴിയാതായി. പലതരത്തിലും രക്ഷപ്പെടാനുള്ള വഴി നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ പൊതുമാപ്പ് വന്നപ്പോള്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ഹെല്പ് ഡെസ്ക് വഴി അപേക്ഷിച്ചു. കേസുള്ളതിനാല്‍ അപേക്ഷകള്‍ തിരസ്കരിക്കപ്പെട്ടു. അഞ്ച് പ്രാവശ്യം പലരീതിയില്‍ ശ്രമിച്ചു നോക്കി. കെഎംസിസി സുഹൃത്തുക്കളുടെയും മറ്റും സഹായത്താലാണ് ഇത്രയും കാലം ഇവിടെ കഴിഞ്ഞുപോയത്. എന്നിരുന്നാലും ഷെരീഫ് പ്രതീക്ഷ കൈവിട്ടില്ല. വീണ്ടും എക്സിറ്റ് പാസിനായി അപേക്ഷിച്ചു. ഒടുവില്‍ അധികൃതര്‍ കനിഞ്ഞു. കേസും ഫൈനും മറ്റും അഞ്ച് വര്‍ഷമായതിനാല്‍ കോടതി എല്ലാം ഒഴിവാക്കി കൊടുത്തു. നാട്ടിലേക്ക് പോവാം, പക്ഷെ ഇനി തിരിച്ചുവരണമെങ്കില്‍ പിഴയുടെ നിശ്ചിത ശതമാനം തിരിച്ചടക്കണം എന്ന നിബന്ധനയോടെ ഷെരീഫിന് ഔട്ട്പാസ് ലഭിച്ചു. അങ്ങനെ നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷം ദീര്‍ഘമായ നെടുവീര്‍പ്പോടെ ഷെരീഫ് ഇന്ന് നാട്ടിലേക്ക് പോവുകയാണ്, മൂന്നര പതിറ്റാണ്ടിന്റെ മരുജീവിതത്തിന് ശേഷം വെറും കൈയ്യോടെ കോഴിക്കോട്ടേക്ക് വിമാനം കയറുകയാണ്. ഇക്കാലമത്രയും പിടിച്ചുനിന്ന മനക്കരുത്ത് കൂടെയുണ്ടെന്ന ദൃഢനിശ്ചയത്തോടെയാണ് ഷെരീഫ് യാത്രയാവുന്നത്…സര്വ്വശക്തന് നല്ലൊരു നാളെ നിശ്ചയിച്ചുണ്ടാവാം, ഇവിടുത്തെ ഭരണകര്‍ത്താക്കളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ഒരുപാട് നന്ദിയുണ്ട്, ഒപ്പം നിന്ന സുഹൃത്തുക്കളെ മറക്കില്ല-ഷെരീഫ് എല്ലാവര്ക്കും കൈ കൊടുത്ത് സലാം പറഞ്ഞ് യാത്രയായി. ഭാര്യ: റംല. മക്കള്‍: റമീസ, റാഷിദ്, റിന്‍ഷാദ്, റിഷാദ്.