
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
ദുബൈ: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി യുഎഇ അധികാരികള്‍. ഓരോ വാക്കുകളും രേഖപ്പെടുത്തുന്നുണ്ട്. പോസ്റ്റുകള്‍ മാത്രമല്ല, അഭിപ്രായങ്ങളും പിഴക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലും അഭിപ്രായങ്ങളിലും നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി. പോസ്റ്റ് ചെയ്യുന്ന ഓരോ വാക്കും വരികളും വ്യക്തിപരമായി ആരെയെങ്കിലും ലക്ഷ്യം വെക്കുകയോ മറുപടികളില്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതോ നിയമലംഘനമാണ്. ഇതില്‍ എഴുത്ത്, ഓഡിയോ, വീഡിയോ, ലൈവ് സ്ട്രീമുകള്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കം ഉള്‍പ്പെടും. അധിക്ഷപകരമോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ പോസ്റ്റുകല്‍ ചെയ്യുന്നതില്‍ നിന്നും മറുപടി നല്കുന്നതില് നിന്നും വ്യക്തികള്‍ വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് നിസ്സാരമായി കാണരുതെന്നും യുഎഇ നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെന്ന് മനസ്സിലാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ദുരുപയോഗം പതിവ് പ്രശ്നമായി മാറിയിട്ടുണ്ട്. പോസ്റ്റുകളില്‍ അഭിപ്രായം പറയുന്നത് മറ്റുള്ളവരെ വാക്കാല്‍ ആക്രമിക്കാനോ പരിഹസിക്കാനോ അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കുന്നില്ലെന്ന് ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഒമര്‍ അഹമ്മദ് അബു അല്‍ സാവ്ദ് പറഞ്ഞു. സാമൂഹിക ഐക്യത്തിന് ഭീഷണിയാകുന്ന ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. കമന്റുകളിലോ മറുപടികളിലോ പോലും ഓണ്‍ലൈനിലൂടെ അപമാനിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
2024 ലെ 5ാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത 2021 ലെ 34ാം നമ്പര്‍ ഫെഡറല്‍ നിയമ പ്രകാരം, ഇത്തരം കേസുകള്‍ക്ക് 250,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെയുള്ള തടവും പിഴയും ഉള്‍പ്പെടുന്നു. പോസ്റ്റുകളുടെ ലക്ഷ്യം വലുതാണെങ്കില്‍ ശിക്ഷയും വര്‍ധിക്കും. സമീപ വര്‍ഷങ്ങളില്‍ ഇത്തരം കേസുകള്‍ വര്‍ധിച്ചു വരുന്നുണ്ട്. ലൈവ് സെഷനുകളില്‍ പറയുന്ന അഭിപ്രായങ്ങള്‍ ആകസ്മികവും നിരുപദ്രവകരവുമാണെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ ഓരോ വാക്കും റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും നിയമനടപടിക്ക് കാരണമാകുമെന്നും ദുബൈ പൊലീസിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിന്റെ ആക്ടിംഗ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അല്‍ ഷെയ്ഹി പറഞ്ഞു. എല്ലാം പറയുകയും ചെയ്യുകയും ചെയ്ത ശേഷം എനിക്കറിയില്ലായിരുന്നു എന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്നും അദ്ദേഹം ഉണര്‍ത്തി. പലപ്പോഴും യഥാര്‍ത്ഥ പോസ്റ്റുകളേക്കാള്‍ അഭിപ്രായങ്ങളിലാണ് അപകടം പതിയിരിക്കുന്നത്. ഇത്തരം കേസുകള്‍ കോടതികളില്‍ വര്‍ധിച്ചുവരുന്നതായി ദുബൈ കോടതിയിലെ നിയമ ഉപദേഷ്ടാവ് വെയ്ല് ഉബൈദ് സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണമെന്നും വിയോജിപ്പുള്ള കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അധികാരികള്‍ മുന്നറിയിപ്പ് നല്കുന്നു.