
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: സാഹിത്യത്തിന്റെ സമ്പൂര്‍ണതയും കലയുടെ സര്‍ഗാത്മകതയും സമന്വയിച്ച ഷാര്‍ജ സാഹിത്യോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ജനുവരി 17ന് ആരംഭിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് എമിറേറ്റ്സിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ആസ്വാദകരായെത്തിയത്. ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തുള്ള സ്ക്വയറിലാണ് ഫെസ്റ്റിവല്‍. സാസാഹിത്യകാരന്മാര്,കവികള്‍,ചിന്തകര്‍,എഴുത്തുകാര്‍,മാധ്യമ വിദഗ്ധര്‍ എന്നിവരുടെ സമ്പന്നമായ സംവാദങ്ങളും സെമിനാറുകളും പ്രഭാഷണങ്ങളും പ്രത്യേക സെഷനുകളും ഫെസ്റ്റിവലിനെ പ്രൗഢമാക്കുന്നു. പുതുതലമുറ ഉള്‍പ്പെടെ എല്ലാതലത്തിലുമുള്ള അനുവാചകരെ ആകര്‍ഷിക്കുന്ന, സംസ്കാരത്തിന്റെയും കലകളുടെയും ചൈതന്യം തുടിക്കുന്ന ദൈനംദിന പരിപാടികളാണ് ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നത്. പൈതൃകവും ആധുനികതയും സമന്വയിപ്പിക്കുന്ന സാംസ്കാരിക തലസ്ഥാനമെന്ന നിലയില്‍ ഷാര്‍ജയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍.
പുസ്തകമേള,ഷോപ്പിങ് അനുഭവങ്ങള്‍,രുചി വൈവിധ്യങ്ങള്‍ എന്നിവയ്ക്ക് പുറമേ, കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സന്ദര്‍ശകര്‍ക്ക് അതുല്യമായ കലാസാംസ്കാരിക അനുഭവങ്ങളാണ് ഫെസ്റ്റിവല്‍ നല്‍കുന്നത്. ഭാവിയെ പ്രചോദിപ്പിക്കുന്ന, കലയിലൂടെയും സര്‍ഗാത്മകതയിലൂടെയും തലമുറകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ പാലങ്ങളായി ഉത്സവം വര്‍ത്തിക്കുന്നു. ഇന്ന് സമാപിക്കുന്ന സാഹിത്യോത്സവത്തിന്റെ അനുഭൂതി ആസ്വദിക്കാന്‍ അവസാന നിമിഷം വരെയും ആളൊഴുകുമെന്ന കാര്യം തീര്‍ച്ച.
കാനുന്‍,ഊദ്,സാക്സോഫോണ്‍,പിയാനോ,പുല്ലാങ്കുഴല്‍ എന്നിവയുടെ രാഗങ്ങളും ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഉത്സവാന്തരീക്ഷം സമ്മാനിക്കുന്നു.
ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസം നടന്ന ‘ഇമാജിനേഷന് നേഷന്‍’ സെഷനില്‍ ഇമാറാത്തി ബാലസാഹിത്യവും ഭാവി നിര്‍മാതാക്കളും’ സെമിനാര്‍ സമ്പന്നമായ സംവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. എഴുത്തുകാരായ ബദ്രിയ അല്‍ ഷംസിയും ഫാത്തിമ അല്‍ മസ്റൂയിയും ഇമാറാത്തി ബാലസാഹിത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സദസ്സുമാി സംവദിച്ചു. പുതുതലമുറയില്‍ ദേശീയവും ക്രിയാത്മകവുമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ശ്രഷ്ഠമായ ഭാവി തലമുറയെ കെട്ടിപ്പടുക്കുകയും ചെയ്യണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
