
യുഎഇയില്‍ 22 വര്‍ഷമായി ഏപ്രില്‍ ചുടുമാസക്കാലം
ഭൂകമ്പ ദുരിതബാധിതര്‍ക്ക് ആശ്വാസമാകും
ദുബൈ: മ്യാന്മറിലെ ഭൂകമ്പ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ യുഎഇ 282 മെട്രിക് ടണ്‍ സഹായ വസ്തുക്കളെത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്സിആര്‍) മുഖേനയാണ് മ്യാന്മര് ഭൂകമ്പത്തിലെ ഇരകളെ സഹായിക്കുന്നതിനായി യുഎഇ രണ്ടാമത്തെ വലിയ മാനുഷിക സഹായം എത്തിച്ചത്. ഏകദേശം 1.4 മില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന വസ്തുക്കളാണ് യുഎഇയുടെ സഹായ സംരംഭത്തിലുള്ളത്. 27,500 അടുക്കള സെറ്റുകള്‍,20,000 പ്ലാസ്റ്റിക് ടാര്‍പോളിനുകള്‍,3,160 ബക്കറ്റുകള്‍,21,260 സോളാര്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളാണ് യുഎഇ കൈമാറിയത്. ഭൂകമ്പം ബാധിച്ച പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് വലിയ സഹായകമാകും.
മാര്‍ച്ച് 28നാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മ്യാന്മറില് ഭൂകമ്പമുണ്ടായത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 3,700ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 200,000ത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ദരിദ്രമായ രാജ്യത്ത് ജനങ്ങളുടെ ജീവിതം തകിടം മറിച്ച ഭൂകമ്പം അടിസ്ഥാന സൗകര്യങ്ങള്‍ അപ്പാടെ തകര്‍ക്കുകയായിരുന്നു. ദുബൈ ഹ്യുമാനിറ്റേറിയന്‍,യൂറോപ്യന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഓപ്പറേഷന്‍സ് (ഇസിഎച്ച്ഒ),യുഎന്‍ ഹ്യുമാനിറ്റേറിയന്‍ റെസ്പോണ്‍സ് ഡിപ്പോ (യുഎന്എച്ച്ആര്ഡി), വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്യൂഎഫ്പി) എന്നിവയുമായി സഹകരിച്ച് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറാണ് ഈ ശ്രമത്തിന് നേതൃത്വം നല്‍കിയത്.
വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ടെന്റുകളുമായി ഏപ്രില്‍ 15ന് മ്യാന്മറിലെ യാങ്കോണില്‍ എത്തിയ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിന് ശേഷം ദുബൈ ഹ്യുമാനിറ്റേറിയന്‍ യുഎന്‍എച്ച്സിആറിന് നല്കുന്ന ഏറ്റവും വലിയ സഹായമാണിത്.