
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
അബുദാബി: പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് തെളിവുണ്ടെന്ന് ഇന്ത്യയും, തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്താനും ഉറപ്പിച്ചു പറയുമ്പോള്‍ ലോകരാജ്യങ്ങളുടെ നിലപാടുകളും നിര്‍ണായകമാവുകയാണ്. വിഷയത്തില്‍ പാകിസ്താനൊപ്പം നില്ക്കാന് ചൈനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചൈന ഇതിനകം തന്നെ പാകിസ്ഥാന് മിസൈലുകള്‍ നല്കി എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തങ്ങളുടെ വാദത്തിന് ചൈന നല്കിയ പിന്തുണ പാകിസ്താന് നല്കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഇതിനിടെ നിരവധി ലോകനേതാക്കള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെ പിന്നീട് നിലപാട് മാറ്റുമോ എന്ന് കണ്ടറിയണം. എന്നാല്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണമാകുമ്പോള്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത് പ്രവാസികള്‍ ഉള്‍പ്പെടെ ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് വ്യോമപാത അടച്ചിട്ടു. യുഎഇയില്‍ നിന്നും ഉള്‍പ്പെടെ ഇന്ത്യയിലേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടി വന്നു. യുദ്ധമുണ്ടായാല്‍ വ്യോമഗതാഗതത്തിലുണ്ടാകുന്ന പ്രതിസന്ധി മൂലം വലിയ തിരിച്ചടി പ്രവാസികള്‍ക്ക് നേരിടേണ്ടി വരും. നിലവില്‍ 10 വിദേശ എയര്‍ലൈനുകള്‍ പാകിസ്താന് വ്യോമപാതയിലൂടെ ഇന്ത്യന്‍ എയര്പോര്ട്ടുകളിലെത്തുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, യുഎസ്, തായ്ലെന്റ്, സിംഗപൂര്‍, യുകെ, ഖത്തര്‍, കാനഡ, കുവൈറ്റ്, ഒമാന്‍ എന്നീ സെക്ടറുകളിലെ വിമാനങ്ങളാണ് പാകിസ്താന് വ്യോമപാത ഉപയോഗിക്കുന്നത്.വിമാന ടിക്കറ്റ് ഉള്‍പ്പെടെ പല സംഗതികള്‍ക്കും വില വര്‍ധിക്കും
അതിര്‍ത്തി തര്‍ക്കങ്ങളും സൈനിക വിന്യാസങ്ങളും നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാനമായും നാല് വലിയ യുദ്ധങ്ങളാണ് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായിട്ടുള്ളത്. 1947ല്‍ വിഭജനത്തെ തുടര്‍ന്ന് പുതിയ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടല്‍, ചരിത്രത്തിലെ വലിയ കൂട്ടക്കുരുതിയായിരുന്നു. 1965ലും 1971ലലും 1999ലും യുദ്ധങ്ങളുണ്ടായി. പാകിസ്താന് സൈന്യത്തെ ജമ്മുകശ്മീരിലേക്ക് നുഴഞ്ഞു കയറ്റാനുള്ള ശ്രമത്തെത്തുടര്‍ന്നാണ് 1965ല്‍ യുദ്ധമുണ്ടാകുന്നത്. ഇരുരാജ്യങ്ങള്‍ക്കും ഏതാണ്ട് ഓരേ പോലെ നാശനഷ്ടങ്ങള്‍ ഉണ്ടായ ഒന്നായിരുന്നു അത്. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്താണ് 1971ല്‍ വീണ്ടും യുദ്ധമുണ്ടാകുന്നത്. വെറും 13 ദിവസം കൊണ്ട് ഇന്ത്യ പാകിസ്താന്റെ യുദ്ധ മോഹം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധമായി കണക്കാക്കപ്പെടുന്നതും ഇതു തന്നെയാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. ഇന്ദിരയുടെ പോരാട്ടവീര്യം ലോകമൊന്നാകെ അഭിനന്ദിച്ച നിമിഷങ്ങളായിരുന്നു അത്. പാകിസ്താന്റെ 9000 പേരും ഇന്ത്യ യുടെ 3843 പേരും ആ യുദ്ധത്തില്‍ ജീവന് വെടിഞ്ഞു. പാകിസ്താന് എന്ന രാജ്യത്തിന് വലിയ നാശനഷ്ടം വരുത്തിയാണ് 1971ലെ യുദ്ധം അവസാനിച്ചത്. നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തി നിന്നു.
നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താന് പട്ടാളവും, തീവ്രവാദികളും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതിനെത്തുടര്‍ന്നാണ് 1999ലെ കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. അന്നും കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ച ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത് 4000ത്തോളം പാകിസ്താന് സൈന്യത്തെയാണ്. ഇന്ത്യയ്ക്ക് നഷ്ടമായത് 527 സൈനികരെ. 1999ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം പാക് ഭീകരര്‍ തട്ടിക്കൊണ്ടുപോയത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. 180 യാത്രക്കാരുണ്ടായിരുന്ന വിമാനം തിരികെ കിട്ടണമെങ്കില്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മൂന്ന് തീവ്രവാദികളെ വിട്ടയക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം. അഹമ്മദ് ഒമര്‍ സയീദ് ഷൈയ്ഖ്, മസൂദ് അസ്ഹര്‍, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നീ മൂന്ന് ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഭീകരവാദികളെ വിട്ടയച്ച് വിമാനം യാത്രക്കാരെ മോചിപ്പിച്ചതിനു പിന്നാലെ ഭീകരവാദികളുടെ ചുവന്ന ബാഗില്‍, ജസ്വന്ത് സിംഗ് എന്നെഴുതിയത് വലിയ ദുരൂഹത ഉയര്‍ത്തിയിരുന്നു. വാജ്പേയി സര്‍ക്കാറിന്റെ കാലത്തുള്ള ഈ സംഭവം ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ കറുത്ത പുള്ളിയായി ഇന്നും നിലനില്ക്കുന്നു. അന്ന് മോചിപ്പിച്ച കൊടും ഭീകരവാദികള്‍ തുടര്‍ന്നും ഇന്ത്യക്ക് തലവേദനയുണ്ടാക്കി എന്നത് ചരിത്രം.
പെഹല്‍ഗാം ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 40 ജവാനമാര് വീരമൃത്യു വരിച്ച പുല്‍വാമ ദുരന്തത്തില്‍ നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ അടക്കം 19 പേരാണ് പ്രതികള്‍. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 7 പേരെ അറസ്റ്റു ചെയ്തെങ്കിലും പ്രധാന പ്രതികളെല്ലാം ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. രാഷ്ട്രീയ നേട്ടത്തിനും ഭരണ വീഴ്ച്ച കള്‍ മറച്ചു വെക്കാനും ആരുടെയൊക്കെയോ ചട്ടുകമാകുന്ന തീവ്രവാദം, ഭൂമിയില്‍ നിന്നും തുടച്ചു നീക്കിയെ പറ്റു, അത് ഇന്ത്യയിലായാലും പാകിസ്താനിലായാലും. ലോകമെങ്ങുമുള്ള തീവ്രവാദികള്‍ക്ക് ഒരേ നയമാണ്, ഓരേ നിലപാടാണ്. ജീവന് വില നല്‍കാതെ മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കുന്ന പൈശാചികമായ നിലപാട്. രാഷ്ട്രീയ നില നില്പ്പിനും മതിമറന്ന പണ മോഹത്തിനും വേണ്ടിയുള്ള ക്രൂര വിനോദം.അവിടെ മതവും ദേശവും ഒന്നുമില്ല. ഭൂമിയുടെ ശാപമായി മാറിയ ഈ ജന്മങ്ങള് തുടച്ചു നീക്കപ്പെടുക തന്നെ വേണം. ലോകമെങ്ങുമുള്ള മുഴുവന്‍ രാഷ്ട്രങ്ങളും ഒരേ ഒരു പക്ഷത്തു നില്ക്കട്ടെ. അവരും പാപം ചെയ്യാത്തവര്‍ ആവട്ടെ..
ഒന്നുകൂടി പറയട്ടെ..
15പേര് നേരിട്ടും അവരുടെ പിന്നില്‍ ആരൊക്കെയുണ്ടോ അവരും, നടത്തിയ ഈ കൊടുക്രൂരതകളുടെ ദുരിതമനുഭവിക്കേണ്ടി വരുന്നത് ഇരു രാജ്യങ്ങളിലെയും ഒന്നുമറിയാത്ത മനുഷ്യരാണ്..സ്ത്രീകളാണ്.. ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത പിഞ്ചു കുട്ടികളാണ്…അപ്പോഴും പുതിയ സാഹചര്യത്തില്‍ വീണ്ടും ഉറക്കെ പറയുകയാണ്..നമ്മുടെ രാജ്യ സുരക്ഷക്കായി, ഭീകര വാദത്തിന്റെ അവസാനത്തെ ആണി ക്കല്ലും പിഴുതെറിയണം. സര്‍വതും മറന്നു രാജ്യം ഒറ്റക്കെട്ടായി ഭരണ കൂടത്തോടൊപ്പം ഉണ്ടാവും..അയല്‍ രാജ്യത്തിനെതിരെ യുദ്ധം കൊടുമ്പിരി കൊണ്ടൊരു കാലത്ത് ചെയ്യാന്‍, അവര്‍ക്കെതിരെ പോരാടാന്‍, തന്റെ മകനെ സൈന്യത്തില്‍ എടുക്കണമെന്ന് നെഹ്റുവിന് കത്തെഴുതിയ മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നാടാണ് ഇന്ത്യ. ഇനിയും പഠിക്കാത്ത ഭീകര വാദികള്‍ക്ക്, അവരെ പിന്തുണക്കുന്നവര്‍ക്ക്, ഇന്ത്യ മറുപടി നല്‍കണം. സര്‍വ ഇന്ത്യക്കാരും ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പം നില്കും..പക്ഷെ അത് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാനുള്ള വിഷയമാവരുത്.. വിദ്വേഷ പ്രചരണത്തിനുള്ള അവസരമാക്കരുത്..അതോര്‍ക്കുക.
സമാധാനം നിലനില്ക്കട്ടെ..
ഭീകരവാദം തുലയട്ടെ..