യുഎഇയുടെ വികസനത്തില്‍ അറബ് ചിന്തകരുടെ കാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്ന ‘യുഎഇ അറബ് ഐസ്: ബുക്ക് ലോഞ്ച്’ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. ‘പേജസ് ഓഫ് വണ്ടര്‍’ സെഷനില്‍ ‘കുട്ടികളുടെ പുസ്തകങ്ങള്‍ ഒരു വിദ്യാഭ്യാസ ഉപാധി’ വിഷയത്തില്‍ ഡോ.നാദിയ അല്‍ നജ്ജാറും എഴുത്തുകാരി ഫാത്തിമ അല്‍ അംരിയും സംസാരിച്ചു. ‘ഗള്‍ഫിന്റെ നിധികള്‍: കരയുടെയും കടലിന്റെയും കഥകള്‍’ എന്ന സെഷനില്‍, ഇമാറാത്തി എഴുത്തുകാരനും ഗവേഷകനുമായ ഡോ.അബ്ദുല്‍ അസീസ് അല്‍ മുസല്ലം യുഎഇയുടെ ചരിത്രത്തിലേക്കും മിത്തുകളിലേക്കും ആഴ്ന്നിറങ്ങി സംസാരിച്ചു. കരയുടെയും കടലിന്റെയും സമ്പന്നമായ ഭൂതകാലത്തെ വിവരിക്കുന്ന കഥകളും അദ്ദേഹം പങ്കുവച്ചു. ‘ജീവിതപാതകള്‍: ആത്മകഥകളുടെ ലോകം പര്യവേക്ഷണം ചെയ്യുക’ എന്ന തലക്കെട്ടില്‍ നടന്ന സെഷനില്‍ ഡോ.ഇബ്രാഹിം ഗലദാരി തന്റെ ‘മെമ്മോയേഴ്സ് ഓഫ് ആന്‍ എമിറാത്തി ഡോക്ടര്‍’ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. പ്രചോദനാത്മകമായ ആത്മകഥയും പ്രകാശനം ചെയ്തു. ഇമാറാത്തി ഗവേഷകനും ചരിത്രകാരനുമായ ഹമദ് ബിന്‍ സരായും ഡോ.സെയ്ഫ് അല്‍ ബെദ്വാവിയും ‘ചരിത്രത്തിന്റെ കാല്‍പ്പാടുകള്‍: ഇമാറാത്തി കാലഘട്ടങ്ങളെ വീണ്ടും കണ്ടെത്തല്‍’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ആധുനിക യുഎഇയുടെ രൂപീകരണ ചരിത്രം അനാവരണം ചെയ്തു. ‘വ്യക്തിഗത മുദ്രകള്‍: ടൈംലെസ് മെലഡീസ്’ എന്ന സെഷനില്‍ സംഗീത സംവിധായകന് ഇബ്രാഹീം ജുമഅയുടെ ആത്മകഥയും ഇമാറാത്തി കലാരംഗത്തെ സമ്പന്നമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രധാന പങ്കും വരച്ചുകാട്ടി. ഉത്സവത്തിലുടനീളം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ആവേശം നല്കുന്ന പരിപാടികള്‍ വര്‍ക്ക്ഷോപ്പ് കോര്‍ണറിലും നടന്നിരുന്നു. ജ്വല്ലറി ഡിസൈനിലെ അറബിക് കാലിഗ്രാഫി വര്‍ക്ഷോപ്പ്,ക്രിയേറ്റീവ് കഥകള്‍ പറയുന്ന ‘നയ്റൂസിന്റെ കഥപറയല്‍’ സെഷനുകള്‍, ജ്യോതിശാസ്ത്രവും ഇമാറാത്തി സംസ്കാരവും മോസ അല്‍ മര്‍സൂഖി,ഒമ്രാന് അല്‍ ഷംസി എന്നിവയുമായി സമന്വയിപ്പിക്കുന്ന ‘അണ്ടര്‍ ദ സ്റ്റാര്‍സ്’ വര്‍ക്ഷോപ്പ് എന്നിവയും സന്ദര്‍ശകര്‍ക്ക് കൗതുകമായി.
ക്രിയേറ്റീവ് ഡിസൈനര്‍ ആലിയ ദുവൈഫെസിന്റെ ‘സ്ക്വയര്‍ കുഫിക്’ വര്‍ക്ക്ഷോപ്പ്,അറബി പദസമുച്ചയങ്ങളുള്ള മണ്‍പാത്ര കപ്പുകള്‍ വരയ്ക്കാനും കളര്‍ ചെയ്യാനും പങ്കെടുക്കുന്നവരെ അനുവദിക്കുന്ന ‘ക്ലേ കാം’ എന്ന മണ്‍പാത്ര വര്‍ക്ഷോപ്പ് എന്നിവയും ഫെസ്റ്റിന് മാറ്റുകൂട്ടി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അത്തറും മെഴുകുതിരിയും ഉണ്ടാക്കുന്നതിനുള്ള രണ്ട് വര്‍ക്ഷോപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്തു.