
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: ഗസ്സയിലേക്ക് 5,800 ടണ്‍ അവശ്യസാധനങ്ങളുമായി യുഎഇ ദുരിതാശ്വാസ കപ്പല്‍ ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്ത് എത്തി. യുഎഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിന്ത് മുബാറക് സംഭാവന ചെയ്ത ഇത് രാജ്യത്തിന്റെ ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3 പ്രകാരം അയയ്ക്കുന്ന ഏറ്റവും വലിയ മാനുഷിക ദുരിതാശ്വാസ കപ്പലാണിത്. സഹമന്ത്രി മൈത അല്‍ ഷംസി, എമിറേറ്റ്സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറല്‍ റാഷിദ് മുബാറക് അല്‍ മന്‍സൂരി, നോര്‍ത്ത് സിനായ് ഗവര്‍ണര്‍ മേജര്‍ ജനറല്‍ ഡോ. ഖാലിദ് മെഗാവര് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം കപ്പല്‍ സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനത്തിന്റെ ഭാഗമായി, ഡോ. അല്‍ ഷംസിയും പ്രതിനിധി സംഘവും അല്‍ അരിഷിലെ യുഎഇ ഫ്ളോട്ടിംഗ് ആശുപത്രിയും സന്ദര്‍ശിച്ചു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന്റെ ഒരു ദിവസത്തിന് ശേഷം ജനുവരി 20 ന് ദുബൈയിലെ അല്‍ ഹംരിയ തുറമുഖത്ത് നിന്ന് ഭക്ഷണവും പാര്‍പ്പിട സാമഗ്രികളും മെഡിക്കല്‍ അവശ്യവസ്തുക്കളും വഹിച്ചുകൊണ്ട് സഹായ കപ്പല്‍ പുറപ്പെട്ടു. 2023ല്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ആരംഭിച്ച ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3, എമിറേറ്റ്സ് റെഡ് ക്രസന്റുമായും യുഎഇയിലെ മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ ഉപയോഗിച്ച 500ലധികം വിമാന യാത്രകള്‍, ആറ് ഗതാഗത കപ്പലുകള്‍, 2,500 ലോറികള്‍ എന്നിവയിലൂടെ 55,000 ടണ്ണിലധികം സഹായം എത്തിച്ചു. കൂടാതെ, പ്രത്യേക ബേര്‍ഡ്സ് ഓഫ് ഗുഡ്നെസ് ഓപ്പറേഷന് പാരച്യൂട്ട് വഴി 3,700 ടണ്ണിലധികം മാനുഷിക സഹായം എത്തിച്ചേരാനാകാത്ത പ്രദേശങ്ങളില്‍ വ്യോമമാര്‍ഗം ഇറക്കി. ഗസ്സയിലെ സ്ഥിതി വളരെ ദുഷ്കരമായതിനാല് യുഎഇയില്‍ നിന്ന് ഗാസയിലേക്കുള്ള സഹായ വിതരണങ്ങള്‍ നിര്‍ണായകമായിരുന്നുവെന്ന് ഗാലന്റ് നൈറ്റ് 3 യുടെ വക്താവ് മുഹമ്മദ് അല്‍ ഷരീഫ് പറഞ്ഞു. നീണ്ട യുദ്ധത്തിനുശേഷം നിരവധി ആളുകള്‍ വളരെ മോശം അവസ്ഥയിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.