
‘സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നു’: എസ്സിഇആര്‍ടിയിലും ‘സവര്‍ക്കര്‍’ പ്രേതങ്ങളോ
തിരുവനന്തപുരം: സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന് എസ്സിഇആര്ടി കരട് കൈപുസ്തകത്തില്‍ പരാമര്‍ശം. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുറത്തിറക്കിയ അധ്യാപകര്‍ക്കുള്ള കൈപുസ്തകത്തിലാണ് ഗുരുതരമായ തെറ്റ് കടന്നുകൂടിയത്. പിഴവ് ശ്രദ്ധയില്‍പ്പെട്ട് ആദ്യം തിരുത്തിയെങ്കിലും അതിലും പിഴവുണ്ടായി. അതില്‍ സുഭാഷ് ചന്ദ്രബോസ് ജര്‍മനിയിലേക്ക് പലായനം ചെയ്തുവെന്നായിരുന്നു പരാമര്‍ശം. പിന്നീട് ‘ഭയവും’ ‘പലായനവും’ ഒഴിവാക്കി, രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ജര്മനിയിലേക്കെത്തി-എന്ന് തിരുത്തി. ഇങ്ങനെ രണ്ടുതവണ തിരുത്തിയാണ് വീണ്ടും കൈപ്പുസ്തകം പ്രസിദ്ധീകരിച്ചത്. അധ്യാപകര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള കൈപുസ്തകത്തിലാണ് ഗുരുതര പിഴവ് കടന്നുകൂടിയത്. നാലാം ക്ലാസിലേക്കുള്ള പരിസരപഠനം എന്ന് കൈപുസ്തകത്തിലായിരുന്നു തെറ്റ് കണ്ടെത്തിയത്. പിഴവ് സംഭവിച്ചതില്‍ അന്വേഷണം നടത്താന്‍ എസ്സിആര്‍ടി തീരുമാനിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ ഗാന്ധിക്ക് മുകളിലായി സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ദേശീയ നേതാക്കളുടെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളെ ചരിത്രത്തില്‍ നിന്നും തേച്ചുമാച്ച് ഇല്ലാതാക്കി പകരം സവര്‍ക്കറെ പോലുള്ള സംഘ്പരിവാര്‍ നേതാക്കളെ കുടിയിരുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി (SCERT) പുറത്തിറക്കിയ കൈപുസ്തകത്തിലെ കരട് കോപ്പിയില്‍ പിഴവുണ്ടായത്. ഇത് തെറ്റ് പറ്റിയതോണോ, അതോ മനപൂര്‍വമോ എന്ന് വ്യക്തമല്ല. ഇന്ത്യാ ചരിത്രത്തില്‍ പുതിയ ദേശീയ നേതാക്കളെയും സമര നായകരെയും തിരുകിക്കയറ്റാനുള്ള ഗൂഢാലോചനയില്‍ ഇതല്ല, ഇതിലപ്പുറവും സംഭവിക്കാം.