സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

പാരീസ്: ഫ്രാന്‍സുമായി സഹകരണ ബന്ധം ശക്തിപ്പെടുത്താന്‍ യുഎഇ ധാരണ. കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന 17ാമത് യുഎഇ-ഫ്രാന്‍സ് നയതന്ത്ര ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും മാര്‍ഗനിര്‍ദേശ പ്രകാരമാണ് പാരീസില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഭാഷണം നടന്നത്. യുഎഇ എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്മാന് ഖല്‍ദൂണ്‍ ഖലീഫ അല്‍ മുബാറകിന്റെയും യൂറോപ്പ്, വിദേശകാര്യങ്ങള്‍ക്കായുള്ള ഫ്രഞ്ച് മന്ത്രാലയ സെക്രട്ടറി ജനറല്‍ ആനിമാരി ഡെസ്കോട്ട്സിന്റെയും നേതൃത്വത്തില്‍ യുഎഇയും ഫ്രാന്‍സും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്ര പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച.
ആത്മാര്‍ത്ഥമായ സൗഹൃദത്തിലും പരസ്പര വിശ്വാസത്തിലും കെട്ടിപ്പടുത്ത യുഎഇ-ഫ്രാന്‍സ് നയതന്ത്ര ബന്ധം അരനൂറ്റാണ്ട് പിന്നിടുകയാണ്. ലൂവ്രെ അബുദാബി,സോര്‍ബോണ്‍ യൂണിവേഴ്സിറ്റി അബുദാബി തുടങ്ങിയ സംരംഭങ്ങളെല്ലാം അസാധാരണമായ ഈ ബന്ധത്തിന്റെ അടയാളങ്ങളാണ്. ആറ് മുന്‍ഗണനാ മേഖലകളില്‍ സഹകരണം സാധ്യമാക്കിയായിരുന്നു ഇത്തവണത്തെ സംഭാഷണം. സമ്പദ്വ്യവസ്ഥ,വിദ്യാഭ്യാസം,സംസ്കാരം,ബഹിരാകാശം,ആണവോര്‍ജം,ആരോഗ്യം എന്നീ മേഖലകളില്‍ നവീനവും സംയുക്തവുമായ സംരംഭങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി. ദ്രുതഗതിയില്‍ വളര്‍ന്നുവരുന്ന എഐ മേഖലയില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയായിരുന്നു ചര്‍ച്ചകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ സഹകരണത്തിന് ഇവയെല്ലാം അടിസ്ഥാനമാക്കി കരാറുകളില്‍ ഒപ്പുവക്കുകയും ചെയ്തു. യുഎഇ രാഷ്ട്രീയകാര്യ സഹമന്ത്രി ലാന നുസൈബെയും ഫ്രഞ്ച് രാഷ്ട്രീയ, സുരക്ഷാ കാര്യങ്ങളുടെ ഡയരക്ടര്‍ ജനറല്‍ ഫ്രെഡറിക് മൊണ്ടോളോണിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
യുഎഇ വിദേശകാര്യ മന്ത്രാലയവും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയവും തമ്മില്‍ നിരന്തരം ഉന്നതതല രാഷ്ട്രീയ സംഭാഷണത്തിനുള്ള ഔപചാരിക ചട്ടക്കൂടിനും രൂപം നല്കി. കഴിഞ്ഞ ഏപ്രില്‍ എട്ടിന് പാരീസില്‍ യുഎഇയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി രാഷ്ട്രീയ കൂടിയാലോചനാ യോഗം നടന്നിരുന്നു. എഐയിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കുന്നതിനായി ചൂസ് ഫ്രാന്‍സ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ച പ്രധാന ഇമാറാത്തി നിക്ഷേപത്തെ ലാന നുസൈബെയും ഫ്രഡറിക് മൊണ്ടോളോണിയും സ്വാഗതം ചെയ്തു. 2021 ഡിസംബറില്‍ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ പങ്കാളിത്തങ്ങളുടെ തുടര്‍ച്ചയും ഇരുവരും അവലോകനം ചെയ്തു. യുഎഇയും ഫ്രഞ്ച് കമ്പനികളും തമ്മിലുള്ള നിക്ഷേപം,ഗതാഗതം (വ്യോമഗതാഗതം ഉള്‍പ്പെടെ), സാങ്കേതിക വിദ്യ,ഊര്‍ജം എന്നീ മേഖലകളിലെ വിവിധ തന്ത്രപരമായ പദ്ധതികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. യുഎഇയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലേക്കുള്ള (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള പ്രഖ്യാപനത്തെയും ഇരുവരും അഭിനന്ദിച്ചു.