
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി മോഡല്‍ സ്കൂള്‍
എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ച് അബുദാബി മോഡല്‍ സ്കൂള്‍. യുഎഇയില്‍ ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതുന്ന വിദ്യാലയമാണ് അബുദാബി മോഡല്‍ സ്കൂള്‍. ഇത്തവണ 189 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിച്ചുവെന്നു മാത്രമല്ല 62 പേര് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടുകയും ചെയ്തു. പാഠ്യവിഷയങ്ങളില്‍ കര്‍ക്കശമായ നിലപാടുമായാണ് മോഡല്‍ സ്കൂള്‍ മുന്നേറുന്നത്. അതുകൊണ്ടുതന്നെ മികച്ച പരീക്ഷാഫലങ്ങളാണ് സ്കൂള്‍ നിലനിര്‍ത്തിപ്പോരുന്നത്. ഇവിടെ നിന്നും പഠിച്ചുയുര്ന്ന നൂറുകണക്കിനുപേര്‍ ഉന്നത തലങ്ങളില്‍ നിലവാരം അടയാളപ്പെടുത്തിയവരാണ്.
യുഎഇയുടെ തലസ്ഥാന നഗരിയില്‍ താരതമ്യേന പഠന ചെലവ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് പ്രാപ്യമെന്ന ഖ്യാതി നിലനര്ത്തിപ്പോരുന്നതുമായ സ്കൂളാണ് മോഡല്‍ സ്കൂള്‍. ദുബൈ,ഷാര്‍ജ എന്നിവിടങ്ങളില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് മോഡല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ അബുദാബി മുറൂറില്‍ പ്രവര്‍ത്തിച്ചിരുന്ന മോഡല്‍ സ്കൂള്‍ കൂടുതല്‍ സൗകര്യാര്‍ത്ഥം 2000ത്തിലാണ് മുസഫ ഷാബിയ 12ലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കേരള സിലബസിനുപുറമെ സിബിഎസ്സിയും ഇവിടെയുണ്ട്. രണ്ടുസിലബസുകളിലുമായി നിലവില്‍ 4126 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അടുത്ത വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്നതിനുള്ള തയാറെടുപ്പോടെ 210 കുട്ടികള്‍ തങ്ങളുടെ പഠനത്തില്‍ സജീവമാണ്.
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍
കേരള സിലബസിനെ സംരക്ഷിക്കുന്നതില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ മാനേജ്മെന്റിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. തിരുവനന്തപുരം സ്വദേശി കമാലുദ്ദീന് ഹാജിയാണ് യുഎഇയില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിന് തുടക്കം കുറിച്ചത്. ദുബൈ,അബുദാബി,ഷാര്‍ജ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എന്‍ഐ മോഡല്‍ സ്കൂളില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് കേരള സിലബസില്‍ പഠനം നടത്തുന്നത്. കേരളത്തിനുപുറത്ത് യുഎഇയില്‍ മാത്രമാണ് എസ്എസ്എല്‍സി, കേരള സിലബസ് പ്ലസ്ടു പരീക്ഷാ കേന്ദ്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യുഎഇയില്‍ നേരത്തെ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടെണ്ണം പിന്നീട് ഇല്ലാതായി. യുഎഇക്കു പുറമെ നേരത്തെ കുവൈത്തിലും എസ്എസ്എല്‍സി പരീക്ഷാ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് അത് നിര്‍ത്തലാക്കി.
പരീക്ഷയെഴുതിയത് ആറുരാജ്യങ്ങളിലെ കുട്ടികള്‍
ഇന്ത്യക്കുപുറമെ ആറുരാജ്യങ്ങളിലെ ഏതാനും കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ കേരളത്തിന്റെ സ്വന്തം എസ്എസ്എല്‍സി എന്നും അവരോടൊപ്പമുണ്ടാകും. ഇന്ത്യക്കാര്‍ക്കുപുറമെ മറ്റു ആറുരാജ്യങ്ങളിലെ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയിരുന്നു. പാകിസ്താന്,ബംഗ്ലാദേശ്,സുഡാന്,സെനാഗ്ള്,മാലി,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് കേരളത്തിന്റെ പാഠ്യപദ്ധതിയിലൂടെ പത്താംക്ലാസിന്റെ കടമ്പ കടന്നത്. മൊത്തം 59 പേരാണ് ഇവിടെ പത്താംക്ലാസ് പരീക്ഷയെഴുതിയത്. ഇതില്‍ രണ്ടുപേര്‍ക്ക്് പരാജയമായിരുന്നു ഫലമങ്കിലും ബാക്കിയുള്ള 57 പേരും വിജയിച്ചു. ഒരാള്‍ ഫുള്‍ എപ്ലസ് നേടി. നേരത്തെയും യുഎഇ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുകയും ഉന്നത മാര്‍ക്കോടെ വിജയശ്രീലാളിതരാവുകയും ചെയ്തിട്ടുണ്ട്.