
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
തൃശൂര്‍: കള്ളവോട്ട് വിവാദം കത്തുമ്പോള്‍ വിഷയത്തില്‍ മൗനം പാലിച്ച് കേന്ദ്ര മന്ത്രി സുരേഷ്ഗോപി എം.പി തൃശൂരിലെത്തി. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. കഴിഞ്ഞ ദിവസമുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സുരേഷ് ഗോപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വ്യാജ വോട്ട്, ഇരട്ട വോട്ട് ആരോപണത്തെക്കുറിച്ച് കേന്ദ്ര മന്ത്രി കൃത്യമായി മറുപടിയൊന്നും നല്കിയില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് ഇത്രയൊക്കെ സഹായിച്ചതിന് നന്ദി എന്ന് പരിഹാസമുതിര്‍ത്തു. പ്രതിഷേധ സാധ്യതകള്‍ മുന്നില്‍ കണ്ട് സുരേഷ് ഗോപിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരേഷ്ഗോപിയുടെ ക്യാമ്പ് ഓഫീസിന് മുന്നിലുള്ള ബോര്‍ഡില്‍ സിപിഎം പ്രവര്ത്തകന് കരി ഓയില്‍ ഒഴിച്ചതിനെ തുടര്‍ന്ന് ബിജെപി നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവര്‍ക്ക് അരികിലെത്തി മന്ത്രി സുരേഷ് ഗോപി ഇന്നലെ നടന്നതെന്തെന്ന് ചോദിച്ചറിഞ്ഞു. വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തെക്കുറിച്ചും പരാതിയെക്കുറിച്ചും മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും സുരേഷ് ഗോപി ഒന്നും പറഞ്ഞില്ല. തൃശൂരിലെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. എംപി ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. തൃശൂര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കാണ് മാര്‍ച്ച്. ബിജെപി സംസ്ഥാന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.